റാഞ്ചി: സന്താള്‍ പര്‍ഗാനാസ് മേഖലയിലെ അനധികൃത ഭൂമി ഇടപാടുകളെ കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ചമ്പായ് സോറന്‍. സംസ്ഥാനത്ത് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ ഗോത്ര വര്‍ഗക്കാര്‍ പ്രക്ഷോഭം നടത്തുമെന്നും ചമ്പായ് സോറന്‍ പറഞ്ഞു.
‘നുഴഞ്ഞുകയറ്റം ആദിവാസി സമൂഹത്തിന്റെ നിലനില്‍പിന് ഭീഷണിയാണ്. നിലവില്‍ ആദിവാസികളുടെ ഭൂമിയുടെ അവകാശം സംരക്ഷിക്കാനുള്ള നിയമം ലംഘിക്കപ്പെടുന്നു. ഗോത്രമേഖലയിലെ എല്ലാ അനധികൃത ഇടപാടുകളെ കുറിച്ചും അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നു. ആദിവാസികള്‍ ഒന്നിച്ച് നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും,’ ചമ്പായ് സോറന്‍ പറഞ്ഞു.
നേരത്തെ ജാര്‍ഖണ്ഡിലെ ഗോത്രവര്‍ഗക്കാരുടെ റാലിയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. കോളോണിയല്‍ ശക്തികള്‍ക്കെതിരായി ആദിവാസി സമൂഹം പോരാടിയിട്ടുണ്ടെന്നും നിരവധി ചെറുത്തുനില്‍പ്പുകള്‍ നടത്തിയതായും അദ്ദേഹം പറഞ്ഞു. ബാബ തിലക് മാഞ്ചി, വീര്‍ സിദോ കന്‍ഹു തുടങ്ങിയ ചരിത്ര പോരാളികള്‍ക്കും ചമ്പായ് സോറന്‍ ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. ഇവരുടെയെല്ലാം പോരാട്ടതിന്റെ തുടര്‍ച്ചയാണ് നിലവില്‍ സംഭവിക്കുന്നതെന്നും ചമ്പായ് സോറന്‍ പറഞ്ഞിരുന്നു.
അതേസമയം നുഴഞ്ഞുകയറ്റക്കാര്‍ ഭൂമി തട്ടിയെടുക്കുകയും ജനങ്ങള്‍ തിങ്ങിപാര്‍ക്കുകയും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ആരോപിച്ച് നരേന്ദ്ര മോദി ജാര്‍ഖണ്ഡിലെ ജെ.എം.എം സഖ്യത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജെ.എം.എമ്മില്‍ നിന്ന് ബി.ജെ.പിയിലേക്ക് മാറിയ സോറന്റെ പരാമര്‍ശം.
സോറന്റെ പ്രസ്താവനകള്‍ക്ക് പിന്തുണയുമായി സംസ്ഥാനത്തെ മുന്‍ എം.എല്‍.എ ലോബിന്‍ ഹെംബ്രോമും രംഗത്തെത്തിയിരുന്നു. ആദിവാസി ഭൂമിയും സംസ്‌കാരവും സംരക്ഷിക്കുന്നതിന് ശക്തമായ സാമൂഹിക പ്രസ്ഥാനത്തിന്റെ ആവശ്യകത ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
ഭൂമി സ്വേച്ഛാധിപത്യപരമായി വില്‍പന നടത്തുന്നത് ആദിവാസികളുടെ സംസ്‌ക്കാരത്തെയും സമൂഹത്തിന്റെ വംശനാശത്തിനും കാരണമാകുമെന്നും ഹെംബ്രോം പറഞ്ഞു.