‘മീ ടു’ മൂവ്‌മെന്റിനെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയ നടി കെ.പി.എ.സി ലളിതക്കെതിരെ വ്യാപക പ്രതിഷേധമുയരുന്നു. ചെറുപ്പത്തില്‍ ഡാന്‍സ് പഠിക്കാന്‍ ചേര്‍ന്നതിനെയും അതിനോട് സമൂഹം മോശമായി പ്രതികരിക്കുന്നതിനെയും കുറിച്ച് പറഞ്ഞുകൊണ്ടാണ് മീ ടു വെളിപ്പെടുത്തലുകള്‍ നടത്തുന്നവര്‍ക്കെതിരെ കെ.പി.എ.സി ലളിത സംസാരിച്ചത്.
‘അച്ഛന്‍ എന്നെ ഡാന്‍സ് ക്ലാസില്‍ ചേര്‍ത്തപ്പോള്‍ കുടുംബക്കാരും അയല്‍വാസികളും തട്ടിക്കയറി. പെണ്‍കുട്ടികളുണ്ടെങ്കില്‍ സിനിമയില്‍ അഴിഞ്ഞാടാന്‍ വിടുന്നതിനേക്കാള്‍ കടലില്‍ കൊണ്ടുപോയി കെട്ടിതാഴ്ത്ത് എന്നാണ് പറഞ്ഞത്. കലാഹൃദയനായിരുന്ന അച്ഛന്‍ൃ അനുകൂലിച്ചതുകൊണ്ടുമാത്രമാണു ഞാനൊരു കലാകാരിയായത്,’ കെ.പി.എ.സി ലളിത പറയുന്നു.
മലയാള മനോരമയില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പലരും സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനമുന്നയിക്കുന്നത്. സ്ത്രീയായതിന്റെ പേരില്‍ മാത്രം ജീവിതത്തില്‍ അനുഭവിച്ച ദുരനുഭവങ്ങള്‍ പങ്കുവെക്കുമ്പോള്‍ എങ്ങനെയാണ് മീ ടു വെളിപ്പെടുത്തലുകളെ അവഹേളിക്കാന്‍ സാധിക്കുന്നതാണ് പലരും ചോദിക്കുന്നത്.
നിങ്ങളുടെ സാഹചര്യങ്ങളെ, നിങ്ങളുടെ അനുഭവങ്ങളെ ആരാണ് ഇവിടെ റദ്ദ് ചെയ്തത്? അവഹേളിച്ചത്? നിങ്ങള്‍ ഇങ്ങനെ പ്രസ്താവന നടത്തിയത് അപമാനകരമാണ്, എന്നാണ് ഒരു വിമര്‍ശനത്തല്‍ പറയുന്നത്.