മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമാണ് ലൂസിഫര്‍. 2019ല്‍ പുറത്തിറങ്ങിയ ഈ ചിത്രം നിര്‍മിച്ചത് ആന്റണി പെരുമ്പാവൂര്‍ ആയിരുന്നു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമെന്ന സവിശേഷതയും ലൂസിഫറിനുണ്ടായിരുന്നു.
ചിത്രത്തില്‍ മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോകനായകനായുമാണ് എത്തിയത്. മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, വിവേക് ഒബ്റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങിയ മികച്ച താരനിരയായിരുന്നു ലൂസിഫറില്‍ ഒന്നിച്ചത്.
ഇപ്പോള്‍ ലൂസിഫര്‍ സിനിമയിലേക്ക് താന്‍ എത്തിയതിനെ കുറിച്ച് പറയുകയാണ് പൃഥ്വിരാജ് സുകുമാരന്‍. മുരളി ഗോപിയോട് ആരാണ് സംവിധാനം ചെയ്യാന്‍ പോകുന്നതെന്ന തന്റെ ചോദ്യത്തിന് ‘എന്താ ചെയ്യുന്നോ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യമെന്നാണ് അദ്ദേഹം പറയുന്നത്.
ആ ചോദ്യത്തില്‍ നിന്നാണ് എല്ലാറ്റിന്റെയും തുടക്കമെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ് സുകുമാരന്‍. ആശീര്‍വാദുമായി വളരെ നേരത്തെ തന്നെ മുരളി ഗോപിക്ക് ഒരു എഗ്രിമെന്റുണ്ടായിരുന്നെന്നും അതിലേക്ക് തന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നെന്നും നടന്‍ പറഞ്ഞു.
‘അന്ന് മുരളി എന്നോട് ഒരു കഥ പറഞ്ഞു. എനിക്കത് ഇഷ്ടപ്പെട്ടു. ആരാണ് അത് സംവിധാനം ചെയ്യാന്‍ പോകുന്നതെന്ന എന്റെ ചോദ്യത്തിന് ‘എന്താ ചെയ്യുന്നോ’ എന്നായിരുന്നു മുരളിയുടെ മറുചോദ്യം. ആ ചോദ്യത്തില്‍ നിന്നാണ് എല്ലാറ്റിന്റെയും തുടക്കം.
ആശീര്‍വാദുമായി വളരെ നേരത്തെ തന്നെ മുരളിക്ക് ഒരു എഗ്രിമെന്റുണ്ടായിരുന്നു. എന്നാല്‍ ലാലേട്ടനെവച്ച് രാജേഷ് പിള്ളയായിരുന്നു ആ സിനിമ സംവിധാനം ചെയ്യാനിരുന്നത്. മുരളി അതിലേക്ക് എന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു,’ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.
Content Highlight: Prithviraj Sukumaran Talks About Murali Gopi And Lucifer Movie