എം. മോഹനൻ രചനയും സംവിധാനവും നിർവഹിച്ച് പൃഥ്വിരാജും സംവൃത സുനിലും പ്രധാനകഥാപാത്രമായി എത്തിയ സിനിമയാണ് മാണിക്യക്കല്ല്. 2011ൽ പുറത്തിറങ്ങിയ ചിത്രം നിർമിച്ചത് എ.എസ്.ഗിരീഷ് ലാൽ ആണ്. നെടുമുടി വേണു, ജഗതി ശ്രീകുമാർ, സലിം കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റുകഥാപാത്രങ്ങളായി എത്തിയത്. ഇപ്പോൾ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് നിർമാതാവ് എ.എസ്.ഗിരീഷ് ലാൽ.
മാണിക്യക്കല്ലാണ് മനസിന് ഇഷ്ടപ്പെട്ട് ചെയ്ത സിനിമയെന്നും സ്ക്രിപ്റ്റ് എഴുതുമ്പോൾ സംവിധായകൻ തന്നെ കൂടെയിരുത്തിയിട്ടുണ്ടായിരുന്നെന്നും ഗിരീഷ് ലാൽ പറയുന്നു. ഓരോ സീൻ എഴുതുമ്പോഴും താനുമായി ചർച്ച ചെയ്യുമെന്നും ആദ്യമേ പൃഥ്വിരാജിനെ മനസിൽ കണ്ട് ചെയ്ത സിനിമയാണ് അതെന്നും ഗിരീഷ് പറഞ്ഞു.
സിനിമയുടെ സബ്ജക്ട് തനിക്ക് ഇഷ്ടപ്പെട്ടെന്നും നല്ല കഥയായിരുന്നുവെന്നും മെസേജ് ഉള്ള സിനിമയായിരുന്നു അതെന്നും ഗിരീഷ് അഭിപ്രായപ്പെട്ടു. ആ സിനിമ ചെയ്തത് കൊണ്ട് തനിക്ക് നഷ്ടം വന്നിട്ടില്ലെന്നും എങ്കിലും വലിയ ലാഭം കിട്ടിയില്ലെന്നും ഗിരീഷ് കൂട്ടിച്ചേർത്തു. മാസ്റ്റർ ബിൻ ചാനലിനോട് സംസാരിക്കുകയായിരുന്നു ഗിരീഷ് ലാൽ.
‘മാണിക്യക്കല്ലാണ് മനസിന് ഇഷ്ടപ്പെട്ട് ചെയ്ത സിനിമ. സ്ക്രിപ്റ്റ് എഴുതുമ്പോൾ മൊത്തം മോഹനൻ എന്നെ കൂടെ ഇരുത്തിയിരുന്നു, എല്ലാ ദിവസവും. ഓരോ സീൻ എഴുതുമ്പോഴും നമ്മളുമായിട്ട് ഡിസ്കസ് ചെയ്യും. ആദ്യമേ പൃഥ്വിരാജിനെ മനസിൽ കണ്ട് ചെയ്ത സിനിമയായിരുന്നു അത്.
സിനിമയുടെ സബ്ജക്ട് എനിക്ക് ഇഷ്ടപ്പെട്ടു, നല്ല കഥയായിരുന്നു. അതൊരു മെസേജ് ഉള്ള സിനിമയായിരുന്നു. അതുകൊണ്ടാണ് ആ സിനിമ ചെയ്തത്. സാമ്പത്തികമായി വലിയ ലാഭം കിട്ടിയില്ലെങ്കിലും കുഴപ്പമില്ലാതെ പോയ സിനിമയായിരുന്നു അത്. നമുക്ക് നഷ്ടം വന്നിട്ടില്ല ആ സിനിമ കൊണ്ട്,’ ഗിരീഷ് ലാൽ പറയുന്നു.
കണ്ണൂർ തലശ്ശേരിയിലെ ഗവൺമെൻ്റ് ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ജീവിതകഥയെ അടിസ്ഥാനമാക്കി എടുത്തതാണ് ഈ സിനിമ.
Content Highlight: Producer Gireesh Lal Talking about Manikyakkallu Movie