കൊല്ലം 15 ആയിട്ടും ഒറ്റ ആദ്യ മത്സരമില്ല; 17 വര്‍ഷം കഴിഞ്ഞിട്ടും അത് ലഭിക്കാത്ത മറ്റൊരു ടീമും!!
IPL
കൊല്ലം 15 ആയിട്ടും ഒറ്റ ആദ്യ മത്സരമില്ല; 17 വര്‍ഷം കഴിഞ്ഞിട്ടും അത് ലഭിക്കാത്ത മറ്റൊരു ടീമും!!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 23rd February 2024, 8:36 pm

കഴിഞ്ഞ ദിവസം ടൂര്‍ണമെന്റിന്റെ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചതോടെ ഐ.പി.എല്‍ 2024ന്റെ ആവേശങ്ങള്‍ക്കാണ് അരങ്ങൊരുങ്ങിയിരിക്കുന്നത്. 2024 മാര്‍ച്ച് 22നാണ് ഉദ്ഘാടന മത്സരം.

ആദ്യ മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയാണ് നേരിടുന്നത്. സൂപ്പര്‍ കിങ്‌സിന്റെ സ്വന്തം തട്ടകമായ ചെപ്പോക്കാണ് ഉദ്ഘാടന മത്സരത്തിന് വേദിയാകുന്നത്.

2024ലെ ആദ്യ മത്സരത്തിലും കളത്തിലിറങ്ങുന്നതോടെ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം ഉദ്ഘാടന മത്സരങ്ങള്‍ കളിക്കുന്ന ടീം എന്ന നേട്ടവും ചെന്നൈ സ്വന്തമാക്കിയിരിക്കുകയാണ്. ഇത് ഒമ്പതാം തവണയാണ് ചെന്നൈ ആദ്യ മത്സരത്തിനായി കളത്തിലിറങ്ങുന്നത്.

മുംബൈ ഇന്ത്യന്‍സ് എട്ട് തവണയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഏഴ് തവണയും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നാല് തവണയും ഐ.പി.എല്‍ സീസണുകളുടെ ഉദ്ഘാടന മത്സരം കളിച്ചിട്ടുണ്ട്.

നാല് സീസണുകള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് – മുംബൈ ഇന്ത്യന്‍സ് മത്സരത്തോടെ തുടങ്ങിയപ്പോള്‍ രണ്ട് തവണ മുംബൈ – കൊല്‍ക്കത്ത പോരാട്ടത്തിനും ഉദ്ഘാടന മത്സരങ്ങള്‍ സാക്ഷിയായി. ഈ വര്‍ഷത്തേതടക്കം രണ്ട് തവണ ആര്‍.സി.ബിയും സി.എസ്.കെയും ഓപ്പണിങ് മാച്ചുകളില്‍ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്.

എന്നാല്‍ ഐ.പി.എല്ലിന്റെ 17 സീസണുകളില്‍ ഒരിക്കല്‍പ്പോലും ഓപ്പണിങ് മാച്ചുകള്‍ കളിക്കാന്‍ സാധിക്കാതെ പോയ ടീമുകളുമുണ്ട്. പഞ്ചാബ് കിങ്‌സാണ് ആദ്യ സീസണ്‍ മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമായിട്ടും ഒറ്റ തവണ പോലും ആദ്യ മത്സരം കളിക്കാന്‍ സാധിക്കാതെ പോയ ടീം.

കിങ്‌സ് ഇലവന്‍ പഞ്ചാബില്‍ നിന്നും പഞ്ചാബ് കിങ്‌സിലെത്തിയപ്പോഴും 15ലധികം ക്യാപ്റ്റന്‍മാര്‍ ടീമിനെ മാറി മാറി നയിച്ചിട്ടും ഉദ്ഘാടന മത്സരം പഞ്ചാബിനെ സംബന്ധിച്ച് കിട്ടാക്കനിയായിരിക്കുകയാണ്.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഒരിക്കല്‍പ്പോലും ഉദ്ഘാടന മത്സരം കളിക്കാത്തതും കിരീടം നേടാത്തതുമായ ഏക ടീമും പഞ്ചാബ് തന്നെയാണ്. ദല്‍ഹി ക്യാപ്പിറ്റല്‍സും (ദല്‍ഹി ഡെയര്‍ ഡെവിള്‍സ്), റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും കിരീടം നേടിയിട്ടില്ലെങ്കിലും ഓപ്പണിങ് മാച്ചുകളുടെ ഭാഗമാകാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്.

ഉദ്ഘാടന സീസണില്‍ കപ്പുയര്‍ത്തിയ രാജസ്ഥാന്‍ റോയല്‍സും ഇക്കാര്യത്തില്‍ തുല്യദുഃഖിതരമാണ്. വിലക്ക് നേരിടേണ്ടി വന്ന രണ്ട് വര്‍ഷം മാറ്റി നിര്‍ത്തിയാല്‍ 15 വര്‍ഷവും രാജസ്ഥാന്‍ റോയല്‍സിന് ആദ്യ മത്സരത്തിന്റെ ഭാഗമാകാന്‍ സാധിച്ചിട്ടില്ല.

 

2022ല്‍ ടൂര്‍ണമെന്റിന്റെ ഭാഗമായ ലഖ്‌നൗ സൂപ്പര്‍ കിങ്‌സിനും ഓപ്പണിങ് മാച്ചിന്റെ ഭാഗമാകാന്‍ സാധിച്ചിട്ടില്ല. ലഖ്‌നൗവിനൊപ്പം ടൂര്‍ണമെന്റിന്റെ ഭാഗമായ ഗുജറാത്ത് ടൈറ്റന്‍സ് കന്നി സീസണില്‍ കപ്പുയര്‍ത്തിയതോടെ 2023ല്‍ ചാമ്പ്യന്‍മാരെന്ന പേരും പെരുമയുമായി ആദ്യ മത്സരം കളിച്ചിരുന്നു.

 

ഐ.പി.എല്ലിലെ ഓരോ സീസണിലെയും ഓപ്പണിങ് മാച്ചുകള്‍

1. RCB vs KKR – IPL 2008
2. MI vs CSK – IPL 2009
3. KKR vs DC _ IPL 2010
4. CSK vs KKR – IPL 2011
5. MI vs CSK – IPL 2012
6. KKR vs DD – IPL 2013
7. MI vs KKR – IPL 2014
8. MI vs KKR – IPL 2015
9. RPSG vs MI _ IPL 2016
10. SRH vs RCB – IPL 2017
11. MI vs CSK – IPL 2018
12. CSK vs RCB – IPL 2019
13. CSK vs MI – IPL 2020
14. MI vs RCB – IPL 2021
15. CSK vs KKR – IPL 2022
16. GT vs CSK – IPL 2023
17. CSK vs RCB – IPL 2024

 

Content Highlight: Punjab Kings, Rajasthan Royals and Lucknow Super Giants never played a opening match in IPL