ഛണ്ഡിഗഡ്: സംസ്ഥാനത്തെ ബജറ്റ് സമ്മേളനം നീട്ടിവെച്ച സംഭവത്തില്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍. മന്‍ അയച്ച ഭരണഘടനാ വിരുദ്ധവും വിദ്വേഷവും നിറഞ്ഞതുമായ കത്തുകളിലും ട്വീറ്റുകളിലും നിയമോപദേശം ലഭിച്ച ശേഷം മാത്രമേ ബജറ്റ് സമ്മേളനം അനുവദിക്കുകയുള്ളൂ എന്നായിരുന്നു ഗവര്‍ണറുടെ വാദം. ഇതിനെതിരെയാണ് മന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ബജറ്റ് സമ്മേളനം നടത്താന്‍ സുപ്രീം കോടതിയില്‍ പോകേണ്ട അവസ്ഥയാണെന്നും ജനാധിപത്യത്തിനായുള്ള തിരച്ചില്‍ തുടരുകയാണെന്നും മന്‍ ട്വിറ്ററില്‍ കുറിച്ചു.
മാര്‍ച്ച് മൂന്നിനായിരുന്നു ബജറ്റ് സമ്മേളനം നടത്താന്‍ തീരുമാനിച്ചിരുന്നത്. പരിശീലനത്തിനായി സിംഗപ്പൂരിലേക്ക് അയക്കേണ്ട അധ്യാപകരെ തിരഞ്ഞെടുക്കുന്നതില്‍ സുതാര്യതയില്ലായ്മ ഉള്‍പ്പെടെ, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സര്‍ക്കാര്‍ എടുത്ത വിവിധ തീരുമാനങ്ങളെ ചോദ്യം ചെയ്തുകൊണ്ട് ഗവര്‍ണര്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.
പഞ്ചാബ് ഇന്‍ഫോടെക്കിന്റെ ചെയര്‍പേഴ്സണ്‍ നിയമനവുമായി ബന്ധപ്പെട്ടും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
സര്‍ക്കാരിന്റെ വിവിധ തീരുമാനങ്ങളില്‍ വിശദീകരണം ചോദിച്ച ഗവര്‍ണറോട്, കേന്ദ്രം നിയമിച്ച ഗവര്‍ണര്‍ക്കല്ല ജനങ്ങള്‍ക്കാണ് മറുപടി നല്‍കേണ്ടത് എന്നായിരുന്നു മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ പരാമര്‍ശം. ഇതാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്.