ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്ന ദിലീപിന്റെ പരാതി 'നുണ'യാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായതായി റിപ്പോര്‍ട്ട്
Daily News
ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്ന ദിലീപിന്റെ പരാതി 'നുണ'യാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th June 2017, 3:43 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണു ഫോണില്‍ വിളിച്ച് ബ്ലാക്ക് മെയില്‍ ചെയ്‌തെന്ന ദിലീപിന്റെ പരാതി നുണയാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായതായി റിപ്പോര്‍ട്ട്. ഫെബ്രുവരിയിലാണ് ദിലീപും സംവിധായകന്‍ നാദിര്‍ഷയും ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.

വിഷ്ണു നാദിര്‍ഷയെ വിളിച്ച് മൂന്നുകോടി രൂപ ആവശ്യപ്പെട്ടെന്നും തന്നില്ലെങ്കില്‍ ദിലീപിനെ നടി ആക്രമിക്കപ്പെട്ട കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു ദിലീപ് നല്‍കിയ പരാതി. പരാതിക്ക് തെളിവായി ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡും നല്‍കിയിരുന്നു.

പരാതി പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആലുവയില്‍ നിന്നെടുത്ത ഒരു എയര്‍ടെല്‍ നമ്പറില്‍ നിന്നാണ് കോള്‍ വന്നതെന്നു കണ്ടെത്തി. നമ്പര്‍ ആക്ടീവായ ദിവസം തന്നെയാണ് വിളിച്ചത്.


Must Read: അഴിമതി, പെയ്ഡ് ന്യൂസ്: മധ്യപ്രദേശിലെ ബി.ജെ.പി മന്ത്രിയെ തെരഞ്ഞെടുപ്പു കമ്മീഷന്‍ അയോഗ്യനാക്കി


നാദിര്‍ഷയേയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും മാത്രമാണ് ആ നമ്പറില്‍ നിന്നും വിളിച്ചതെന്നും കണ്ടെത്തിയിരുന്നു. ദിലീപ് ആ സമയത്ത് അമേരിക്കന്‍ ടൂറിലായിരുന്നു.

മാനേജര്‍ അപ്പുണ്ണിയെ വിളിച്ചുവെങ്കിലും അദ്ദേഹം കൂടുതല്‍ സംസാരിക്കാന്‍ തയ്യാറായില്ല. നാദിര്‍ഷയെ വിളിച്ചപ്പോള്‍ അദ്ദേഹം സംസാരിക്കുകയായിരുന്നെന്നും കണ്ടെത്തി.

തുടര്‍ന്ന് നമ്പറിന്റെ ഉടമയെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ വ്യക്തമായത് വ്യാജ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചെടുത്ത സിം കാര്‍ഡാണ് വിളിക്കാന്‍ ഉപയോഗിച്ചതെന്നാണ്. ഐ.എം.ഇ.ഐ നമ്പര്‍ കണ്ടെത്താനുള്ള ശ്രമവും പരാജയപ്പെട്ടു. ഇതോടെ ജി.പി.എസ് ഉപയോഗിച്ച് കോള്‍ ചെയ്ത സ്ഥലം കണ്ടത്താന്‍ പൊലീസ് ശ്രമിച്ചു. ഇതോടെ ദിലീപിന്റെ ആലുവയുടെ വീട്ടില്‍ നിന്ന് 100 മീറ്റര്‍ അടുത്തുനിന്നാണ് കോള്‍ വന്നതെന്ന് കണ്ടെത്തി.

ഇതോടെ കൂടുതല്‍ അന്വേഷണത്തിന് നാദിര്‍ഷയുമായി പലവട്ടം ബന്ധപ്പെട്ടെങ്കിലും ഹാജരാകാന്‍ തയ്യാറായിട്ടില്ലെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

ഇന്നുരാവിലെയാണ് ദിലീപിനെയും നാദിര്‍ഷയെയും സുനിയുടെ സഹതടവുകാരന്‍ വിളിച്ചു ബ്ലാക്ക്‌മെയില്‍ ചെയ്തതായി ദിലീപ് പരാതി നല്‍കിയെന്ന വാര്‍ത്ത പുറത്തുവന്നത്. ദിലീപും നാദിര്‍ഷയും ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ദിലീപിനെ കുടുക്കാന്‍ തനിക്ക് രണ്ടരക്കോടി രൂപവരെ വാഗ്ദാനം ചെയ്‌തെന്നാണ് ഇയാള്‍ ഫോണിലൂടെ അറിയിച്ചതെന്നും തനിക്കുപിന്നില്‍ പ്രമുഖ താരങ്ങളുണ്ടെന്നും ഇയാള്‍ പറഞ്ഞെന്ന് നാദിര്‍ഷ പറഞ്ഞിരുന്നു.