കൊച്ചി: മരക്കാര്‍ വിവാദത്തില്‍ ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. തിയേറ്റര്‍ ഉടമകളില്‍ ചിലരുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിച്ച സഹകരണം ഉണ്ടായില്ലെന്ന് പ്രിയന്‍ റിപ്പോര്‍ട്ടര്‍ ടി.വിയോട് പറഞ്ഞു.
മോഹന്‍ലാലിനും തനിക്കുമെല്ലാം ചിത്രം തിയേറ്ററില്‍ എത്തിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നെന്നും എന്നാല്‍ തങ്ങളുടെ സ്വപ്‌നത്തിന്റെ പേരില്‍ നിര്‍മാതാവിന് നഷ്ടമുണ്ടാകരുത് എന്നാണ് ആഗ്രഹിക്കുന്നതെന്നും പ്രിയന്‍ കൂട്ടിച്ചേര്‍ത്തു.
തിയേറ്ററുകാര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘മലയാള സിനിമയ്ക്ക് സാമ്പത്തികമായി താങ്ങാന്‍ പറ്റാത്ത പ്രോജക്ടാണിത്. എന്റേയും മോഹന്‍ലാലിന്റേയും വാക്ക് കേട്ടാണ് ആന്റണി ഇത്തരമൊരു റിസ്‌കെടുക്കാന്‍ തയ്യാറായത്,’ പ്രിയന്‍ പറഞ്ഞു.
100 ശതമാനം തിയേറ്ററില്‍ കാണണമെന്ന് വിചാരിച്ചാണ് സിനിമയെടുത്തത്. പക്ഷെ റിസ്‌കെടുക്കുന്ന ഒരു മനുഷ്യനെ താന്‍ കുത്തുപാളയെടുപ്പിക്കാന്‍ പാടില്ലെന്ന് നിര്‍ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിയേറ്ററില്‍ കാണിക്കാനായി അവസാന നിമിഷം വരെ ശ്രമിച്ചിരുന്നു.
‘മോഹന്‍ലാല്‍ എന്നോട് പറഞ്ഞു, നിന്റെ ആഗ്രഹം പോലെ നടക്കട്ടെ. അതിന് വേണ്ടിയാണ് ഇത്രയും കാത്തിരുന്നത്,’ പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇപ്പോള്‍ താനും ലാലും ആന്റണിയ്‌ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. സ്വാര്‍ത്ഥ താല്‍പര്യങ്ങളും ഈഗോയും വെച്ച് പോയാല്‍ ഈ കൊവിഡ് കാലത്ത് സിനിമയ്ക്ക് അതിജീവിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ ബിഗ് ബജറ്റ് ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒ.ടി.ടിയില്‍ തന്നെ റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു. തിയേറ്ററില്‍ കൊണ്ടുവരാനുള്ള എല്ലാ സാധ്യതകളും തേടിയെന്നും എന്നാല്‍ ഫലവത്തായില്ലെന്നും ആന്റണി പെരുമ്പാവൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
21 ദിവസം എല്ലാ തിയേറ്ററുകളിലും പ്രദര്‍ശിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ എല്ലാ തിയേറ്ററുകാരും കരാര്‍ ഒപ്പിട്ടില്ല.
തിയേറ്റര്‍ ഉടമകള്‍ക്ക് അധിക പരിഗണന നല്‍കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഒ.ടി.ടിയില്‍ ആമസോണ്‍ അടക്കമുള്ള പ്ലാറ്റ്‌ഫോമുകള്‍ മരക്കാറിന് വെച്ചിരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന തുകയാണെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാലിനൊപ്പം ബോളിവുഡ്, തമിഴ് താരങ്ങള്‍ കൂടി ഉള്ളതിനാല്‍ എല്ലാ ഭാഷകളിലും ക്രിസ്തുമസ് കാലത്ത് വമ്പന്‍ റിലീസാണ് ഒ.ടി.ടി പ്ലാറ്റ് ഫോമുകളുടെ ലക്ഷ്യം.
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരക്കാര്‍ എത്തുന്നത്.
ആശിര്‍വാദ് സിനിമാസ്, മൂണ്‍ഷൂട്ട് എന്റ്‌റര്‍ടൈന്‍മെന്‍ഡ്, കോണ്‍ഫിഡന്‍ഡ് ഗ്രൂപ്പ് എന്നീ ബാനറുകളില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ്. ടി കുരുവിള, റോയ് .സി.ജെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
100 കോടി രൂപയാണ് ബജറ്റ്. വാഗമണ്‍, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, മുകേഷ്, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.