2011ല്‍ ബോളിവുഡ് സംവിധായകനായ കരണ്‍ ജോഹര്‍ അദ്ദേഹത്തിന്റെ ആന്തോളജി ചിത്രത്തിലേക്ക് തന്നെ വിളിച്ചിരുന്നുവെന്ന് പറയുകയാണ് പൃഥ്വിരാജ് സുകുമാരന്‍. ടാലന്റുള്ള ആളുകളുടെ ഒരു മൈഗ്രേഷന്‍ നടക്കുന്ന കാലമാകും ഇനി വരാനിരിക്കുന്നതെന്ന് കരണ്‍ അന്ന് പറഞ്ഞിരുന്നുവെന്നും നടന്‍ പറയുന്നു.
ഇപ്പോള്‍ സൗത്തിന്ത്യന്‍ സിനിമ, ബോളിവുഡ് സിനിമ എന്നുള്ള ടേമുകളൊക്കെ കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്നും വലിയ സിനിമകള്‍ ഇറങ്ങുമ്പോള്‍ എല്ലായിടത്തും ആ സിനിമ കാണാന്‍ ആളുകളുണ്ടെന്നും പൃഥ്വി പറഞ്ഞു. എച്ച്.ടി സിറ്റി എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘ഞാന്‍ 2011ല്‍ ഒരിക്കല്‍ കരണ്‍ ജോഹറിനെ കണ്ടിരുന്നു. അന്ന് കരണ്‍ എനിക്ക് മുന്നില്‍ ഒരു ഓഫര്‍ വെച്ചു. ഒരു ആന്തോളജി സിനിമയായിരുന്നു അത്. ആ ആന്തോളജിയില്‍ ഒരു സിനിമയില്‍ എനിക്ക് അഭിനയിക്കാന്‍ താത്പര്യമുണ്ടോയെന്ന് ചോദിച്ചു. കരണ്‍ തന്നെ സംവിധാനം ചെയ്യുന്ന സിനിമയായിരുന്നു അത്. അതിന്റെ പേര് ഞാന്‍ മറന്നു.
അന്ന് കരണ്‍ എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു. അത് ഞാന്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. ടാലന്റുള്ള ആളുകളുടെ ഒരു മൈഗ്രേഷന്‍ നടക്കുന്ന കാലമാകും ഇനി വരാനിരിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. സൗത്തില്‍ നിന്നുള്ള ആളുകള്‍ നോര്‍ത്തിലേക്കും നോര്‍ത്തിലെ ടെക്‌നീഷ്യന്‍സ് സൗത്തിലുമൊക്കെ വര്‍ക്ക് ചെയ്യുമെന്നായിരുന്നു കരണ്‍ പറഞ്ഞത്.
ഇപ്പോള്‍ കൃത്യമായി അത് തന്നെയാണ് നടക്കുന്നത്. സൗത്തില്‍ നിന്നുള്ള സിനിമ, ബോളിവുഡ് സിനിമ എന്നുള്ള ടേമുകളൊക്കെ നമ്മള്‍ ഇപ്പോള്‍ കൂടുതലായി ഉപയോഗിക്കുന്നുണ്ട്. വലിയ സിനിമകള്‍ ഇറങ്ങുമ്പോള്‍ എല്ലായിടത്തും ആ സിനിമ കാണാന്‍ ആളുകളുണ്ട്. പുഷ്പയൊക്കെ അതിന് ഉദാഹരണമാണ്.
ഒറീസയില്‍ ഇരിക്കുന്ന ഒരാള്‍ പുഷ്പ കാണുന്നുവെന്ന് കരുതുക. അവര്‍ അത് ഒരു തെലുങ്ക് സിനിമയെന്ന രീതിയിലല്ല കാണുക. പകരം അവര്‍ അതൊരു ഹിന്ദി സിനിമയായിട്ടാകും കാണുക. നല്ല സിനിമകള്‍ വരുമ്പോള്‍ അത് എവിടെ നിന്നാണ് വരുന്നതെന്ന് ആരും നോക്കില്ല. എല്ലാവരും അതിനെ സ്വീകരിക്കും,’ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.
Content Highlight: Prithviraj Sukumaran Talks About Karan Johar