കഴിഞ്ഞ വര്‍ഷം തമിഴില്‍ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രമായിരുന്നു ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം. രാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷം തിയേറ്ററിലെത്തുന്ന വിജയ് ചിത്രം കൂടിയായിരുന്നു ഗോട്ട്. വിജയ് ഇരട്ടവേഷത്തിലെത്തിയ ചിത്രം തിയേറ്ററില്‍ വന്‍ വിജയമായിരുന്നു. 450 കോടിക്കുമുകളില്‍ ചിത്രം കളക്ട് ചെയ്തിരുന്നു. ചിത്രത്തിന്റെ കളക്ഷനെക്കുറിച്ച് സംസാരിക്കുകയാണ് നിര്‍മാതാവ് അര്‍ച്ചന കല്പാത്തി.
455 കോടിക്കുമുകളില്‍ കളക്ഷന്‍ ലഭിച്ചെന്ന പോസ്റ്റര്‍ നിര്‍മാതാക്കള്‍ തന്നെയായിരുന്നു പങ്കുവെച്ചത്. അത്രയും കളക്ഷന്‍ തിയേറ്ററില്‍ നിന്ന് തന്നെ കിട്ടിയിരുന്നെന്നും എന്നാല്‍ ടാക്‌സും ഷെയറും കഴിഞ്ഞ് തന്റെ കൈയില്‍ അത്രയും തുക കിട്ടിയിരുന്നില്ലെന്ന് അര്‍ച്ചന പറഞ്ഞു. തിയേറ്റര്‍ ഷെയര്‍ എല്ലാം കുറച്ച ശേഷമുള്ള തുക മാത്രമേ നിര്‍മാതാവിന് ലഭിക്കുകയുള്ളൂവെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ചിത്രത്തിന്റെ ബിസിനസ് ഇനത്തില്‍ കിട്ടിയ തുക കളക്ഷനില്‍ ചേര്‍ത്തിട്ടില്ലെന്നും അത് കൂടെ ചേര്‍ത്താല്‍ വലിയൊരു തുകയാകുമെന്നും അര്‍ച്ചന പറയുന്നു. റിലീസിന് മുമ്പ് തന്നെ എല്ലാ റൈറ്റ്‌സും നല്ലൊരു തുകയ്ക്ക് തന്നെ വിറ്റുപോയെന്നും അതിലൂടെ തങ്ങള്‍ സേഫായെന്നും അര്‍ച്ചന കല്പാത്തി കൂട്ടിച്ചേര്‍ത്തു. ഓരോയിടത്തുമുള്ള റൈറ്റ്‌സും സാറ്റ്‌ലൈറ്റ്, ഒ.ടി.ടി ബിസിനസും നല്ല രീതിയില്‍ പോയെന്നും അര്‍ച്ചന പറഞ്ഞു.
ഇത്രയും ബജറ്റില്‍ ഒരു സിനിമ ഒരുക്കുമ്പോള്‍ അതിന്റെ ബിസിനസ് റിലീസിന് മുമ്പ് നടത്തുക എന്നത് വലിയൊരു റിസ്‌കാണെന്നും 80 ശതമാനവും അത് നടക്കാതിരിക്കാന്‍ സാധ്യതയുണ്ടെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഗോട്ടിന്റെ ബിസിനസെല്ലാം പ്രതീക്ഷിച്ചതിലും നല്ല രീതിയില്‍ നടന്നെന്നും തിയേറ്ററിലും നല്ല രീതിയില്‍ ലാഭമുണ്ടാക്കിയെന്നും അര്‍ച്ചന പറഞ്ഞു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു അര്‍ച്ചന കല്പാത്തി.
‘ഗോട്ട് തിയേറ്ററില്‍ നിന്ന് 455 കോടി കളക്ട് ചെയ്‌തെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ആ പോസ്റ്റര്‍ പുറത്തുവിട്ടത്. പലരുടെയും വിചാരം ബിസിനസും കളക്ഷനും ചേര്‍ത്ത തുകയാണ് അതെന്നാണ്. എന്നാല്‍ അങ്ങനെയല്ല, കളക്ഷന്‍ മാത്രമാണ് 455 കോടി. അതില്‍ നിന്ന് എന്റര്‍ടൈന്മെന്റ് ടാക്‌സും തിയേറ്ററിക്കല്‍ ഷെയറും കുറച്ചിട്ടുള്ള എമൗണ്ട് മാത്രമേ പ്രൊഡ്യൂസര്‍ക്ക് കിട്ടുള്ളൂ.
റിലീസിന് മുമ്പ് തന്നെ സിനിമയുടെ എല്ലാ ബിസിനസും വിറ്റുപോയിരുന്നു. ആ തുക കൂടി ചേര്‍ത്താല്‍ വലിയൊരു തുകയാകും. എന്നാല്‍ ആരും അങ്ങനെ ചേര്‍ക്കാറില്ല. കാരണം, കളക്ഷന്‍ മുഴുവനായി നിര്‍മാതാവിന് കിട്ടില്ലല്ലോ. ഗോട്ട് പോലെ വലിയൊരു ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ബിസിനസ് റിലീസിന് മുമ്പ് തീര്‍ക്കുക എന്ന് പറഞ്ഞാല്‍ അതില്‍ റിസ്‌ക് എലമെന്റുകളുണ്ട്. എന്നാല്‍ ഈ സിനിമയില്‍ വലിയ റിസ്‌കുകള്‍ ഉണ്ടായില്ല,’ അര്‍ച്ച കല്‍പാത്തി പറഞ്ഞു.
Content Highlight: Producer Archana Kalpathi says The Greatest of All Time movie earned 450 crores from Box office