അറ്റ്ലിയുടെ സംവിധാനത്തില്‍ 2023ല്‍ പുറത്തിറങ്ങിയ ഹിന്ദി ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ജവാന്‍. അറ്റ്‌ലിയുടെ ആദ്യ ബോളിവുഡ് ചിത്രമെന്ന പ്രത്യേകതയും ജവാന് ഉണ്ടായിരുന്നു. ഷാരൂഖ് ഖാന്‍ അച്ഛനും മകനുമായി ഇരട്ട വേഷത്തില്‍ എത്തിയ സിനിമയില്‍ നയന്‍താര, വിജയ് സേതുപതി, പ്രിയാമണി, സന്യ മല്‍ഹോത്ര തുടങ്ങി വന്‍ താരനിരയായിരുന്നു ഒന്നിച്ചത്.
ഷാരൂഖ് ഖാന്റെ പത്താന്‍ (2023) സിനിമയുടെ റെക്കോഡുകളെ മറികടന്ന ജവാന്‍ നിരവധി ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ ജവാന്‍ സിനിമയെ കുറിച്ച് പറയുകയാണ് നടി പ്രിയാമണി. ജവാന്‍ അത്രയും വലിയ ഹിറ്റാകുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് നടി പറയുന്നത്.
എങ്കിലും ആ സിനിമ നന്നായി വരുമെന്ന് അറിയാമായിരുന്നെന്നും അറ്റ്‌ലിയെ തനിക്ക് ഒരു സംവിധായകനെന്ന രീതിയില്‍ അറിയാമായിരുന്നെന്നും പ്രിയാമണി പറഞ്ഞു. അറ്റ്‌ലി എങ്ങനെ അദ്ദേഹത്തിന്റെ ഹീറോയെ ചിത്രീകരിക്കുമെന്ന് അറിയാമെന്നും നടി കൂട്ടിച്ചേര്‍ത്തു. ന്യൂസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയാമണി.
‘സത്യം പറഞ്ഞാല്‍ ജവാന്‍ അത്രയും വലിയ ഹിറ്റാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും ആ സിനിമ നന്നായി വരുമെന്ന് എനിക്ക് അറിയാമായിരുന്നു. കാരണം അറ്റ്‌ലി സാറിനെ എനിക്ക് ഒരു സംവിധായകന്‍ എന്ന രീതിയില്‍ അറിയാമായിരുന്നു. അദ്ദേഹം എങ്ങനെ അദ്ദേഹത്തിന്റെ ഹീറോയെ ചിത്രീകരിക്കുമെന്ന് എനിക്ക് അറിയാവുന്ന കാര്യമാണ്.
ഒരു ഹീറോയെ എങ്ങനെയാണ് കൊണ്ടുവരേണ്ടതെന്ന് അദ്ദേഹത്തിന് നന്നായിട്ട് അറിയാം. അത് ഞാന്‍ അദ്ദേഹത്തിന്റെ മുമ്പുള്ള സിനിമകളില്‍ കണ്ടിരുന്നു. തെരിയിലും ബിഗിലിലും ഒക്കെ കണ്ട കാര്യമാണ് അത്. അതുകൊണ്ട് തന്നെ ജവാന്‍ ചെയ്യുമ്പോള്‍ ഷാരൂഖ് ഖാനെ എങ്ങനെയാകും കാണിക്കുകയെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.
ഷാരൂഖ് ഖാന്‍ ആകട്ടെ, ഒരു നടനെന്ന രീതിയില്‍ അദ്ദേഹം ഏറെ ഫ്‌ളെക്‌സിബിളായിരുന്നു. ‘ഇങ്ങനെയാണോ സാര്‍ വേണ്ടത്, എന്നാല്‍ ഇങ്ങനെ തന്നെ ചെയ്യാം’ എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ഇടക്ക് അറ്റ്‌ലി വന്നിട്ട് ‘സാര്‍ നമുക്ക് ഇങ്ങനെയൊരു മാനറിസം ചെയ്താലോ’ എന്ന് ചോദിക്കും,’ പ്രിയാമണി പറഞ്ഞു.
Content Highlight: Priyamani Talks About Shah Rukh Khan’s Jawan Movie