Entertainment news
എണ്‍പതുകളില്‍ എവിടെയാണ് ഇത്രയും പര്‍ദ്ദയിട്ടവരെന്ന് മമ്മൂക്ക; ഭീഷ്മപര്‍വ്വത്തിലെ സീനില്‍ വരുത്തിയ മാറ്റത്തെ കുറിച്ച് പ്രൊഡക്ഷന്‍ ഡിസൈനര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 04, 11:30 am
Saturday, 4th November 2023, 5:00 pm

എങ്ങനെയാണ് ഓരോ സിനിമയെയും സീനിനെയും മമ്മൂട്ടി കാണുന്നതെന്നും, എത്രത്തോളം ഒരു കഥാപാത്രത്തിലേക്ക് അദ്ദേഹം ഇറങ്ങി വരുന്നുണ്ടെന്നും തനിക്ക് മനസിലായ സാഹചര്യത്തെ കുറിച്ച് പറയുകയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍ ജോസഫ് നെല്ലിക്കല്‍. ഭീഷ്മ പര്‍വ്വമെന്ന സിനിമയെ പറ്റി സഫാരിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയിരുന്നു അദ്ദേഹം.

‘ഭീഷ്മയില്‍ എല്ലാ വീടുകളും അടുത്തടുത്തായാണ് പറയുന്നത്. അഞ്ഞൂറ്റിക്കാരുടെ വീടിന്റെ അടുത്ത് തന്നെയാണ് സൗബിനും നദിയ മൊയ്തുവും താമസിക്കുന്ന വീടുണ്ടായിരുന്നത്. രണ്ടും ഓപ്പോസിറ്റായിട്ട് നില്‍ക്കുന്ന വീടുകളായിരുന്നു.

സൗബിനും നദിയ മൊയ്തുവുമുള്ള വീടിനോട് ചേര്‍ന്നുള്ള കാര്‍ പാര്‍ക്കിങ്ങിന്റെ മുകളിലുള്ള മുറിയാണ് ഭാസിയുടെ മുറിയായിട്ട് സെറ്റ് ചെയ്തതിരുന്നത്. ഈ വീടുകളൊക്കെ അടുത്തായത് കൊണ്ട് ഷൂട്ടിങ് സമയത്ത് ക്രൂവിന് പോയിവരാന്‍ വളരെ എളുപ്പമായിരുന്നു.

അതില്‍ ശ്രീനാഥ് ഭാസിയുടെ കഥാപാത്രം മരിച്ച ശേഷം മയ്യിത്ത് കട്ടിലിലെടുക്കുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. ആ സീന്‍ ഷൂട്ട് ചെയ്യാനുള്ള ദിവസം ഞാന്‍ ലൊക്കേഷനിലേക്ക് പോകുമ്പോള്‍ കാണുന്ന കാഴ്ച്ച മുറ്റം നിറയെ കുറേ സ്ത്രീകള്‍ പര്‍ദ്ദയിട്ട് നില്‍ക്കുന്നതാണ്.

സിനിമയില്‍ മുസ്‌ലിം പശ്ചാത്തലം പറയുമ്പോള്‍ സ്ത്രീകള്‍ക്ക് പര്‍ദ്ദ കൊടുക്കുകയെന്നത് സാധാരണമായിരുന്നു. അതുകൊണ്ട് കോസ്റ്റ്യൂം ടീം അവര്‍ക്ക് പര്‍ദ്ദ കൊടുത്തത്തില്‍ തെറ്റ് പറയാന്‍ പറ്റില്ലായിരുന്നു. ആ സീനില്‍ മരണ വീട്ടിലേക്ക് കയറി ചെല്ലുമ്പോള്‍ കുറേ മുസ്‌ലിം സ്ത്രീകള്‍ ഉണ്ടാകണമെന്നത് നിര്‍ബന്ധമായിരുന്നു.

പക്ഷേ അന്ന് ഷൂട്ടിങ്ങിന് മുമ്പ് മമ്മൂക്കയോട് സംസാരിക്കുമ്പോള്‍ മമ്മൂക്കയാണ് ചോദിച്ചത്, എണ്‍പതുകളില്‍ മട്ടാഞ്ചേരിയില്‍ പര്‍ദ്ദ ഉണ്ടാകുമോയെന്ന്. അന്ന് പര്‍ദ്ദ കുറവല്ലേ, അപ്പോള്‍ അങ്ങനെ പര്‍ദ്ദയിട്ട് മരണ വീട്ടിലേക്ക് ആരും വരില്ലല്ലോയെന്ന് മമ്മൂക്ക ചോദിച്ചു.

അപ്പോഴാണ് ഞാനും ആലോചിക്കുന്നത്. ശരിയാണ് പര്‍ദ്ദയുടെ ഉപയോഗം കൂടിയത് ഇപ്പോഴാണ്. അന്ന് കൊച്ചിയില്‍ പര്‍ദ്ദയിട്ടവര്‍ കുറവായിരുന്നു. ഞങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കിലും അത് മമ്മൂക്ക ശ്രദ്ധിച്ചിരുന്നു. അതോടെ ഞങ്ങള്‍ ഒരു പര്‍ദ്ദ ഇട്ടവരെ പോലും ആ സീനില്‍ ഉള്‍പെടുത്തിയില്ല.

ആ സംഭവത്തോടെ ഓരോ സീന്‍ ചെയ്യുമ്പോഴും മമ്മൂക്ക അദ്ദേഹത്തെ കുറിച്ച് മാത്രമല്ലാതെ മറ്റുള്ള കാര്യങ്ങള്‍ കൂടെ ശ്രദ്ധിക്കുന്നുണ്ടെന്ന സത്യം എനിക്ക് മനസിലായി. മമ്മൂക്ക എത്രത്തോളം ഓരോ സിനിമയെയും അല്ലെങ്കില്‍ സീനിനെയും കാണുന്നുണ്ടെന്നും എത്രത്തോളം ആ കഥാപാത്രത്തിലേക്ക് ഇറങ്ങി വരുന്നുണ്ടെന്നും എനിക്ക് മനസിലായ സമയമായിരുന്നു അത്,’ ജോസഫ് നെല്ലിക്കല്‍ പറഞ്ഞു.

Content Highlight: Production Designer Joseph Nellikkal Talks About Mammootty In Bheeshma Parvam