World News
യു.എസ് തിരിച്ചയച്ച പൗരന്മാരെ സ്വീകരിച്ചില്ല; മുഴുവന്‍ ദക്ഷിണ സുഡാന്‍ സ്വദേശികളുടേയും വിസ റദ്ദാക്കി യു.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 06, 05:04 am
Sunday, 6th April 2025, 10:34 am

വാഷിങ്ടണ്‍: അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ യു.എസ് നാടുകടത്തിയ പൗരന്മാരെ തിരികെ സ്വീകരിക്കാന്‍ ദക്ഷിണ സുഡാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിന്റെ പേരില്‍ മുഴുവന്‍ ദക്ഷിണ സുഡാന്‍ പൗരന്മാരുടേയും വിസ റദ്ദാക്കി യു.എസ്.

അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ നാടുകടത്തുന്ന പൗരന്മാരെ അതത് രാജ്യങ്ങള്‍ വേഗത്തില്‍ സ്വീകരിക്കണമെന്ന് യു.എസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇത് പാലിക്കാത്ത രാജ്യങ്ങള്‍ വിസ ഉപരോധങ്ങളും താരിഫുകളും നേരിടേണ്ടിവരുമെന്ന് ട്രംപ് ഭരണകൂടം മുന്നറിയിപ്പും നല്‍കിയിരുന്നു. ഇത് ലംഘിക്കപ്പെട്ടതോടെയാണ് പുതിയ നടപടി.

യു.എസ് ഭരണകൂടത്തിന്റെ ഈ നിര്‍ദേശം പാലിക്കുന്നതില്‍ ദക്ഷിണ സുഡാന്‍ പരാജയപ്പെട്ടുവെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. ആയതിനാല്‍ നിലവില്‍ യു.എസ് വിസ കൈവശം വെച്ചിരിക്കുന്ന മുഴുവന്‍ പൗരന്മാരുടേയും വിസ റദ്ദാക്കപ്പെടും. കൂടാതെ ഭാവിയില്‍ യു.എസ് വിസയ്ക്കായി അപേക്ഷിക്കുന്ന ദക്ഷിണ സുഡാന്‍ പൗരന്മാരുടെ അപേക്ഷകളും നിരസിക്കപ്പെടുമെന്നും റൂബിയോ വ്യക്തമാക്കി.

‘ദക്ഷിണ സുഡാന്‍ പാസ്പോര്‍ട്ട് ഉടമകളുടെ കൈവശമുള്ള എല്ലാ വിസകളും റദ്ദാക്കാനും പ്രസ്തുത രാജ്യത്തിന്റെ പാസ്പോര്‍ട്ട് ഉപയോഗിച്ച് അമേരിക്കയിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനായും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്മെന്റ് നടപടികള്‍ സ്വീകരിക്കും. ഇത് ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരും,’ റൂബിയോ പറഞ്ഞു.

ദക്ഷിണ സുഡാന്‍ പൂര്‍ണ സഹകരണത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍ ഈ നടപടികള്‍ പുനഃപരിശോധിക്കാന്‍ യു.എസ് തയ്യാറാകുമെന്നും റൂബിയോ അറിയിച്ചിട്ടുണ്ട്. ദക്ഷിണ സുഡാനിലെ ഗവണ്‍മെന്റ് അമേരിക്കയെ മുതലെടുക്കുന്നത് അവസാനിപ്പിക്കേണ്ട സമയമാണിതെന്നും റൂബിയോ കൂട്ടിച്ചേര്‍ത്തു. അതേസമയം വാഷിങ്ടണിലെ ദക്ഷിണ സുഡാന്‍ എംബസി ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 ദക്ഷിണ സുഡാന്‍ വീണ്ടും ആഭ്യന്തരയുദ്ധത്തിലേക്ക് കടക്കുന്നു എന്ന ആശങ്കകള്‍ക്കിടയിലാണ് അമേരിക്കയുടെ ഈ നടപടി. ഇത്  രാജ്യത്തെ സംഘര്‍ഷത്തില്‍ നിന്ന് രക്ഷനേടി അമേരിക്കയില്‍ അഭയം പ്രാപിച്ച സുഡാനീസ് പൗരന്മാര്‍ക്ക് വലിയ തിരിച്ചടിയാണ്.

ദക്ഷിണ സുഡാനിലെ ആദ്യ വൈസ് പ്രസിഡന്റായ റീക് മച്ചാറിനെ കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയതിനെതുടര്‍ന്നാണ് രാജ്യത്ത് വീണ്ടും പുതിയ ആഭ്യന്തരയുദ്ധത്തിന് വഴി തെളിഞ്ഞത്.

2013-18 യുദ്ധത്തില്‍ വിമത സേനയെ നയിച്ചത് മച്ചാര്‍ ആണ്. ഇദ്ദേഹം പുതിയൊരു കലാപം ഇളക്കിവിടാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് ദക്ഷിണ സുഡാന്‍ പ്രസിഡന്റ് സാല്‍വ കിറിന്റെ സര്‍ക്കാര്‍ മച്ചാറിനെ വീട്ടുതടങ്കലിലാക്കിയത്.

ആഭ്യന്തരയുദ്ധം ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ക്കായി ആഫ്രിക്കന്‍ യൂണിയന്‍ അംഗങ്ങള്‍ ദക്ഷിണ സുഡാനിലെ തലസ്ഥാനമായ ജൂബയില്‍ എത്തിയിട്ടുണ്ട്.

Content Highlight: US did not accept deported citizens; US cancels visas of all South Sudanese nationals