Entertainment
മമ്മൂട്ടിയുടെ കാല്‍ തല്ലിയൊടിക്കുന്നത് കണ്ടാല്‍ ജനങ്ങള്‍ ബോധം കെട്ടുവീഴുമെന്ന് പറഞ്ഞ് ആ ചിത്രത്തിന് സെന്‍സറിങ് നിഷേധിച്ചിരുന്നു: നിര്‍മാതാവ് ജോയി തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 13, 10:03 am
Friday, 13th December 2024, 3:33 pm

മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നാണ് മമ്മൂട്ടി – ജോഷി കൂട്ടുകെട്ടില്‍ പിറന്ന ന്യൂ ഡെല്‍ഹി. തുടര്‍പരാജയങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെന്ന നടന് ഒരു ഗംഭീര തിരിച്ചുവരവ് നല്‍കിയ ചിത്രം കൂടെയായിരുന്നു ന്യൂ ഡെല്‍ഹി. ദല്‍ഹിയിലെ ഒരു പത്രപ്രവര്‍ത്തകന്റെ പ്രതികാരത്തിന്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്. പല ഭാഷകളിലേക്ക് റീമേക്ക് ചെയ്ത ചിത്രം ഡെന്നീസ് ജോസഫിന്റെ തിരക്കഥയിലായിരുന്നു ഒരുങ്ങിയത്.

ന്യൂ ഡെല്‍ഹി ചിത്രത്തിന്റെ ചിത്രീകരണമെല്ലാം കഴിഞ്ഞ് സെന്‍സറിങ്ങിന് അയച്ചപ്പോള്‍ സെന്‍സര്‍ ബോര്‍ഡില്‍ നിന്നും പ്രതിസന്ധി ഉണ്ടായിരുന്നെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ജോയി തോമസ് പറയുന്നു. സിനിമയില്‍ ക്രൂരത കൂടുതലായിരുന്നെന്നും മമ്മൂട്ടിയുടെ കാലൊക്കെ തല്ലിയൊടിക്കുന്ന രംഗം കണ്ടാല്‍ ആളുകള്‍ ഭയപ്പെടുമെന്നും സെന്‍സര്‍ ബോര്‍ഡില്‍ ഉള്ളവര്‍ പറഞ്ഞെന്നും ജോയി തോമസ് പറഞ്ഞു.

അതിന് ശേഷം സിനിമ റിവൈസിങ് കമ്മിറ്റിക്ക് അയക്കാന്‍ തീരുമാനിച്ചെന്നും കമ്മിറ്റിയുടെ ചെയര്‍മാനായ പി. ഭാസ്‌ക്കരന്‍ മാഷിന് സിനിമ വളരെ ഇഷ്ടമായതോടുകൂടി പ്രദര്‍ശനാനുമതി ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാള മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജോയി തോമസ്.

‘ന്യൂ ഡെല്‍ഹിക്കും സെന്‍സര്‍ ബോര്‍ഡില്‍ നിന്നും പ്രതിസന്ധിയുണ്ടായിരുന്നു. സിനിമയില്‍ ക്രൂരത കൂടുന്നു എന്നായിരുന്നു അവരുടെ അഭിപ്രായം. മമ്മൂട്ടിയുടെ കാല്‍ തല്ലിയൊടിക്കുന്ന രംഗങ്ങളൊക്കെ കണ്ടാല്‍ ജനങ്ങള്‍ ബോധം കെട്ടുവീഴുമെന്നാണ് അന്ന് സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ പറഞ്ഞത്.

ഞങ്ങള്‍ സിനിമ റിവൈസിങ് കമ്മിറ്റിക്ക് അയക്കാന്‍ തീരുമാനിച്ചു. ബോംബെയിലാണ് റിവൈസിങ് കമ്മിറ്റിയുടെ ഓഫിസ്, പി. ഭാസ്‌ക്കരന്‍ മാഷായിരുന്നു ചെയര്‍മാന്‍. സിനിമ കണ്ട് മാഷിന് വളരെ ഇഷ്ടപ്പെട്ട് റിലീസ് ചെയ്യാന്‍ അനുമതി നല്‍കി. അങ്ങനെ 1987 ജൂലൈ 17ന് സിനിമ റിലീസ് ചെയ്തു.

അഭിനയം മതിയാക്കി സിനിമാരംഗം വിടാനിരുന്ന മമ്മൂട്ടിയെ തിരിച്ചു കൊണ്ടുവന്നത് ഈ സിനിമയാണ്. ന്യൂ ഡെല്‍ഹി എന്ന സിനിമ, എല്ലായിടത്തും വലിയ ചര്‍ച്ചയായി മാറി. അന്നത്തെ കാലത്ത് പതിനഞ്ചോ, പതിനാറോ ലക്ഷം രൂപ കൊണ്ട് ഒരു സിനിമ തീരുമായിരുന്നെങ്കില്‍ ന്യൂ ഡെല്‍ഹിക്ക് മുപ്പത് ലക്ഷം രൂപയിലധികം ചെലവായിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്നുതന്നെ പത്തുലക്ഷം രൂപയുടെ ലാഭം കിട്ടിയിരുന്നു. ചെന്നൈയിലെ സഫയര്‍ തിയേറ്ററില്‍ നിന്ന് മാത്രം 125 ദിവസം ചിത്രം പ്രദര്‍ശിപ്പിച്ചു,’ ജോയി തോമസ് പറഞ്ഞു.

Content Highlight: Producer Joy Thomas Says  New Delhi Movie Faced Difficulties In Censor Board