ലേബർ അനുകൂല കാറ്റിലും കടപുഴകാതെ ഫലസ്തീൻ; നാല് സ്ഥാനാർത്ഥികളും വിജയിച്ചു
Worldnews
ലേബർ അനുകൂല കാറ്റിലും കടപുഴകാതെ ഫലസ്തീൻ; നാല് സ്ഥാനാർത്ഥികളും വിജയിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th July 2024, 1:11 pm

ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഫലസ്തീൻ അനുകൂല നിലപാടുയർത്തിയ സ്ഥാനാർഥികൾക്ക് മികച്ച വിജയം. രാജ്യത്ത് അട്ടിമറി വിജയം നേടിയ ലേബർ പാർട്ടിയുടെ പ്രമുഖ നേതാക്കൾ ഫലസ്തീൻ അനുകൂല സ്ഥാനാർത്ഥികളോട് പരാജയപ്പെട്ടു. ഫലസ്തീൻ അനുകൂല നയം മുന്നോട്ട് വെച്ച നാല് സ്ഥാനാർത്ഥികളും മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുകയായിരുന്നു.

ലീസ്റ്റെർ സൗത്തിൽ നിന്ന് ഷൗക്കത്ത് ആദം, ബർമിങ്ഹാമിൽ നിന്ന് അയ്യൂബ് ഖാൻ ബ്ലാക്ക്ബനിൽ നിന്ന് അദ്‌നാൻ ഹുസ്സൈൻ, ബാറ്റ്‌ലയിൽ നിന്ന് ഇഖ്ബാൽ മുഹമ്മദ് എന്നിവരാണ് ഫലസ്തീന് വേണ്ടി ശബ്ദമുയർത്തി മിന്നും വിജയം കൈവരിച്ചത്.

അയ്യൂബ് ഖാൻ/ photo by Nidal Nasiruddin

ലീസ്റ്റെർ സൗത്തിൽ നിന്ന് മത്സരിച്ച ഷൗക്കത്ത് ആദം എന്ന സ്വതന്ത്ര സ്ഥാനാർഥി വൻ വിജയം നേടിയത് ലേബർ പാർട്ടിയുടെ പ്രമുഖ നേതാവിനെ പരാജയപ്പെടുത്തിക്കൊണ്ടാണ്. ലേബർ നേതാവ് ആർഷത്തിനെയാണ് ഷൗക്കത്ത് തോൽപ്പിച്ചത്.

ഗസയിലെ വെടിനിർത്തൽ ഉൾപ്പടെയുള്ള വിഷയങ്ങൾ ശക്തമായി ഉന്നയിച്ച ഇഖ്ബാൽ മുഹമ്മദ് തോൽപ്പിച്ചതും ലേബർ പാർട്ടി നേതാവിനെ തന്നെയാണ്. ലേബർ സ്ഥാനാർഥി കേറ്റ് ഹോളണ്ടിനെയാണ് അദ്‌നാൻ ഹുസ്സൈൻ ബ്ലാക്ക്ബനിൽ തോൽപ്പിച്ചത്.

‘നിങ്ങളുടെ ആശങ്കകൾ ലോകത്തെ അറിയിക്കുമെന്ന് ഞാൻ വാക്ക് തരുന്നു. ഗസയിലെ വംശഹത്യക്കെതിരെ നമ്മുടെ ജനപ്രതിനിധികൾ എന്ന് വിളിക്കുന്നവർ മിണ്ടാതിരിക്കുമ്പോൾ അവിടെ ഉറച്ച ശബ്ദമായി ഞാനുണ്ടാകും,’ വോട്ടർമാരെ അഭിസംബോധന ചെയ്ത് അദ്‌നാൻ ഹുസ്സൈൻ പറഞ്ഞു.

 

‘ഈ വിജയം ഗസയിലെ ജനങ്ങൾക്കുള്ളതാണ്’ തന്റെ വിജയത്തിന് ശേഷം ഫലസ്തീൻ കെഫിയ ഉയർത്തിപ്പിടിച്ച് ഷൗക്കത്ത് ആദം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ വിജയിച്ച മറ്റ് സ്ഥാനാർത്ഥികളെല്ലാം തങ്ങളുടെ വിജയം ഫലസ്തീന് സമർപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

ലേബർ പാർട്ടിയുടെ മുതിർന്ന മുൻ നേതാവും ഇടതുപക്ഷക്കാരനുമായ ജെർമി കോർബിനിനെ അദ്ദേഹത്തിന്റെ ഫലസ്തീൻ അനുകൂല നിലപാടുകൾ കാരണം ആന്റി സെമിറ്റിക് നിലപാടുകൾ പുലർത്തിയെന്നാരോപിച്ച് പാർട്ടി സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

