പാലക്കാട്: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും പി.യു ചിത്രയെ ഒഴിവാക്കിയ നടപടിയില്‍ അങ്ങേയറ്റം ദു:ഖമുള്ളതായി ചിത്രയുടെ മാതാപിതാക്കള്‍.
പാവപ്പെട്ടവരും കൂലിപ്പണിക്കാരുമായതുകൊണ്ടാവാം തങ്ങളുടെ മകളെ തഴഞ്ഞതെന്നും ആര്‍ക്കുവേണ്ടിയാണ് അവളെ ഒഴിവാക്കിയതെന്ന് അറിയില്ലെന്നും ചിത്രയുടെ പിതാവ് ഉണ്ണികൃഷ്ണന്‍ പറയുന്നു.
ടീമില്‍ ഇടമില്ലെന്ന കാര്യം വളരെ വിഷമത്തോടെയാണ് അവള്‍ വിളിച്ചുപറഞ്ഞത്. അവളെ സമാധാനിപ്പിക്കാനല്ലാതെ ഞങ്ങള്‍ക്ക് മറ്റൊന്നിനും കഴിയില്ലല്ലോ. ഒരാളുടെ കഴിവ് മാനദണ്ഡമാക്കിയാണ് അവസരം നഷ്ടപ്പെട്ടതെങ്കില്‍ അങ്ങനെ സമാധാനിക്കാമായിരുന്നു. എന്നാല്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിക്കൊടുത്ത കായികതാരമാണ് അവള്‍. ഞങ്ങള്‍ ഏറെ കഷ്ടപ്പെട്ടാണ് അവളെ വളര്‍ത്തിയത്. അവള്‍ ലോകമീറ്റില്‍ മെഡല്‍ നേടുമെന്ന് സ്വപ്നംകണ്ടതാണ് ഈ നാട്ടുകാര്‍. അതെല്ലാം ഇപ്പോള്‍ നഷ്ടമായി.- നിറകണ്ണുകളോടെ അദ്ദേഹം പറയുന്നു.
ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാമെന്ന് വളരെയധികം പ്രതീക്ഷിച്ചിരുന്നതായും തന്നെ ഒഴിവാക്കിയതിന്റെ കാരണം അറിയില്ലെന്നും ചിത്ര പ്രതികരിച്ചു. അത്‌ലറ്റിക് ഫെഡറേഷന്‍ ചിത്രയെ ഒഴിവാക്കിയത് ശരിയായില്ലെന്ന് പരിശീലകന്‍ എന്‍.എസ്.സിജിന്‍ പറഞ്ഞു.
മലയാളികള്‍ക്ക് ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ കൂടുതല്‍ അവസരം വേണമെന്ന് വാദിക്കുന്നവരില്‍ നിന്ന് ഈ നടപടി ഉണ്ടായതില്‍ വിഷമമുണ്ട്. ഇതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിനാലാണ് പി.യു.ചിത്ര.
മെഡല്‍ സാധ്യത കുറവാണ് എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ചിത്രയെ ടീമില്‍ നിന്നും ഒഴിവാക്കിയത്. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍ ജേതാക്കളെല്ലാം ലോക ചാംമ്പ്യന്‍ഷിപ്പിന് അര്‍ഹതയുള്ളവരാണ്. എന്നാല്‍ 24 അംഗ ടീമില്‍ നിന്ന് ചിത്രയെ ഒഴിവാക്കുകയായിരുന്നു. പരിശീലനത്തിന്റെ അവസാനഘട്ടത്തിലാണ് ചിത്രയെ ഒഴിവാക്കിയതായി അധികൃതര്‍ അറിയിച്ചത്.
പി.യു ചിത്രയെ ഒഴിവാക്കിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒഫീഷ്യലുകള്‍ക്ക് പോകാന്‍ വേണ്ടിയാണ് ചിത്രയെ ഒഴിവാക്കിയതെങ്കില്‍ അത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.