ന്യൂദല്‍ഹി: ഗാന്ധി കുടുംബത്തിന് വേണ്ടിയാണ് ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസനിധി ആരംഭിച്ചതെന്ന ബി.ജെ.പി എം.പി അനുരാഗ് ഠാക്കൂറിന്റെ പ്രസ്താവനക്ക് പിന്നാലെ വന്‍ പ്രതിപക്ഷ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് ലോക്‌സഭ സമ്മേളനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. അനുരാഗ് ഠാക്കൂറിനെ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ‘ചോക്കറാ'(പയ്യന്‍) എന്നു വിളിച്ചത് ഭരണപക്ഷത്തിന്റെ പ്രതിഷേധപ്രകടനത്തിനും ഇടയാക്കിയായിരുന്നു. ഇരു പക്ഷങ്ങളും തമ്മില്‍ കടുത്ത വാഗ്വാദങ്ങള്‍ ആരംഭിച്ചതിനെ പിന്നാലെയാണ് സ്പീക്കര്‍ സമ്മേളനം കുറച്ചു സമയത്തേക്ക് നിര്‍ത്തിവെച്ചത്.
പി.എം കെയര്‍ ഫണ്ടിന് സുതാര്യതിയില്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിന് മറുപടിയായി പി.എം കെയര്‍ ഫണ്ടിനെ അനൂകൂലിച്ചുക്കൊണ്ട് അനുരാഗ് ഠാക്കൂര്‍ നടത്തിയ പ്രസ്താവനകളാണ് പ്രതിഷേധത്തിന് തുടക്കം കുറിച്ചത്.
‘ഹൈക്കോടതി മുതല്‍ സുപ്രീംകോടതി വരെയുള്ള എല്ലാ കോടതികളും പി.എം കെയര്‍ ഫണ്ടിനെ അംഗീകരിച്ചു കഴിഞ്ഞു. കൊച്ചുകുട്ടികള്‍ വരെ അവരുടെ കുഞ്ഞുസമ്പാദ്യത്തില്‍ നിന്നും പി.എം കെയര്‍ ഫണ്ടിലേക്ക് സംഭാവന നടത്തി. ഇതുവരെയും രജിസ്‌ട്രേഷന്‍ പോലും നടത്താത്ത ഒരു ഫണ്ടാണ് നെഹ്‌റു രൂപീകരിച്ചത്. ഗാന്ധി കുടുംബത്തിന് ഉപകരിക്കാന്‍ വേണ്ടി മാത്രമാണ് നിങ്ങള്‍(കോണ്‍ഗ്രസ്) ഈ ഫണ്ട് ഉണ്ടാക്കിയത്. സോണിയ ഗാന്ധിയെ അതിന്റെ ചെയര്‍മാനാക്കുകയും ചെയ്തു. ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം അന്വേഷണം നടക്കണം.’ അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് എം.പികളും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധം ആരംഭിച്ചു. ഇതിനിടയില്‍ അനുരാഗ് ഠാക്കുറിനെ കോണ്‍ഗ്രസ് എം.പി അധീര്‍ രഞ്ജന്‍ ചൗധരി പയ്യന്‍ എന്ന് വിളിച്ച് അഭിസംബോധന ചെയ്തത് ബി.ജെ.പി പ്രതിഷേധത്തിനും ഇടയാക്കി.
‘ഏതാണ് ഹിമാചലില്‍ നിന്നുള്ള ഈ പയ്യന്‍? എവിടെ നിന്നാണ് ഇവന്‍ വരുന്നത്. നെഹ്‌റുവിന്റെ പേര് എങ്ങനെയാണ് ഈ ചര്‍ച്ചയില്‍ വന്നത്. ഞങ്ങള്‍ നരേന്ദ്ര മോദിയുടെ പേര് എവിടെയെങ്കിലും പറഞ്ഞോ?’ എന്നായിരുന്നു അധീര്‍ ചൗധരി പറഞ്ഞത്.
ഇരുപക്ഷവും തമ്മില്‍ വാക്കേറ്റവും പ്രതിഷേധവും കടുത്തത്തോടെ സ്പീക്കര്‍ ഇടപെട്ട് സമ്മേളനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് അറിയിച്ചു. സ്പീക്കര്‍ പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും പ്രതിപക്ഷാംഗങ്ങള്‍ ആരോപിച്ചു.
കൊവിഡ് പശ്ചാത്തലത്തില്‍ നരേന്ദ്ര മോദി ആരംഭിച്ച പി.എം കെയര്‍ ഫണ്ട് സുതാര്യമായ നടപടികളല്ല പിന്തുടരുന്നതെന്ന് തുടക്കം മുതല്‍ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
കൊവിഡ് പ്രതിസന്ധി ആരംഭിച്ച ശേഷമുള്ള ആദ്യ ലോക്‌സഭാ സമ്മേളനത്തില്‍ ചോദ്യോത്തരവേള ഒഴിവാക്കിയത് വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ലോകസഭയില്‍ വ്യാഴാഴ്ച പാസാക്കിയ കേന്ദ്രസര്‍ക്കാറിന്റെ മൂന്ന് കാര്‍ഷിക ബില്ലുകള്‍ക്കെതിരെയും വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ബില്ലിനെതിരെ സമരരംഗത്തേക്ക് നേരിട്ട് ഇറങ്ങിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക