Movie Day
ട്രൈബല്‍ മേഖലയിലെ കുട്ടികള്‍ക്കിടയില്‍ ലഹരിയെന്ന് വാര്‍ത്ത, മമ്മൂട്ടി സാര്‍ ഉടനെ വിനീതിനെ വിളിച്ചു: റോബര്‍ട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jun 03, 03:19 pm
Saturday, 3rd June 2023, 8:49 pm

കുട്ടികള്‍ക്കിടയില്‍ ലഹരി ഉപയോഗം കുറക്കാന്‍ മമ്മൂട്ടി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ പറ്റി സംസാരിക്കുകയാണ് അദ്ദേഹത്തിന്റെ പി.ആര്‍.ഒ. റോബര്‍ട്ട്. ലഹരിക്കെതിരായ ബോധവല്‍ക്കരണം കുട്ടികളില്‍ നിന്നും ആരംഭിക്കണമെന്നാണ് മമ്മൂട്ടി പറയാറുള്ളതെന്ന് റോബര്‍ട്ട് പറഞ്ഞു.

ട്രൈബല്‍ മേഖലകളിലെ കുട്ടികള്‍ക്കിടയില്‍ ലഹരി ഉപയോഗമുണ്ടെന്ന് അറിഞ്ഞപ്പോള്‍ ഫുട്‌ബോള്‍ താരങ്ങളായ സി.കെ. വിനീതിനേയും മുഹമ്മദ് റാഫിയേയും വിളിച്ച് അവിടെ മമ്മൂട്ടി ഫുട്‌ബോള്‍ പരിശീലനത്തിനുള്ള സഹായങ്ങള്‍ ചെയ്തുവെന്നും 24 ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ റോബര്‍ട്ട് പറഞ്ഞു.

‘കടക്കല്‍ വളം വെച്ചിട്ട് കാര്യമില്ല എന്നാണ് മമ്മൂക്ക പറയാറുള്ളത്. അതുകൊണ്ടാണ് ചെറുപ്പം മുതല്‍ കുട്ടികളെ ലഹരിയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ മമ്മൂക്ക ശ്രമിക്കാറുള്ളത്. ഇത് അപകടമാണ്, കുട്ടികള്‍ക്കിടയില്‍ വേണം ഇതിന്റെ ബോധവല്‍ക്കരണം കൊടുക്കാന്‍ എന്ന് എപ്പോഴും പറയും.

ഒരു ഉദാഹരണം പറയാം, ട്രൈബല്‍ മേഖലയിലെ കുട്ടികള്‍ക്കിടയില്‍ ലഹരിക്ക് അടിമപ്പെടുന്നു എന്ന വാര്‍ത്ത വന്നു. അതില്‍ കുറച്ചൊക്കെ സത്യവുമുണ്ട്. സാറെന്താ ചെയ്തതെന്ന് അറിയാമോ. സാറിന്റെ വലിയ ആരാധകരാണ് സി.കെ. വിനീതിനേയും മുഹമ്മദ് റാഫിയേയും പോലെയുള്ള ഫുട്‌ബോള്‍ താരങ്ങള്‍. നിങ്ങള്‍ അവിടെ ഒരു ഫുട്‌ബോള്‍ കോച്ചിങ് സെന്റര്‍ തുടങ്ങണം, അതിന് വേണ്ട എല്ലാ സപ്പോര്‍ട്ടും ഞാന്‍ ചെയ്യാമെന്ന് പറഞ്ഞു. അദ്ദേഹം അത് ചെയ്തു.

ഇവരെ സഹായിക്കാന്‍ ഒരുപാട് നന്മയുള്ള മറ്റ് ആളുകളും വന്നു. ഇപ്പോള്‍ 100 കുട്ടികള്‍ അട്ടപ്പാടിയില്‍ ഫുട്‌ബോള്‍ പഠിക്കുന്നുണ്ട്. ഫുട്‌ബോളാണ് ഇപ്പോള്‍ അവരുടെ ലഹരി. അവര്‍ക്ക് മറ്റൊന്നും ചിന്തിക്കാനുള്ള സമയമില്ല.

ആ ആശയം എത്ര വലുതാണ്. അങ്ങനെ എല്ലാവരും എല്ലായിടത്തും ചെയ്തിരുന്നെങ്കില്‍ ഈ സംഭവം ഉണ്ടാകുമായിരുന്നോ,’ റോബര്‍ട്ട് പറഞ്ഞു.

Content Highlight: pro Robert talks about Mammootty’s efforts to reduce drug usage among children