Kerala News
എന്‍.ഐ.ടി അധ്യാപികയുടെ സ്ഥാനക്കയറ്റം ആര്‍.എസ്.എസ് അജണ്ട, തീരുമാനം പിന്‍വലിക്കണം: കോഴിക്കോട് ഡി.സി.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 26, 06:23 am
Wednesday, 26th February 2025, 11:53 am
നടപടി പിന്‍വലിക്കുന്നതുവരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോഴിക്കോട് ഡി.സി.സി

കോഴിക്കോട്: ഗോഡ്സെയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട എന്‍.ഐ.ടി അധ്യാപികയ്ക്ക് സ്ഥാനക്കയറ്റം നല്‍കിയതില്‍ പ്രതിഷേധവുമായി കോഴിക്കോട് ഡി.സി.സി.

എന്‍.ഐ.ടി പ്രൊഫസര്‍ ഷൈജ ആണ്ടവനെ ഡീന്‍ ആക്കിയ നടപടി പിന്‍വലിക്കുന്നതുവരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോഴിക്കോട് ഡി.സി.സി അധ്യക്ഷൻ പ്രവീണ്‍ കുമാര്‍ പറഞ്ഞു.

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ആര്‍.എസ്.എസ് അജണ്ടയാണ് നടപ്പിലാക്കുന്നതെന്നും പ്രവീണ്‍ പ്രതികരിച്ചു. മുമ്പ് ഷൈജ ആണ്ടവനെ സര്‍വീസില്‍ നിന്ന് തന്നെ പുറത്താക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതെന്നും എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് സ്ഥാനക്കയറ്റമാണ് നല്‍കിയിരിക്കുന്നതെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.

ഗാന്ധിനിന്ദ ചെയ്തവര്‍ക്ക് അര്‍ഹിക്കാത്ത അംഗീകാരമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ തീരുമാനങ്ങള്‍ക്ക് പിന്നില്‍ ബി.ജെ.പിയും ആര്‍.എസ്.എസുമാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പരസ്യമായി രംഗത്തിറങ്ങുമെന്നും പ്രവീണ്‍ കുമാര്‍ പ്രതികരിച്ചു.

വരുന്ന രണ്ട് വര്‍ഷത്തേക്കാണ് ഷൈജ ആണ്ടവന് ഡീനായി നിയമനം ലഭിച്ചത്. പ്രൊഫസര്‍ പ്രിയാചന്ദ്രന്റെ കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ഷൈജ ആണ്ടവനെ ഡീനായി നിയമിച്ചത്. 2025 ഏപ്രില്‍ ഏഴിന് പ്ലാനിങ് ആന്‍ഡ് ഡെവലപ്മെന്റ് ഡീന്‍ ആയി ഷൈജ സ്ഥാനമേല്‍ക്കും.

2024ലാണ് ഗോഡ്സെയെ പ്രകീര്‍ത്തിച്ച് ഷൈജ ഫേസ്ബുക്കില്‍ കമന്റിട്ടത്. തീവ്രഹിന്ദുത്വ നേതാവ് അഡ്വ. കൃഷ്ണരാജ് പങ്കുവെച്ച പോസ്റ്റിലെ ഗോഡ്സെയുടെ ചിത്രത്തിന് താഴെയായിരുന്നു കമന്റ്. ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമെന്നാണ് ഷൈജ ആണ്ടവന്‍ കമന്റിട്ടത്.

തുടര്‍ന്ന് ഷൈജക്കെതിരെ പൊലീസ് കലാപാഹ്വാനത്തിന് കേസെടുത്തിരുന്നു. പിന്നീട് ഇവരെ അറസ്റ്റ് ചെയ്തെങ്കിലും ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു. ഇതിനിടെ സംഭവം വിവാദമായതോടെ ഫേസ്ബുക്കിലെ കമന്റ് ഷൈജ ആണ്ടവന്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.

Content Highlight: Promotion of NIT teacher is an RSS agenda, decision should be withdrawn: Kozhikode DCC