തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ കെ. മുരളീധരന്റെ പരാജയത്തില്‍ കോണ്‍ഗ്രസിനകത്ത് പോര് തുടരുന്നു. തൃശൂര്‍ ഡി.സി.സി ഓഫീസിന് പുറത്ത് പരാജയത്തില്‍ പ്രതിഷേധിച്ച് പോസ്റ്ററുകള്‍ ഒട്ടിക്കുന്നത് തുടരുകയാണ്. ഇത്തവണ കോണ്‍ഗ്രസ് നേതാക്കളായ അനില്‍ അക്കരയ്ക്കും എം.പി. വിന്‍സന്റിനുമെതിരെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
കെ. മുരളീധരന്റെ തോല്‍വിക്ക് പിന്നാലെയാണ് ഡി.സി.സി ഓഫീസിന് പുറത്ത് ഗ്രൂപ്പ് തിരിഞ്ഞ് പോര് ശക്തമായിരിക്കുന്നത്. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരിനും ടി.എന്‍. പ്രതാപനുമെതിരെ വോട്ടെണ്ണലിന്റെ പിറ്റേ ദിവസം പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
കോണ്‍ഗ്രസിന്റെ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ ജില്ലാ നേതൃത്വത്തിൽ മാറ്റം കൊണ്ടുവരണമെന്നാണ് പ്രധാന ആവശ്യം. തൃശൂരിലെ പരാജയത്തിന് പിന്നാലെ നേതൃത്വത്തെ അതൃപ്തി അറിയിച്ച് കെ. മുരളീധരനും രംഗത്തെത്തിയിരുന്നു. പൊതു രംഗത്ത് നിന്ന് താത്കാലികമായി വിട്ട് നില്‍ക്കുകയാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
തൃശൂരില്‍ ബി.ജെ.പിയുടെ പ്രചരണത്തിന് വേണ്ടി പ്രധാനമന്ത്രിയും എല്‍.ഡി.എഫിന്റെ പ്രചരണത്തിന് വേണ്ടി മുഖ്യമന്ത്രിയും എത്തിയപ്പോള്‍ തനിക്ക് വേണ്ടി പ്രചരണത്തിന് ആരും എത്തിയില്ലെന്നും കെ. മുരളീധരന്‍ ആരോപിച്ചു.
ഇതേ ആരോപണങ്ങള്‍ യൂത്ത് കോണ്‍ഗ്രസും ഏറ്റെടുത്തിരുന്നു. സംഘപരിവാറിന് സംസ്ഥാനത്ത് നട തുറന്ന് കൊടുത്തത് ജോസ് വള്ളൂരും ടി.എന്‍. പ്രതാപനുമാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ. മുഹമ്മദ് ഹാഷിം പറഞ്ഞത്.
ദേശീയ നേതൃത്വത്തെ പരാതി അറിയിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. ടി.എന്‍. പ്രതാപന് തൃശൂര്‍ മണ്ഡലത്തിലെ ഒരു വാര്‍ഡില്‍ പോലും സീറ്റ് നല്‍കരുതെന്നും പോസ്റ്ററില്‍ ആവശ്യപ്പെട്ടിരുന്നു.