'ചേട്ടനെ ഇതുവരെ ഞാന്‍ കൈവിട്ടിട്ടില്ല; ഇനിയെല്ലാം ആലോചിച്ചു ചെയ്യുക'പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് പുറത്ത്
Daily News
'ചേട്ടനെ ഇതുവരെ ഞാന്‍ കൈവിട്ടിട്ടില്ല; ഇനിയെല്ലാം ആലോചിച്ചു ചെയ്യുക'പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th June 2017, 2:56 pm

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന് അയച്ചതെന്നു പറയപ്പെടുന്ന കത്ത് പുറത്ത്. ഏപ്രില്‍ 12ന് എഴുതി സഹതടവുകാരനായ വിഷ്ണുവിന്റെ പക്കല്‍ കൊടുത്തുവിട്ട കത്താണ് പുറത്തുവന്നത്. ജയില്‍ സൂപ്രണ്ടിന്റെ സീലോടുകൂടിയ പേപ്പറിലാണ് കത്ത് എഴുതിയിരിക്കുന്നത്.

തന്നെയും ഒപ്പമുള്ള അഞ്ചുപേരെയും രക്ഷിക്കണമെന്നാണ് കത്തില്‍ സുനി ആവശ്യപ്പെടുന്നത്. തനിക്ക് വാഗ്ദാനം ചെയ്ത പണം അഞ്ചുമാസത്തിനുള്ളില്‍ നല്‍കണമെന്നും സുനി കത്തില്‍ ആവശ്യപ്പെടുന്നു.

കേസില്‍ കോടതിയില്‍ കീഴടങ്ങുന്നതിനു മുമ്പ് കാക്കനാടുള്ള ദിലീപിന്റെ കടയില്‍ ചെന്നിരുന്നെന്നും അപ്പോള്‍ എല്ലാവരും ആലുവയിലാണെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും സുനി കത്തില്‍ പറയുന്നു.

കത്തിന്റെ പൂര്‍ണരൂപം:

ദിലീപേട്ടാ ഞാന്‍ സുനിയാണ്,

ജയിലില്‍ നിന്നാണ് ഇത് എഴുതുന്നത്. വളരെ ബുദ്ധിമുട്ടിയാണ് ഞാന്‍ ഈ കത്ത് കൊടുത്തുവിടുന്നത്. ഈ കത്തു കൊണ്ടുവന്നവന് കേസിനെപ്പറ്റി കാര്യങ്ങള്‍ ഒന്നും അറിയില്ല. എനിയ്ക്കുവേണ്ടി അവന്‍ ബുദ്ധിമുട്ടുന്നു എന്നു മാത്രമേയുള്ളൂ.

….. കേസില്‍ ഞാന്‍ കോടതിയില്‍ സറണ്ടര്‍ ആകുന്നതിനു മുമ്പ് കാക്കനാട് ഷോപ്പില്‍ വന്നിരുന്നു. അവിടെ അന്വേഷിച്ചപ്പോള്‍ എല്ലാവരും ആലുവയില്‍ ആണെന്നു പറഞ്ഞു. ഞാന്‍ ഇപ്പോള്‍ ഇത് എഴുതാന്‍ കാരണം ഈ കേസില്‍ പെട്ടതോടുകൂടി എന്റെ ജീവിതം തന്നെ അവസാനിപ്പിച്ചതുപോലെയാണ്. എനിയ്ക്ക് എന്റെ കാര്യം നോക്കേണ്ട കാര്യം ഇല്ല. എന്നെ വിശ്വസിച്ച് ഈ കൂട്ടത്തില്‍ നിന്ന അഞ്ചുപേരെ എനിക്ക് സേഫ് ആക്കിയേപറ്റൂ.

