Entertainment
എല്ലാ കണക്കുകൂട്ടലുകളും അന്ന് തകിടം മറിഞ്ഞു, എന്നാൽ ഞാൻ അവസാനം വരെ ഉറച്ചു നിന്നു: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 25, 03:36 am
Monday, 25th March 2024, 9:06 am

മലയാളികൾ ഏവരും ആടുജീവിതത്തിനായി കാത്തിരിക്കുകയാണ്.

ബെന്യാമിൻ മലയാളികൾക്ക് മുമ്പിൽ വരച്ചിട്ട ആടുജീവിതമെന്ന പുസ്തകത്തെ ബ്ലെസിയെ പോലൊരു സംവിധായകൻ ചലച്ചിത്രാവിഷ്ക്കാരമായി ഒരുക്കുമ്പോൾ പ്രേക്ഷകരുടെ വായനാനുഭവത്തിനപ്പുറം കാണാൻ കഴിയുമോയെന്ന പ്രതീക്ഷയിലാണ് മലയാളികൾ.

നജീബായി മാറാൻ പൃഥ്വിരാജ് നടത്തിയ മേക്കോവർ അത്ഭുതത്തോടെയാണ് പ്രേക്ഷകർ നോക്കികണ്ടത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ചിത്രം റിലീസിനൊരുങ്ങുകയാണ്. സിനിമ ചെയ്യുന്നതിനിടയിൽ നേരിട്ട പ്രശ്നങ്ങളെ കുറിച്ച് പറയുകയാണ് പൃഥ്വിരാജ്.

ഇടയ്ക്ക് കൊവിഡിന്റെ വരവോടെ ചിത്രത്തിന്റെ ഷൂട്ട്‌ മുടങ്ങിപോയിരുന്നു. ശരീരഭാരം കുറച്ച അവസ്ഥയിലുള്ള പൃഥ്വിരാജ് വീണ്ടും പൂർവസ്ഥിതിയിലേക്ക് തിരിച്ച് പോവേണ്ടി വന്ന സമയമായിരുന്നു അത്. അത്തരത്തിൽ ഒരുപാട് വെല്ലുവിളികൾ നേരിട്ട ചിത്രമാണ് ആടുജീവിതം. അത്തരം സന്ദർഭങ്ങളിലെല്ലാം എല്ലാവർക്കും പ്രചോദനമായത് സംവിധായകൻ ബ്ലെസിയാണെന്നും സിനിമ അവസാനിക്കാൻ ഇത്രയും സമയം വേണ്ടിവരുമെന്ന് കരുതിയില്ലെന്നും പൃഥ്വി പറഞ്ഞു. മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു താരം.

‘2009ൽ ആടുജീവിതം ഏറ്റെടുക്കുമ്പോൾ അത് 16 വർഷത്തോളം നീണ്ടുനിൽക്കുന്ന ഒരു യാത്രയാകുമെന്ന് ഒരിക്കലും കരുതിയില്ല. പരമാവധി 3 വർഷം കൊണ്ട് പൂർത്തിയാക്കാനാകും എന്നായിരുന്നു ചിന്ത. അന്നത്തെ സമയത്ത് അതു തന്നെ വലിയൊരു കമ്മിറ്റ്മെന്റ് ആയിരുന്നു. പക്ഷെ എല്ലാ കണക്കുകൂട്ടലുകളും തകിടം മറിഞ്ഞു. കാരണങ്ങൾ പലതാണ്.

പക്ഷെ ഉത്തരവാദിത്തം ഏറ്റെടുത്താൽ അത് പൂർത്തിയാക്കുക എന്നത് എന്റെ രീതിയാണ്. അതുകൊണ്ട് തന്നെ അവസാനം വരെ ഉറച്ചു നിന്നു. എന്നാൽ ഇതിനൊക്കെ അപ്പുറം പറയേണ്ട ഒരു പേരുണ്ട്, ബ്ലെസി. പ്രതിസന്ധിയുടെ ഓരോ ഘട്ടത്തിലും ഞാനുൾപ്പെടെയുള്ളവരെ പ്രചോദിപ്പിച്ച്, കൂടെക്കൂട്ടിയത് അദ്ദേഹമാണ്,’പൃഥ്വിരാജ് പറയുന്നു.

Content Highlight: Prithviraj Talk About Risks Of Aadujeevitham Shooting