Entertainment news
ആസിഫിനെ ഒഴിച്ച് റോഷാക്കിലെ എല്ലാവരേയും ഞാന്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു; പക്ഷേ ആസിഫിനെ മാത്രം വിളിക്കാന്‍ കഴിഞ്ഞില്ല: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 22, 07:58 am
Thursday, 22nd December 2022, 1:28 pm

റോഷാക്ക് സിനിമയിലെ ആസിഫിന്റെ പ്രകടനം അതിമനോഹരമാണെന്ന് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. സിനിമ കണ്ടതിനുശേഷം മമ്മൂട്ടിയേയും നിസാമിനേയുമൊക്കെ വിളിച്ചിരുന്നുവെന്നും എന്നാല്‍ ആസിഫിനെ മാത്രം വിളിക്കാന്‍ കഴിഞ്ഞില്ലായിരുന്നുവെന്നും താരം പറഞ്ഞു. ആസിഫ് ഒരു വലിയ സ്റ്റാറാകുമെന്ന് തനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

‘റോഷാക്കില്‍ ആസിഫ് ഗംഭീരമായിരുന്നു. എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ട ഒരു സിനിമയാണ് റോഷാക്ക്. തിയേറ്ററില്‍ പോയി എനിക്ക് ആ സിനിമ കാണാന്‍ സാധിച്ചിരുന്നില്ല. ഒ.ടി.ടിയില്‍ വന്നപ്പോഴാണ് ഞാന്‍ റോഷാക്ക് കണ്ടത്. കണ്ടപ്പോള്‍ തന്നെ ഞാന്‍ മമ്മൂക്കയേയും നിസാമിനെയും വിളിച്ച് സിനിമ നല്ലതാണെന്ന് പറഞ്ഞിരുന്നു.

അതുപോലെ തന്നെ സിനിമയുടെ ക്യാമറമാനെ എനിക്ക് വ്യക്തിപരമായി അറിയാം. അദ്ദേഹത്തെയും ഞാന്‍ വിളിച്ചിരുന്നു. റോഷാക്കിലെ ഒരു കഥാപാത്രം ചെയ്ത കുട്ടിയാണ് വിലായത്ത് ബുദ്ധയിലെ ഫീമെയില്‍ ലീഡ് ചെയ്യുന്നത്. പ്രിയംവദ എന്നാണ് ആ കുട്ടിയുടെ പേര്. ആ കുട്ടിയോടും ഞാന്‍ റോഷാക്കിലെ അഭിനയത്തെ കുറിച്ച് സംസാരിച്ചിരുന്നു.

എന്നാല്‍ എനിക്ക് ആസിഫിനെ മാത്രം അന്ന് വിളിക്കാന്‍ കഴിഞ്ഞിരുന്നില്ല. സിനിമയിലെ ആസിഫിന്റെ പ്രകടനം അതിമനോഹരമായിരുന്നു. ആ സിനിമയുടെ തന്നെ ആത്മാവ് ആ കഥാപാത്രമാണ്. ആസിഫ് ഇപ്പോഴെന്നല്ല പണ്ടുമുതലേ ഇങ്ങനെ തന്നെയാണ്. ഞാനും ആസിഫും സപ്തമശ്രീ തസ്‌കരയില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമയിലെ ആസിഫിന്റെ ഇന്‍ട്രോ സീന്‍ ഞാനാണ് അന്ന് ഷൂട്ട് ചെയ്തത്.

അതൊരു ഫൈറ്റ് സീനായിരുന്നു. അന്ന് തന്നെ ഞാന്‍ സിനിമയുടെ സംവിധായകനോട് പറഞ്ഞിരുന്നു. ഒരു സ്റ്റാര്‍ മെറ്റീരിയലാണ് കക്ഷിയെന്ന്. ഉറപ്പായും ഉയര്‍ന്നുവരുമെന്നും എനിക്ക് അറിയാമായിരുന്നു. അതൊക്കെ എനിക്ക് ഇപ്പോഴും നല്ല ഓര്‍മയുണ്ട്. പിന്നെ എനിക്ക് പറയാനുള്ള വേറൊരു കാര്യം തല്‍ക്കാലം ഇന്ത്യയിലെ തന്നെ ഫേമസ് റോളക്‌സ് വാച്ചാണ് ആസിഫിന്റെ കയ്യിലിരിക്കുന്നത്,’ പൃഥ്വിരാജ് പറഞ്ഞു.

ഈ വര്‍ഷം മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് മമ്മൂട്ടി നായകനായ റോഷാക്ക്. സിനിമയില്‍ ഒരു പ്രധാന വേഷത്തിലാണ് ആസിഫ് അലി എത്തിയത്. സിനിമയിലുടനീളം മുഖം മറച്ചായിരുന്നു താരം അഭിനയിച്ചത്. എന്നാല്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ പ്രേക്ഷകര്‍ ആസിഫിനെ തിരിച്ചറിഞ്ഞിരുന്നു.

content highlight: prithviraj talks about asif ali’s character in rorschach