പലരും നിര്‍ബന്ധിക്കുന്നുണ്ട്. നീ എന്തിനാ ബലിയാടാവുന്നത് എന്ന്, നീ നിന്നെ ഏല്‍പ്പിച്ച ആളുടെ പേരു പറയുകയാണെങ്കില്‍…. പോലും എന്നോട് മാപ്പു പറയുമായിരുന്നു. ….യുടെ ആളുകളും ചേട്ടന്റെ ശത്രുക്കളും എന്നവന്നു കാണുന്നുണ്ട്. ചേട്ടന് എന്റെ കാര്യം അറിയാന്‍ ഒരു വക്കീലിനെ എങ്കിലും എന്റെ അടുത്തേയ്ക്ക് വിടാമായിരുന്നു. അതുണ്ടായില്ല. ഞാന്‍ നാദിര്‍ഷായെ വിളിച്ചു കാര്യങ്ങള്‍ സൂചിപ്പിച്ചിരുന്നു. അവിടുന്നും എനിയ്ക്ക് മറുപടി ഒന്നും വന്നില്ല. ഫോണ്‍ വിളിക്കാത്തതിനു കാരണം എന്താണെന്ന് അറിയാമല്ലോ. ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് മാത്രം പറഞ്ഞാല്‍ മതി.


Also Read: കള്ളനോട്ട് കേസില്‍ പിടിക്കപ്പെടുന്ന ആദ്യ ബി.ജെ.പിക്കാരന്‍ രാകേഷ് അല്ല: ഈ ബി.ജെ.പി നേതാക്കളും കള്ളനോട്ട് നല്‍കിയതിന് പിടിക്കപ്പെട്ടിട്ടുണ്ട്: പേരുവിവരങ്ങള്‍ വെളിപ്പെടുത്തി മുഹമ്മദ് റിയാസ്


എന്നെ ശത്രുവായിട്ട് കാണുന്നോ മിത്രമായിട്ടു കാണുന്നോ എനിക്ക് എനിയ്ക്ക് അറിയേണ്ട കാര്യമില്ല. എനിയ്ക്കിപ്പോള്‍ പൈസയാണ് ആവശ്യം. ചേട്ടന് എന്റെ അടുത്തേയ്ക്ക് ഒരു ആളെ വിടാന്‍ ബുദ്ധിമുട്ടൊന്നും ഇല്ല. ഈ കത്ത് കിട്ടിക്കഴിഞ്ഞ് മൂന്നു ദിവസം ഞാന്‍ നോക്കും. ചേട്ടന്റെ തീരുമാനം അതിനു മുമ്പ് എനിയ്ക്ക് അറിയണം. സൗണ്ട് തോമ മുതല്‍ ജോസേട്ടന്‍സ് പൂരംവരെയുള്ള കാര്യങ്ങള്‍ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല.

ഈ കത്ത് എഴുതാനുള്ള സാഹചര്യം എന്താണെന്ന് മനസിലാക്കുമല്ലോ? നാദിര്‍ഷായെ ഞാന്‍ വിശ്വസിയ്ക്കണോ വേണ്ടയോ എന്ന് ഈ കത്ത് വായിച്ചശേഷം ദിലീപേട്ടന്‍ പറയുക.

ഞാന്‍ ഒരാഴ്ച കഴിഞ്ഞാല്‍ നിലവിലെ വക്കീലിനെ മാറ്റും. ചേട്ടന്‍ ആലോചിച്ച് തീരുമാനം എടുക്കുക. എനിയ്ക്ക് ചേട്ടന്‍ തരാമെന്നു പറഞ്ഞ പൈസ ഫുള്‍ ആയിട്ട് ഇപ്പോള്‍ വേണ്ട. അഞ്ചുമാസം കൊണ്ട് തന്നാല്‍ മതി. ഞാന്‍ നേരിട്ട് നാദിര്‍ഷായെ വിളിയ്ക്കും. അപ്പോള്‍ എനിയ്ക്ക് തീരുമാനം അറിയണം.

