Football
എംബാപ്പെക്ക് പകരക്കാരന്‍ റെഡി; സൂപ്പര്‍താരത്തെ സ്വന്തമാക്കാനൊരുങ്ങി പി.എസ്.ജി
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jun 28, 11:29 am
Wednesday, 28th June 2023, 4:59 pm

ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയില്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. 2024 വരെയായിരുന്നു പി.എസ്.ജുമായി താരത്തിന് കരാര്‍ ഉണ്ടായിരുന്നത്. കരാര്‍ അവസാനിച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ തുടരണമെന്ന് എംബാപ്പെയോട് പി.എസ്.ജി ആവശ്യപ്പെട്ടിരുന്നെങ്കിലും എംബാപ്പെ സമ്മതിച്ചില്ലായിരുന്നു.

2024ല്‍ ഫ്രീ ഏജന്റായി തനിക്ക് ക്ലബ്ബ് വിടണമെന്നാണ് എംബാപ്പെ പാരീസിയന്‍സിനോട് പറഞ്ഞത്. എന്നാല്‍ താരം തന്റെ തീരുമാനം അറിയിച്ചതോടെ ഈ സീസണില്‍ ക്ലബ്ബ് വിടാന്‍ പി.എസ്.ജി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ക്ലബ്ബ് വിടാന്‍ എംബാപ്പെ തയ്യാറാണെന്നും എന്നാല്‍ കരാറില്‍ പറഞ്ഞതുപ്രകാരം താരത്തിന് നല്‍കാമെന്നേറ്റ ലോയല്‍റ്റി ബോണസ് മുഴുവന്‍ കിട്ടണമെന്ന് അദ്ദേഹം പി.എസ്.ജിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

താരത്തെ ഈ സീസണില്‍ തന്നെ വില്‍ക്കാന്‍ പി.എസ്.ജി പദ്ധതിയിട്ടതായും റിപ്പോര്‍ട്ടുണ്ട്. 2024ലാണ് ക്ലബ്ബ് വിടുന്നതെങ്കില്‍ ഫ്രീ ഏജന്റായിട്ടായിരിക്കും എംബാപ്പെ പി.എസ്.ജി വിടുക. ലോകത്തിലെ ഏറ്റവും മൂല്യമേറിയ താരം ഫ്രീ ഏജന്റായ ക്ലബ്ബ് വിടുന്നത് വലിയ നഷ്ടമാണ് പി.എസ്.ജിക്ക് ഉണ്ടാക്കുക. അതുകൊണ്ട് കരാര്‍ നിലനില്‍ക്കെ താരത്തെ മറ്റേതെങ്കിലും ക്ലബ്ബിന് വില്‍ക്കാനാണ് പി.എസ്.ജിയുടെ തീരുമാനം.

എംബാപ്പെയ്ക്ക് ഒത്ത പകരക്കാരനെ പി.എസ്.ജി കണ്ടെത്തിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇംഗ്ലണ്ട്‌ സൂപ്പര്‍താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡിനെ പി.എസ്.ജി സ്വന്തമാക്കാന്‍ പദ്ധതിയിട്ടതായി ഫ്രഞ്ച് മാധ്യമമായ ലെ എക്വിപയാണ് റിപ്പോര്‍ട്ട് ചെയ്തത്. 2024 വരെയാണ് റാഷ്‌ഫോര്‍ഡിന് യുണൈറ്റഡുമായി കരാര്‍ ഉള്ളത്.

2016ല്‍ യുണൈറ്റഡിലെത്തിയ റാഷ്‌ഫോര്‍ഡ് കഴിഞ്ഞ സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. കരാര്‍ അവസാനിക്കുന്നതോടെ റാഷ്‌ഫോര്‍ഡ് യുണൈറ്റഡ് വിടാന്‍ ഒരുങ്ങുകയാണെന്ന് വിവരമറിഞ്ഞതോടെയാണ് താരത്തെ സ്വന്തമാക്കാന്‍ പി.എസ്.ജി പദ്ധതിയിട്ടത്.

Content Highlights: PSG wants to sign with Marcus Rashford