അറപ്പുളവാക്കുന്നു, ലജ്ജാകരം; 18 വര്‍ഷത്തെ ബി.ജെ.പി ഭരണത്തില്‍ അതിക്രമത്തിനിരയായത് 30,000ത്തിലധികം ആദിവാസികള്‍: പ്രിയങ്ക
national news
അറപ്പുളവാക്കുന്നു, ലജ്ജാകരം; 18 വര്‍ഷത്തെ ബി.ജെ.പി ഭരണത്തില്‍ അതിക്രമത്തിനിരയായത് 30,000ത്തിലധികം ആദിവാസികള്‍: പ്രിയങ്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th July 2023, 3:58 pm

മുംബൈ: മധ്യപ്രദേശില്‍ ബി.ജെ.പി നേതാവ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മനുഷ്യത്വ രഹിതവും അറപ്പുളവാക്കുന്നതുമായ പ്രവര്‍ത്തിയാണിതെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

മധ്യപ്രദേശിലെ ബി.ജെ.പിയുടെ 18 വര്‍ഷത്തെ ഭരണത്തില്‍ മുപ്പതിനായിരത്തിലധികം ആദിവാസികള്‍ക്ക് നേരെ അതിക്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

‘മധ്യപ്രദേശില്‍ ബി.ജെ.പി എം.എല്‍.എയുടെ അടുത്ത സുഹൃത്ത് ആദിവാസി യുവാവിന് നേരെ കാണിച്ച മനുഷ്യരഹിതവും അറപ്പുളവാക്കുന്നതുമായ പ്രവര്‍ത്തി അങ്ങേയറ്റം ലജ്ജാകരമാണ്. സംസ്ഥാനത്ത് 18 വര്‍ഷത്തെ ബി.ജെ.പിയുടെ ഭരണത്തില്‍ 30,400 ആദിവാസികള്‍ക്ക് നേരെ അതിക്രമങ്ങള്‍ നടന്നിട്ടുണ്ട്.

ബി.ജെ.പി ഭരണത്തില്‍ ആദിവാസികളോടുള്ള താല്‍പര്യങ്ങള്‍ പൊള്ളയായ വാക്കുകളിലും പൊള്ളയായ അവകാശവാദങ്ങളിലും ഒതുങ്ങുകയാണ്. എന്തുകൊണ്ടാണ് ആദിവാസികള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ തടയാന്‍ യഥാര്‍ത്ഥ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കാത്തത്,’ പ്രിയങ്ക ചോദിച്ചു.

സംഭവത്തിനെതിരെ രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. ആദിവാസികളോടും ദളിതരോടുമുള്ള ബി.ജെ.പിയുടെ അറപ്പുളവാക്കുന്ന മുഖമാണിതിലൂടെ വ്യക്തമാകുന്നതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

‘ബി.ജെ.പി ഭരണത്തില്‍ ആദിവാസി സഹോദരി സഹോദരന്മാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നു. മധ്യപ്രദേശിലെ ബി.ജെ.പി നേതാവിന്റെ പ്രവര്‍ത്തിയില്‍ മൊത്തം മനുഷ്യരാശിയും ലജ്ജിക്കുകയാണ്. ഇത് ആദിവാസികളോടും ദളിതരോടുമുള്ള ബി.ജെ.പിയുടെ അറിപ്പുളവാക്കുന്ന മുഖമാണ് കാണിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.


കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ ഒരു ആദിവാസി യുവാവിന്റെ മുഖത്ത് ബി.ജെ.പി എം.എല്‍.എ കേദാര്‍നാഥ് ശുക്ലയുടെ അടുത്ത സഹായിയായ പ്രവേഷ് ശുക്ല മൂത്രം ഒഴിക്കുന്ന വീഡിയോ പ്രചരിച്ചത്.

ഇയാളെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യരക്ഷാ നിയമം, പട്ടികവര്‍ഗ സംരക്ഷണ നിയമം എന്നിവയടക്കം ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് എ.എസ്.പി അഞ്ജുലത പട്‌ലെ പറഞ്ഞു.

വീഡിയോ വൈറലായതിനെ തുടര്‍ന്ന് ഇന്നലെ മുതല്‍ തന്നെ നിരവധി പേരാണ് ബി.ജെ.പിക്കെതിരെ രംഗത്ത് വന്നത്.

content highlights: priyanka gandhi on madhyapradesh issue