നാദിര്‍ഷായെ വിളിയ്ക്കുന്നത് ചേട്ടന് ഇഷ്ടമല്ലെങ്കില്‍ എന്റെ അടുത്തേയ്ക്ക് ആളെ വിടുക. അല്ലെങ്കില്‍ എന്റെ ജയിലിലെ നമ്പറിലേയ്ക്ക് ഒരു മുന്നൂറു രൂപപമണി ഓര്‍ഡര്‍ അയയ്ക്കുക. മണി ഓര്‍ഡര്‍ കിട്ടിയാല്‍ ഞാന്‍ വിശ്വസിച്ചോളാം ചേട്ടന്‍ എന്നെ ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ലെന്ന്.

എന്റെ ആര്‍.പി നമ്പര്‍ 8813, സൂപ്രണ്ട് ജില്ലാ ജയില്‍, ഏറണാകുളം csez- പി.ഒ, സുനില്‍ ഈ അഡ്രസില്‍ അയച്ചാല്‍ മതി.

ഇനി ഞാന്‍ കത്തു നീട്ടുന്നില്ല. ഏതെങ്കിലും വഴി എന്നെ സമീപിയ്ക്കുക. ഒരുപാട് കാര്യങ്ങള്‍ നേരിട്ടു പറയണം എന്നുണ്ട്. എനി എപ്പോള്‍ അത് പറയാന്‍ പറ്റും എന്ന് അറിയില്ല. എനിയ്ക്ക് ഇനീം സമയം കളയാന്‍ ഇല്ല. ചേട്ടനെ ഇതുവരെ ഞാന്‍ കെവിട്ടിട്ടും ഇല്ല. ഇനി എല്ലാം ചേട്ടന്‍ ആലോചിച്ച് ചെയ്യുക. ചേട്ടന്‍ തീരുമാനം എന്തായാലും എന്നെ നേരിട്ട് അറിയിക്കാന്‍ നോക്കണം. ഞാന്‍ ജയിലില്‍ ആണെന്നുള്ള കാര്യം ഓര്‍മ്മവേണം.


Don”t Miss: ‘ഇന്ത്യയുടെ വികസനം തടഞ്ഞ നേതാവായാണ് മോദി അറിയപ്പെടുക’; സ്വയം വീരപുരുഷനായി ആത്മരതിയടയുന്നയാളാണ് മോദിയെന്നും എക്കണോമിസ്റ്റ് മാഗസിന്‍


മറ്റാരെങ്കിലും എന്റെ കാര്യം പറഞ്ഞുവന്നാല്‍ അതൊന്നും വിശ്വസിയ്‌ക്കേണ്ട. എനിയ്ക്ക് അനുകൂലമായുള്ള കാര്യങ്ങള്‍ ആണ് കത്തുവായിച്ചിട്ട് പറയാനുള്ള ഉള്ളതെങ്കില്‍ ഈ കത്തുകൊണ്ടുവന്ന വിഷ്ണുവിന്റെ അടുത്ത് പറയുക.

ഈ കത്ത് വായിക്കുന്നവരെ ഞാന്‍ ചേട്ടനെ സേഫ് ആക്കിയിട്ടേ ഉള്ളൂ. എനിയ്ക്ക് ഇപ്പോള്‍ പൈസ അത്യാവശ്യമായതുകൊണ്ട് മാത്രമാണ് ഞആന്‍ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്. കാണാന്‍ ഒരുപാട് ശ്രമിച്ചതാണ്. നടക്കാത്തതുകൊണ്ടാണ് കാക്കനാട് ഷോപ്പില്‍ പോയത്. കത്ത് വായിച്ചതിനുശേഷം തീരുമാനം എന്തായാലും എന്നെ അറിയിക്കുക. എനിയ്ക്ക് ചേട്ടന്‍ അനുകൂലമാണെങ്കില്‍ കത്തുമായി വരുന്ന ആളോട് പറയുക. ബാക്കി കാര്യങ്ങള്‍ ഞാന്‍ അടുത്ത കത്തില്‍ അറിയിക്കാം.

എന്ന് ഇതുവരെ വിശ്വസ്തതയോടെ.