കൊച്ചി: മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ചതിന്റെ പേരില്‍ ഏറെ പഴികേട്ടിട്ടുണ്ടെന്ന് എം.എല്‍.എ പി.ടി തോമസിന്റെ തുറന്ന് പറച്ചില്‍. റിപ്പോര്‍ട്ടിനെ പിന്തുണച്ചതിനാലാണ് തന്നെ പ്രതീകാത്മക ശവസംസ്‌ക്കാരം നടത്തി ഇടുക്കിയില്‍ നിന്ന് ഇറക്കി വിട്ടത്. മാധവ് ഗാഡ്ഗില്‍ പ്രഭാഷകനായ ചടങ്ങിലായിരുന്നു പി.ടി തോമസിന്റെ വെളിപ്പെടുത്തല്‍.
ഇടുക്കിയില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ഇതിനെപ്പറ്റി സംസാരിക്കവേ, ഇനിയൊരു അക്ഷരം മിണ്ടിയാല്‍ ജീവനോടെ പുറത്തുപോകില്ലെന്ന് വൈദികര്‍ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തി. അവര്‍ സംഘര്‍ഷമുണ്ടാക്കി. പാര്‍ട്ടി പോലും താന്‍ പറഞ്ഞത് ചെവിക്കൊണ്ടില്ല. വി.എം സുധീരന്‍ മാത്രമാണ് തന്നെ സംരക്ഷിച്ചത്.
സുധീരന്റെ ഇടപെടലിലൂടെ മാത്രമാണ് തൃക്കാക്കരയില്‍ മത്സരിക്കാന്‍ സീറ്റ് ലഭിച്ചത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ പ്രാധാന്യം പിണറായിക്കും, ചെന്നിത്തലയ്ക്കും, ഉമ്മന്‍ ചാണ്ടിക്കും എല്ലാം മനസ്സിലാവുന്ന കാലം വരും. എന്തൊക്കെ വിമര്‍നങ്ങള്‍ ഉണ്ടായാലും നിലപാടില്‍ ഉറച്ച് നില്‍ക്കുമെന്നും പി.ടി തോമസ് പറഞ്ഞു.
സമകാലിക പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് മാനവ സംസ്‌കൃതി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു തുറന്ന് പറച്ചില്‍.