വളരെ ആത്മവിശ്വാസമുള്ള ആളാണ് ലോകേഷ് കനകരാജെന്ന് പൃഥ്വിരാജ് സുകുമാരന്‍. സൂപ്പര്‍ ടാലന്റായ ലോകേഷ് ഇപ്പോള്‍ ഒരു ബ്രാന്‍ഡായി തന്നെ മാറിയിട്ടുണ്ടെന്നും താരം പറഞ്ഞു. തന്റെ ആടുജീവിതം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഗലാട്ട തമിഴിനോട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
‘വളരെ കോണ്‍ഫിഡന്‍ഡായ ഒരാളാണ് ലോകേഷ്. അദ്ദേഹം സൂപ്പര്‍ ടാലന്റായ വ്യക്തിയാണ്. ഇപ്പോള്‍ ലോകേഷ് ഒരു ബ്രാന്‍ഡായി തന്നെ മാറിയിട്ടുണ്ട്. ഒരു സിനിമ വരുമ്പോള്‍ ആര് നായകനായാലും ലോകേഷ് പടം എന്നത് തന്നെയാണ് അതിന് കിട്ടുന്ന ഏറ്റവും വലിയ ടാഗ് ലൈന്‍.
അദ്ദേഹത്തിന്റെ അടുത്ത സിനിമ രജിനി സാറിന്റെ കൂടെയാണ്. രജിനി സാറിനെ നായകനാക്കി ഒരു സിനിമ ചെയ്യുമ്പോള്‍ അത് രജിനി സിനിമ ആണെങ്കിലും ലോകേഷ് പടം എന്നത് അതിന്റെ വാല്യൂ വര്‍ധിപ്പിക്കുന്നുണ്ട്.
വലിയ സൂപ്പര്‍ സ്റ്റാറുകള്‍ പോലും ലോകേഷിന്റെ സിനിമയില്‍ ഭാഗമാകുന്നു എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്. അത്രയും ബ്രാന്‍ഡ് വാല്യൂ ഉണ്ടായിട്ടും എപ്പോഴും പുതിയത് എന്തെങ്കിലുമൊക്കെ ചെയ്യാന്‍ ശ്രമിക്കുന്ന ആളാണ് അദ്ദേഹം. സിനിമയില്‍ സ്വന്തമായി ഒരു സ്‌റ്റൈല്‍ ഉണ്ടാക്കിയെടുക്കാനും ലോകേഷ് ശ്രമിക്കുന്നുണ്ട്.
അദ്ദേഹം ഒരിക്കലും കംഫര്‍ട്ടബിളായി ഇരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ ലോകേഷിനോട് എപ്പോള്‍ സംസാരിക്കുമ്പോഴും പുതുതായി എന്തെങ്കിലും ചെയ്യണം എന്നാണ് അദ്ദേഹം പറയാറുള്ളത്. അടുത്ത പടം ഇതാണ്, അതില്‍ ഈ കാര്യമാണ് ചെയ്യാന്‍ പോകുന്നത് എന്നൊക്കെ പറയാറുണ്ട്,’ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.
തമിഴിലെ മുന്‍നിര നടന്മാരെ വെച്ച് സിനിമ ചെയ്യുകയാണെങ്കില്‍ ഓരോരുത്തര്‍ക്കും ഏത് ഴോണറാകും നല്‍കുക എന്ന ചോദ്യത്തിനും താരം അഭിമുഖത്തില്‍ മറുപടി പറയുന്നു. സൂര്യയെ നായകനാക്കി ഏത് ഴോണറിലുള്ള സിനിമയാകും ചെയ്യുകയെന്ന ചോദ്യത്തിന് റൊമാന്റിക് സിനിമ ചെയ്യാനാണ് ആഗ്രഹമെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
‘ഒരു ലവ് സ്റ്റോറി സംവിധാനം ചെയ്യണമെങ്കില്‍ മികച്ച ഒരു നടനെ ആവശ്യമാണ്. എന്നെ സംബന്ധിച്ച് സൂര്യ എന്ന നടന്‍ ഇന്ത്യയില്‍ തന്നെ വളരെ ഭംഗിയായി റൊമാന്‍സ് ചെയ്യാന്‍ കഴിയുന്ന നടന്മാരില്‍ ഒരാളാണ്. ഒരു മെച്വര്‍ ആയ മികച്ച ഒരു ലവ് സ്റ്റോറി സൂര്യയെ വെച്ച് ചെയ്യണം എന്നാണ് എന്റെ ആഗ്രഹം,’ പൃഥ്വിരാജ് പറഞ്ഞു.
Content Highlight: Prithviraj Sukumaran Talks About Lokesh Kanakaraj