തമിഴിലെ യുവതാരങ്ങളില്‍ മികച്ച നടിമാരില്‍ ഒരാളാണ് പ്രിയ ഭവാനി ശങ്കര്‍. ചാനല്‍ അവതാരകയായി കരിയര്‍ ആരംഭിച്ച് തമിഴ് സിനിമയില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കിയ നടിയാണ് പ്രിയ ഭവാനി ശങ്കര്‍. 2017ല്‍ പുറത്തിറങ്ങിയ മീയാത മാന്‍ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ പ്രിയക്ക് സാധിച്ചു.
ഒരു ആവറേജ് നായിക ആയാല്‍ എന്താണ് കുഴപ്പമെന്ന് ചോദിക്കുകയാണ് പ്രിയ ഭവാനി ശങ്കര്‍. ഒരു പ്രമുഖ മാസികയില്‍ താന്‍ അഭിനയിച്ച സിനിമയില്‍ ബ്രഹ്‌മാണ്ഡ നായകന് സാധാരണക്കാരിയായ നായികയാണോ എന്ന് എഴുതിയിരിക്കുന്നത് കണ്ടെന്നും നായിക നാട്ടിലെ സാധാരണക്കാരിയെപോലെ ഇരിക്കുന്നതായിരുന്നു അവരുടെ പ്രശ്‌നമെന്നും പ്രിയ പറയുന്നു.
ആവറേജും നോര്‍മലും ആയി ഇരുന്നാല്‍ എന്താണ് തെറ്റെന്ന് പ്രിയ ചോദിക്കുന്നു. അവര്‍ക്കൊക്കെ നായികമാരായാല്‍ ഒരു എക്‌സ്ട്രാ ഫാക്ടര്‍ വേണമെന്നും താരം കൂട്ടിച്ചേര്‍ത്തു. സ്വന്തം സംസ്ഥാനത്ത് നിന്ന് നായികമാരെ ലഭിക്കുമ്പോള്‍ എന്തിനാണ് മൂന്ന് സ്റ്റേറ്റ് അപ്പുറത്ത് നിന്ന് നായികമാരെ അന്വേഷിക്കുന്നതെന്നും പ്രിയ ചോദിക്കുന്നു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയ ഭവാനി ശങ്കര്‍.
‘ഒരു പ്രമുഖ മാസികയില്‍ ഞാന്‍ അഭിനയിച്ച ഒരു സിനിമയെ കുറിച്ച് അവര്‍ എഴുതിത്തയത് ‘ഇത്ര വലിയ സിനിമയില്‍ ബ്രഹ്‌മാണ്ഡമായ നായകന് ഇത്രയും സാധാരണക്കാരിയായ നായികയോ?’ എന്നാണ്. നിങ്ങള്‍ക്കത് വിശ്വസിക്കാന്‍ കഴിയുന്നുണ്ടോ, ചെറിയ മാസികയൊന്നും അല്ല. നമ്മുടെ നാട്ടില്‍ നല്ല രീതിയില്‍ വായനക്കാരുള്ള ഒരു വലിയ മാസികയാണത്. നായിക നമ്മുടെ നാട്ടിലെ സാധാരണക്കാരിയെപോലെ ഉണ്ടെന്നതായിരുന്നു അവരുടെ പ്രശ്‌നം.
എന്തുകൊണ്ട് സാധാരണക്കാരെ പോലെ ഇരുന്നുകൂടാ? ആവറേജും നോര്‍മലും ആയി ഇരുന്നാല്‍ എന്താണ് തെറ്റ്? അതെന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. ഒരു സിനിമയിലെ നായിക എന്ന രീതിയിലേക്ക് വരുമ്പോള്‍ അവര്‍ക്ക് ആ എക്‌സ്ട്രാ ഫാക്ടര്‍ ആവശ്യമായി വരുന്നുണ്ട്. നിങ്ങള്‍ക്ക് നായികമാരെ സ്വന്തം സംസ്ഥാനത്തുനിന്ന് തന്നെ കിട്ടുമ്പോള്‍ എന്തിനാണ് ഇപ്പോഴും മൂന്ന് സ്റ്റേറ്റ് അപ്പുറത്ത് നിന്ന് നായികമാരെ അന്വേഷിക്കണ്ട ആവശ്യം എന്നാണ് ഞാന്‍ ആലോചിക്കുന്നത്,’ പ്രിയ ഭവാനി പറയുന്നു.