മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് വിജയരാഘവന്‍. വര്‍ഷങ്ങളായി മലയാള സിനിമയില്‍ തുടരുന്ന അദ്ദേഹം നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ഈ കാലത്തിനിടയ്ക്ക് പല തരത്തിലുള്ള വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്തു ഫലിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്
അതില്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന അദ്ദേഹത്തിന്റെ ഒരു കഥാപാത്രമാണ് റാംജിറാവ് സ്പീക്കിങ് എന്ന ചിത്രത്തിലെ റാംജിറാവു. സിദ്ദിഖ് – ലാല്‍ സംവിധാനം ചെയ്ത ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായിരുന്നു അത്.
എന്നാല്‍ ആ കഥാപാത്രത്തിന്റെ ലുക്ക് മറ്റൊന്നായിരുന്നുവെന്ന് പറയുകയാണ് വിജയരാഘവന്‍. പട്ടാളക്കാരുടെ ഫ്‌ളാപ്പൊക്കെ വെച്ചിട്ടുള്ള ഒരു ഷര്‍ട്ടും അതിന് പറ്റിയ പാന്റ്‌സും ഒരു ചെറിയ കണ്ണാടിയുമായിരുന്നു ആദ്യം തീരുമാനിച്ചതെന്നും പിന്നീട് അതില്‍ മാറ്റം വരുത്തുകയായിരുന്നെന്നും നടന്‍ പറഞ്ഞു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.
‘റാംജിറാവ് സ്പീക്കിങ് എന്ന സിനിമയില്‍ എനിക്ക് വേണ്ടി അവര്‍ തയ്പ്പിച്ച ഡ്രസ് മറ്റൊന്നായിരുന്നു. പട്ടാളക്കാരുടെ ഫ്‌ളാപ്പൊക്കെ വെച്ചിട്ടുള്ള ഒരു ഷര്‍ട്ടായിരുന്നു അത്. അതിന് പറ്റിയ പാന്റ്‌സും ഒരു ചെറിയ കണ്ണാടിയുമായിരുന്നു അവര് തീരുമാനിച്ചത്. അവര്‍ റാംജിറാവ് എന്ന കഥാപാത്രത്തെ കണ്‍സീവ് ചെയ്തത് അങ്ങനെയായിരുന്നു.
പക്ഷെ എനിക്ക് അങ്ങനെ ആയിരുന്നില്ല. റാംജീറാവ് എന്ന് കേട്ടപ്പോള്‍ എന്റെ മനസില്‍ വന്നത് മറ്റൊരു തരത്തിലായിരുന്നു. പേര് കേട്ടപ്പോള്‍ തന്നെ അയാള്‍ നമ്മുടെ നാട്ടുക്കാരനല്ലെന്നും, മറ്റെവിടെയോ നിന്ന് വന്ന ആളാണെന്നും എനിക്ക് മനസിലായി.
എന്റെ മനസില്‍ നല്ല പൊക്കമുള്ള ആളായിരുന്നു അയാള്‍. പക്ഷെ എനിക്ക് അത്രയും പൊക്കം ഉണ്ടായിരുന്നില്ല. അത് എനിക്കൊരു പ്രശ്‌നമായി തന്നെ തോന്നി. ഷൂ ഇട്ടാല്‍ ചിലപ്പോള്‍ ഒരു ഇഞ്ച് കൂട്ടാന്‍ പറ്റുമായിരിക്കുമെന്ന് കരുതി.
നെറ്റിയിലെ മുടി കുറച്ച് വടിച്ചാല്‍ മുഖത്തിന് നീളം തോന്നും. സൈഡിലെ മുടി കളഞ്ഞാല്‍ മുഖത്തിന് വീതിയും വരും. നീണ്ട മീശ താഴേക്ക് ആക്കിയാല്‍ കുറച്ച് കൂടെ നന്നാകുമെന്ന് തോന്നി. അങ്ങനെ പെട്ടെന്ന് തോന്നിയ കാര്യങ്ങളൊക്കെ ചെയ്തു. രാവിലെ മുതല്‍ കുത്തിയിരുന്ന് കണ്ട് പിടിച്ച കാര്യങ്ങളല്ല അത്. പെട്ടെന്ന് തോന്നിയ ബുദ്ധിയായിരുന്നു,’ വിജയരാഘവന്‍ പറഞ്ഞു.
Content Highlight: Vijayaraghavan Talks About Ramji Rao Speaking Movie Look