മോസ്‌കൊ: ഉക്രൈന്‍ ആക്രമണത്തില്‍ പരിക്കേറ്റ റഷ്യന്‍ പട്ടാളത്തിലെ മലയാളി സൈനികന്‍ മോസ്‌കോയില്‍ തിരിച്ചെത്തി. തൃശൂര്‍ കുറാഞ്ചേരി സ്വദേശിയായ ജെയിന്‍ ആണ് മോസ്‌കോയിലെത്തിയത്.
ഇന്നലെ (ഞായറാഴ്ച) പുലര്‍ച്ചയോടെ മോസ്‌കോയില്‍ തിരിച്ചെത്തിയ വിവരം ജെയിന്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഉക്രൈനിന്റെ ഷെല്ലാക്രമണത്തില്‍ ജെയിനിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
പിന്നാലെ ഉക്രൈനില്‍ തന്നെയുള്ള ഒരു ആശുപത്രിയില്‍ ജെയിന്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടത് കണക്കിലെടുത്ത് ജെയിനിനെ മോസ്‌കോയിൽ എത്തിക്കുകയായിരുന്നു.
അപകടം നടന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജെയിന് ഓര്‍മയില്ലെന്നാണ് വിവരം. അതേസമയം ഉക്രൈന്റെ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടനെല്ലൂര്‍ സ്വദേശി ബിനിലിനെ കുറിച്ച് വിവരങ്ങള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല.
ജെയിന്‍ മോസ്‌കോയിലെത്തിയ വിവരം പുറത്തുവന്നതോടെ ബിനിലിന്റെ കുടുംബം ജെയിനുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ആക്രമണത്തില്‍ ഗുരുതമായി പരിക്കേറ്റിട്ടുണ്ടെന്ന് മാത്രമേ അറിയുള്ളുവെന്നും എവിടെയാണെന്ന് അറിയില്ലെന്നുമാണ് പറഞ്ഞത്.
ഇന്ത്യന്‍ എംബസിക്കും നോര്‍ക്കയ്ക്കും റഷ്യന്‍ എംബസിക്കും ബിനിലിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ചാലക്കുടിയിലെ ഏജന്റ് മുഖേന റഷ്യയിലേക്ക് പോയവരാണ് ഇവര്‍.
യുദ്ധത്തിനിടെ മരിച്ച തൃശൂര്‍ തൃക്കുര്‍ സ്വദേശി സന്ദീപ്, കൊടകര സ്വദേശി സന്തോഷ് ഷണ്മുഖന്‍, ബിനില്‍, ജെയിന്‍, എറണാകുളം സ്വദേശി റെനില്‍ തോമസ്, കൊല്ലം സ്വദേശി സിബി തോമസ് എന്നിവരാണ് റഷ്യന്‍ കൂലി പട്ടാളത്തില്‍ ചേരാന്‍ നാടുവിട്ടത്.
നേരത്തെ റഷ്യയില്‍ നിന്ന് തിരിച്ച് നാട്ടിലെത്താന്‍ യുവാക്കള്‍ സഹായമഭ്യര്‍ത്ഥിച്ചിരുന്നു. യുവാക്കളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന് നിവേദനം നല്‍കിയിരുന്നു.
അനധികൃത റിക്രൂട്ട്‌മെന്റ് വഴി ഇത്തരത്തില്‍ നിരവധി ആളുകള്‍ കേരളത്തില്‍ നിന്ന് ഉള്‍പ്പെടെ റഷ്യയിലെ സൈനിക ക്യാമ്പുകളില്‍ കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
സ്വതന്ത്ര റഷ്യന്‍ വെബ്സൈറ്റായ മീഡിയസോണയുടെ കണക്കനുസരിച്ച്, 2024 ജനുവരി ഒന്നിനും 2024 ഡിസംബര്‍ 17നും ഇടയില്‍ കുറഞ്ഞത് 31,481 റഷ്യന്‍ സൈനികരെങ്കിലും മരിച്ചിട്ടുണ്ട്. 2024 ഡിസംബര്‍ 30 വരെ ഏകദേശം 427,000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ഉക്രൈനിന്റെ കമാന്‍ഡര്‍-ഇന്‍-ചീഫ് കേണല്‍ ജനറല്‍ ഒലെക്‌സാണ്ടര്‍ സിര്‍സ്‌കിയും പറയുന്നു.
Content Highlight: A Malayali in the Russian army who was injured in the Ukraine attack reached Moscow