കൊല്‍ക്കത്ത: ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ ബലാത്സംഗത്തിന് വിധേയമായി കൊല്ലപ്പെട്ട സംഭവത്തില്‍ ബംഗാളില്‍ പ്രതിഷേധം കനക്കുന്നു. ഡോക്ട്ടറുടെ കൊലപാതകത്തിൽ ബംഗാളിലെ ഫുട്‌ബോൾ ആരാധകരും രംഗത്തെത്തി. ഇന്ന് നടക്കാനിരുന്ന മോഹന്‍ ബഗാന്‍-ഈസ്റ്റ് ബംഗാള്‍ ഫുട്‌ബോള്‍ മത്സരം കാണാനെത്തിയ ആരാധകരും പൊലീസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
ബംഗാളിലെ പ്രസിദ്ധമായ സാള്‍ട്ട് ലേക് സ്റ്റേഡിയത്തിന് സമീപമാണ് സംഘര്‍ഷം നടന്നത്. ഡ്യൂറന്റ് കപ്പിലെ ആവേശകരമായ മത്സരങ്ങളിലൊന്നായ മോഹന്‍ ബഗാന്‍-ഈസ്റ്റ് ബംഗാള്‍ മത്സരം പ്രതിഷേധ സാധ്യത പരിഗണിച്ച് കഴിഞ്ഞ ദിവസം മാറ്റിവെച്ചിരുന്നു.
എന്നാല്‍ മത്സരം മാറ്റിവെച്ചെങ്കിലും സ്റ്റേഡിയത്തിലെത്തിയ ആരാധകര്‍ കൊല്ലപ്പെട്ട വനിതാ ഡോക്ടര്‍ക്ക് നീതി വേണമെന്നാവശ്യപ്പെട്ട് സ്റ്റേഡിയത്തിന് സമീപം പ്രതിഷേധിക്കുകയായിരുന്നു. ഇരു ടീമുകളുടെ കൊടികളും പ്ലക്കാര്‍ഡുകളും ബംഗാള്‍ സര്‍ക്കാരിനെതിരായ മുദ്രവാക്യങ്ങളുമായാണ് പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചത്.
ശനിയാഴ്ച വൈകീട്ട് സ്റ്റേഡിയത്തിന് സമീപം മെഴുകുതിരി പ്രതിഷേധം നടന്നതിന്റെ ഭാഗമായി പൊലീസ് ഞായറാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അക്രമണസാധ്യത മുന്നില്‍ക്കണ്ട് പ്രതിഷേധക്കാരെ നേരിടാന്‍ പൊലീസിന്റെയും ആര്‍.പി.എഫിന്റെയും സംഘം സ്റ്റേഡിയത്തിന് സമീപം വിന്യസിച്ചിരുന്നെങ്കിലും ആരാധകരും പൊലീസും തമ്മില്‍ കൈയേറ്റം ഉണ്ടായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ ഇന്ന് സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് , ജെ.ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍വാദം കേള്‍ക്കുക.
ഓഗസ്റ്റ് ഒമ്പതിനാണ് കൊല്‍ക്കത്ത ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജ് പി.ജി വിഭാഗം വിദ്യാര്‍ത്ഥിയായ 31കാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെടുന്നത്. സംഭവത്തില്‍ പ്രതി സഞ്ജയ് റോയിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.