റോം: ഇറ്റലിയിലെ മിലാനിലെ ലോകപ്രശസ്ത ഓപ്പറ ഹൗസിൽ ക്രിസ്മസ് കൺസേർട്ടിനിടയിൽ ഫലസ്തീനി അനുകൂലികളുടെ പ്രതിഷേധ പ്രകടനം.
മിലാനിലെ പ്രശസ്തമായ തിയേട്രോ അല സ്കാലയിൽ ഡിസംബർ 23ന് ഡാനിയേൽ ഹാർഡിങ് അവതരിപ്പിക്കാനിരുന്ന ക്രിസ്മസ് കൺസേർട്ടിന് മുന്നോടിയായി നടത്തിയ റിഹേഴ്സലിനിടയിലാണ് പ്രതിഷേധം നടന്നത്.
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പ്രതിഷേധത്തിന്റെ വീഡിയോയിൽ പ്രതിഷേധക്കാർ മുദ്രാവാക്യം വിളിക്കുന്നതും ഫലസ്തീനി പതാകകൾ ഉയർത്തുന്നതും കാണാം. ഗാലറിയിൽ നിന്ന് താഴേക്ക് വലിച്ചുതൂക്കിയ കൂറ്റൻ ബാനറിൽ ‘ഗസയിലെ ബോംബാക്രമണം അവസാനിപ്പിക്കൂ’ എന്നും എഴുതിയിട്ടുണ്ട്.
നേരത്തെയും തിയേട്രോ അല സ്കാലയിൽ പ്രതിഷേധങ്ങൾ നടന്നിരുന്നു. ഡിസംബർ ഏഴിന് തിയേറ്ററിലെ മുകളിലത്തെ നിലയിൽ നിന്ന് ‘ഫാസിസത്തോട് നോ പറയൂ,’ ‘ഫാസിസ്റ്റ് വിരുദ്ധ ഇറ്റലി നീണാൾ വാഴട്ടെ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി പ്രതിഷേധം നടന്നിരുന്നു.
Protest at La Scala Opera House in Milan during the rehearsal for the annual Christmas concert to demand a ceasefire in Gaza. A “Stop Bombing Gaza” banner was released from the boxes. pic.twitter.com/h2h77TOVc4
സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ചുവന്ന ഷൂ ധരിച്ച് പരിപാടിയിൽ പങ്കെടുക്കുന്ന സ്ത്രീകൾ താക്കോൽ കിലുക്കുന്ന തരത്തിലുള്ള പ്രതിഷേധങ്ങളും ഇവിടെ നടത്താറുണ്ട്.
അതേസമയം ക്രിസ്മസ് ആഘോഷങ്ങൾക്കിടയിൽ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലോകത്തെ പല ഭാഗത്തും വിവിധ തരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു.
നെതർലാൻഡ്സിലെ ആംസ്റ്റർഡാമിലെ മോളിൽ ഇസ്രഈലുമായി ബന്ധമുള്ള ബ്രാൻഡുകളെ ബഹിഷ്കരിക്കുവാൻ ആഹ്വാനം ചെയ്ത് അനൗൺസ്‌മെന്റ് നടത്തുകയും ഇസ്രഈലി ആക്രമണത്തിൽ കൊല്ലപ്പെട്ട ഗസയിലെ കുട്ടികളുടെ പേരുകൾ ആലേഖനം ചെയ്ത ക്രിസ്മസ് കാർഡുകൾ വിതരണം നടത്തുകയും ചെയ്തിരുന്നു.
CONTENT HIGHLIGHT: Protest Breaks Out at Teatro Alla Scala Over Israel-Hamas War