ഒന്നരക്കോടിയുടെ വീട് തട്ടിയെടുക്കാന്‍ കൊലപാതകം; പ്രണയം നടിച്ച് യുവാവിനെ കൊന്ന് ബാരലില്‍ തള്ളി കോണ്‍ക്രീറ്റ് ചെയ്തു
Crime
ഒന്നരക്കോടിയുടെ വീട് തട്ടിയെടുക്കാന്‍ കൊലപാതകം; പ്രണയം നടിച്ച് യുവാവിനെ കൊന്ന് ബാരലില്‍ തള്ളി കോണ്‍ക്രീറ്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th March 2021, 9:32 am

ചെന്നൈ: ഒന്നരക്കോടി വിലവരുന്ന വീട് സ്വന്തമാക്കാനായി ഹ്യൂണ്ടായി ജീവനക്കാരനെ കൊലപ്പെടുത്തി മൃതദേഹം ബാരലില്‍ ഇട്ട് കോണ്‍ക്രീറ്റ് ചെയ്ത കേസില്‍ പ്രതികള്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്താണ് സംഭവം. കേസില്‍ കൊല്ലപ്പെട്ടയാളുടെ അനന്തരവന്റെ ഭാര്യ അടക്കം ഏഴ് പേര്‍ അറസ്റ്റിലായി.

നീണ്ട പതിനെട്ട് മാസത്തെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. പുതുക്കോട്ട കൊണ്ടയാര്‍പ്പെട്ടി സ്വദേശിയായ കൊഞ്ചി അടകന്‍ ഹ്യുണ്ടായിലെ ശ്രീപെരുമ്പത്തൂര്‍ പ്ലാന്റിലെ ജോലിക്കാരനായിരുന്നു. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം കാഞ്ചീപുരത്തായിരുന്നു താമസം.

2019 ഓഗസ്റ്റില്‍ ജോലിക്കുപോയ കൊഞ്ചി അടകന്‍ പിന്നീട് തിരികെ വന്നില്ല. ഭാര്യ പഴനിയമ്മ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ അന്വേഷണമുണ്ടായില്ല. തുടര്‍ന്ന് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി.

കുടുംബപ്രശ്‌നം മൂലം കൊഞ്ചി അടകന്‍ നാടുവിട്ടെന്നായിരുന്നു പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. അതിനിടെ അടകന്റെ അക്കൗണ്ടില്‍ നിന്ന് അനന്തരവന്റെ ഭാര്യ ചിത്രയുടെ അക്കൗണ്ടിലേക്കു വന്‍തോതില്‍ പണം കൈമാറ്റം നടത്തിയതായി ഭാര്യയ്ക്ക് വിവരം ലഭിച്ചു.

തുടര്‍ന്ന് ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതേത്തുടര്‍ന്ന് ചിത്രയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.

വിവാഹത്തിനു മുമ്പ് ചിത്രയും കൊഞ്ചി അടകനും പ്രണയത്തിലായിരുന്നു. വിവാഹ ശേഷവും ഈ ബന്ധം തുടര്‍ന്നിരുന്നു. പിന്നീട് ചിത്ര സംസാരിക്കാനുണ്ടെന്നു പറഞ്ഞ് അടകനെ വിളിച്ചുവരുത്തി. വാടക ഗുണ്ടകളെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു ചിത്രയുടെ പദ്ധതിയെന്ന് പൊലീസ് പറയുന്നു.

തുടര്‍ന്ന് കൊഞ്ചി അടകനെ കൊന്ന് ഇരുമ്പു ബാരലില്‍ തള്ളുകയായിരുന്നു. പിന്നീട് കോണ്‍ക്രീറ്റ് കൊണ്ടു ബാരലിന്റെ വായ് ഭാഗം അടച്ചു കാഞ്ചീപുരത്തെ മലപ്പട്ടം എന്ന സ്ഥലത്തെ കൃഷിയിടത്തിലെ കിണറ്റില്‍ തള്ളി.

സംഭവത്തില്‍ ചിത്രയ്ക്കു പുറമെ മകന്‍ രഞ്ജിത്ത്, വാടക ഗുണ്ടകളായ ഏലുമലൈ, വിവേകാനന്ദന്‍, ടര്‍സാന്‍, സതീഷ്, സുബ്രമണി എന്നിവര്‍ അറസ്റ്റിലായി. ബാരലും കൊഞ്ചി അടകന്റെ മൃതദേഹാവശിഷ്ടങ്ങളും പൊലീസ് കണ്ടെടുത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Pudukottai Native  Person Murdered