ഇസ്രാഈലിലെ പ്രതിഷേധം ജനാധിപത്യം നിലനിലനില്‍ക്കുന്നതിന്റെ തെളിവ്: മുന്‍ സുപ്രീംകോടതി ജസ്റ്റിസ്
World
ഇസ്രാഈലിലെ പ്രതിഷേധം ജനാധിപത്യം നിലനിലനില്‍ക്കുന്നതിന്റെ തെളിവ്: മുന്‍ സുപ്രീംകോടതി ജസ്റ്റിസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th March 2023, 10:38 am

ടെല്‍ അവീവ്: ഇസ്രാഈലിലെ ജുഡീഷ്യറി പരിഷ്‌കരണ ശ്രമങ്ങള്‍ക്കെതിരായ ജനങ്ങളുടെ പ്രതിഷേധം ജനാധിപത്യം നിലനില്‍ക്കുന്നതിന്റെ തെളിവാണെന്നും ഏതൊരു ജനാധിപത്യത്തിന്റെയും നിലനില്‍പിന് ജനങ്ങളുടെ പിന്തുണയും വിശ്വാസവും അത്യാവശ്യമാണെന്നും ഇന്ത്യന്‍  സുപ്രീംകോടതി മുന്‍ ജസ്റ്റിസ് എല്‍. നാഗേശ്വര റാവു.

ജുഡീഷ്യറി പരിഷ്‌കരണങ്ങള്‍ക്കെതിരെ ഇസ്രാഈലില്‍ നടക്കുന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ‘No Other Democracy in the World’ എന്ന പേരില്‍ സംഘടിപ്പിക്കപ്പെട്ട കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജുഡീഷ്യല്‍ സ്വാതന്ത്ര്യങ്ങള്‍ക്ക് മേല്‍ നടക്കുന്ന കടന്നുകയറ്റങ്ങളെക്കുറിച്ചായിരുന്നു കോണ്‍ഫറന്‍സില്‍ ചര്‍ച്ച നടന്നത്. കാനഡയില്‍ നിന്നും അയര്‍ലന്‍ഡില്‍ നിന്നുമുള്ള ജഡ്ജിമാരും, പോളണ്ട്, ഹംഗറി എന്നിവിടങ്ങളില്‍ നിന്നുള്ള അധ്യാപകരും നിയമവിദഗ്ദ്ധരും കോണ്‍ഫറന്‍സില്‍ പങ്കെടുത്തിരുന്നു.

ജഡ്ജി നിയമനങ്ങളില്‍ കൊളീജിയം സംവിധാനത്തെ നിലനിര്‍ത്തിക്കൊണ്ടും ദേശീയ ജുഡീഷ്യല്‍ കമ്മീഷനെ നിരസിച്ചു കൊണ്ടും സുപ്രീംകോടതി, ഇന്ത്യയില്‍ ജുഡീഷ്യല്‍ സ്വാതന്ത്ര്യം എന്ന ആശയത്തെ ഉയര്‍ത്തിപ്പിടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

സ്വതന്ത്രമായ ജുഡീഷ്യറിയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് ഇന്ത്യയെന്നും രാജ്യത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലുകളില്‍ നിന്ന് വേറിട്ട് പ്രവര്‍ത്തിക്കാന്‍ ഇന്ത്യന്‍ ജുഡീഷ്യറിക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഭരണകൂടം കൈക്കൊള്ളുന്ന തീരുമാനങ്ങളെ പുന:പരിശാധിക്കാനുള്ള അധികാരവും ജുഡീഷ്യറിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘ ഇന്ത്യന്‍ ജനാധിപത്യത്തിലെ എക്‌സിക്യൂട്ടീവിന്റെ നടപടികളെ മാത്രമല്ല നിയമനിര്‍മാണ വിഷയങ്ങളിലും, ഭരണഘടന ഭേദഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും പരിശോധന നടത്താന്‍ കോടതികള്‍ക്ക് കഴിയും. മൗലികാവകാശങ്ങളെ റദ്ദ് ചെയ്യാനുള്ള ഭരണകൂട ഇടപെടലുകളെ വിലക്കാന്‍ സുപ്രീംകോടതിക്ക് കഴിഞ്ഞിട്ടുണ്ട്. ഭയമോ പക്ഷപാതിത്വമോ ഇല്ലാതെ സ്വതന്ത്രരായി ന്യായാധിപര്‍ നിലനില്‍ക്കണം. അതിന് ഇന്ത്യയില്‍ സാധിക്കുന്നുണ്ട്. പോളണ്ടും ഹംഗറിയുമായെല്ലാം താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ അല്‍പം സുരക്ഷിതമായ ഒരിടത്താണ്,’ റാവു പറഞ്ഞു.

ഇസ്രാഈലിലെ വിവാദമായ ജുഡീഷ്യറി പരിഷ്‌കരണ നീക്കങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പിന്മാറിയിരുന്നു. ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നായിരുന്നു പിന്‍മാറ്റം. രാജ്യത്തെ ജനങ്ങളുടെ സുരക്ഷയും ഐക്യവും പരിഗണിച്ച് നിയമ പരിഷ്‌കരണ പ്രക്രിയ നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് ഇസ്രാഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് രംഗത്ത് വന്നിരുന്നു.

ജഡ്ജിമാരുടെ നിയമനവും പുറത്താക്കലുമുള്‍പ്പെടെയുള്ള നിര്‍ണായക വിഷയങ്ങളില്‍ സര്‍ക്കാരിന് പൂര്‍ണമായ അധികാരം നല്‍കുന്നതുള്‍പ്പെടെ വിവാദപരമായ പരിഷ്‌കരണങ്ങളാണ് രാജ്യത്ത് നടപ്പാക്കാന്‍ നെതന്യാഹു സര്‍ക്കാര്‍ ശ്രമിച്ചത്.

Content Highlights: Protests in Israel shows democracy in full swing; Former Supreme Court Justice