40 വർഷത്തിലേറെയായി ലണ്ടനിലെ ഈസ്റ്റിങ്‌ടോൺ നോർത്ത് മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന 75 കാരനായ ജെർമി കോർബിൻ ലേബർ പാർട്ടിയുടെ പ്രഫുൽ നർഗുണ്ടിനെയാണ് തോൽപ്പിച്ചത്. തന്റെ നിലപാടുകൾ കൊണ്ട് ജനപ്രിയനായ അദ്ദേഹം 24 ,120 വോട്ടുകളോടെയാണ് വിജയിച്ചത്.

തന്റെ വിജയാഘോഷത്തിനിടയിലും ഫലസ്തീൻ ഐക്യദാർഢ്യം അദ്ദേഹം ആവർത്തിച്ചു.

‘എനിക്ക് വോട്ട് ചെയ്തവർ സമാധാനത്തിനായി വാദിക്കുന്നവരാണ്. ഗാസയിൽ ഇന്ന് കാണുന്ന കൂട്ടക്കുരുതിക്കെതിരെ പ്രതികരിക്കുന്ന സർക്കാരിന് വേണ്ടിയാണ് അവർ വോട്ട് ചെയ്തത്,’ അദ്ദേഹം പറഞ്ഞു.

ലേബർ ഹെൽത്ത് ചീഫും പാർട്ടിയിലെ മുതിർന്ന അംഗവുമായ വൈസ് സ്ട്രീറ്റിങ് ഇൽഫോർഡ് നോർത്തിൽ ഫലസ്തീൻ അനുകൂല സ്ഥാനാർത്ഥിയോട് വെറും 528 വോട്ടുകൾക്കാണ് വിജയിച്ചത്. ഫലസ്തീൻ അനുകൂല നേതാവായ ലിയാൻ മുഹമ്മദാണ് ലേബറിന്റെ മുതിർന്ന നേതാവിനെ വിറപ്പിച്ചത്. തെരഞ്ഞെടുപ്പിൽ ലിയാൻ 15 ,119 വോട്ടുകൾ നേടിയിരുന്നു.

ലേബർ പാർട്ടിയും കൺസേർവേറ്റിവ് പാർട്ടിയും ഫലസ്തീനിലെ ആക്രമണത്തെ അപലപിച്ചിട്ടുണ്ടെങ്കിലും ഇസ്രഈലിന് സ്വയം പ്രതിരോധത്തിനുള്ള അവകാശമുണ്ടെന്ന നിലപാടായിരുന്നു എടുത്തിരുന്നത്. ഇതിനെതിരെ രൂക്ഷ വിമർശനം ഇരു പാർട്ടികളും നേരിട്ടിരുന്നു.

ഗസ അനുകൂലിയും വർക്കേഴ്സ് പാർട്ടി നേതാവുമായ ജോഡി മക്ലന്റിരെയെ 693 വോട്ടുകൾക്ക് പരാജയപ്പെടുത്തിയ ലേബർ പാർട്ടി നേതാവ് ജെസ് ഫിലിപ്പിന് ജന രോഷം മൂലം തന്റെ പ്രസംഗം പൂർത്തിയാക്കാൻ സാധിച്ചില്ല. ബെർമിങ്ഹാം യാഡ്‌ലിയിലായിരുന്നു ഇവർ മത്സരിച്ചത്. വിജയത്തിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യാൻ ശ്രമിച്ച ജെസ് ഫിലിപ്പിനെതിരെ ജനങ്ങൾ രോഷാകുലരാവുകയും അവരെ പരിഹസിക്കുകയുമായിരുന്നു.

പുതിയ പ്രധാനമന്ത്രിയും ലേബർ പാർട്ടി നേതാവുമായ കിയർ സ്റ്റാർമറിനെതിരെയും പ്രതിഷേധം ഉയർന്നിരുന്നു. അദ്ദേഹത്തിന്റെ മണ്ഡലമായ ഹോൾബോണിലെയും സെന്റ് പാൻക്രാസ്സിലെയും പോളിങ് സ്റ്റേഷനുകളിൽ ഫലസ്തീനെ സ്വതന്ത്രമാക്കുക എന്ന മുദ്രാവാക്യത്തോടെ പ്രതിഷേധക്കാർ എത്തിയിരുന്നു.

 

Content Highlight: pro-gaza candidates dent labour’s UK election victory