കെ. ജി. എഫിന് ശേഷം പ്രശാന്ത് നീൽ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം സലാർ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. തുടർ പരാജയങ്ങൾക്ക് ശേഷം പ്രഭാസ് നായകനാവുന്ന ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വരദരാജ മന്നാർ എന്ന വേഷത്തിലാണ് പൃഥ്വി ചിത്രത്തിൽ എത്തുന്നത്.
സിനിമയിലേക്ക് പ്രശാന്ത് തന്നെ വിളിച്ച അനുഭവം പറയുകയാണ് പൃഥ്വി. ആ ഫോൺ കോൾ താനിപ്പോഴും ഓർക്കുന്നുണ്ടെന്നും പ്രശാന്ത് വിളിച്ച് തനിക്ക് വേണ്ടി ഷൂട്ടിങ് നിർത്തി വെക്കാം എന്ന് പറഞ്ഞപ്പോൾ അത്ഭുതമായെന്നും പൃഥ്വി പറയുന്നു.
ആ വേഷത്തിലോട്ട് ആരെ വിളിച്ചാലും തീർച്ചയായും ഓക്കെ പറയുമെന്നും ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.
‘ഞാൻ ഇപ്പോഴും ആ ഫോൺ കോൾ ഓർക്കുന്നു. പ്രശാന്ത് നീലിനോട് ഞാൻ ആദ്യം തന്നെ പറഞ്ഞത്, സോറി എനിക്ക് ഈ സിനിമ ചെയ്യാൻ കഴിയില്ല എന്നായിരുന്നു. കാരണം എന്റെ ആടുജീവിതത്തിനായി ഒരുപാട് ദിവസങ്ങൾ തീരുമാനിച്ചിട്ടുണ്ടായിരുന്നു. അതുപോലെ പെട്ടെന്ന് ഓക്കെ പറയാൻ കഴിയുന്ന ഒരു സിനിമയല്ല സലാർ. അത് അത്രയും വലിയ സിനിമയാണ്. എന്റെ സൗകര്യത്തിന് വേണ്ടി ഡേറ്റ് മാറ്റാൻ ഒന്നും പറ്റില്ല.
ഒരു ദിവസം പ്രശാന്ത് വീണ്ടും വിളിച്ചു. അന്നദ്ദേഹം പറഞ്ഞത്, സർ ഞാൻ പ്രഭാസ് സാറിനോട് സംസാരിച്ചിട്ടുണ്ട്, നിങ്ങൾക്ക് എപ്പോഴാണോ പറ്റുക അത് പറയൂ, എന്നിട്ട് നമുക്ക് ഷൂട്ട് തുടങ്ങാം.
ഞാൻ ഒരുപാട് ആലോചിച്ചു. കാരണം അത് പ്രശാന്ത് നീലാണ്, ആ സിനിമ സലാറാണ്. അതിലെ കഥാപാത്രമാണെങ്കിലും പ്രഭാസുമായി തുല്യ പ്രാധാന്യമുള്ളതാണ്. ഞാൻ ആലോചിച്ചത് അദ്ദേഹത്തിന് ആരെ വേണമെങ്കിലും സിനിമയിലേക്ക് കാസ്റ്റ് ചെയ്യാം. പ്രശാന്തിന് ബോളിവുഡിൽ നിന്ന് ആരെ വേണമെങ്കിലും വിളിക്കാം. എല്ലാവരും തീർച്ചയായും യെസ് തന്നെ പറയും. ഈ കഥാപാത്രമായത് കൊണ്ട് തീർച്ചയായും ഓക്കെ പറയും.
പക്ഷെ പ്രശാന്ത് എന്റെ അടുത്തേക്കാണ് വന്നത്. എനിക്ക് വേണ്ടി ഷൂട്ടിങ് നിർത്തി വെക്കാം സെറ്റ് ഹോൾഡ് ചെയ്യാം എന്നായിരുന്നു പറഞ്ഞത്.
അതൊരിക്കലും എനിക്ക് മറക്കാനാവാത്ത ഒരു അനുഭവമാണ്. പ്രശാന്തിനെ പോലൊരാൾക്ക് ഞാൻ ഇല്ലാതെ ഈ സിനിമ ചെയ്യാൻ കഴിയില്ല എന്ന് തോന്നുമ്പോൾ എനിക്കൊരു കടപ്പാട് തോന്നുകയാണ്,’പൃഥ്വിരാജ് പറയുന്നു.
Content Highlight: Prithviraj Talk About The Phone Call Of Prashanth Neel For Salaar