വിലക്ക് നേരിട്ടുണ്ട്; പാർവതിക്ക് മുമ്പേ നിങ്ങൾക്ക് മുന്നിലുള്ള ഉദാഹരണമല്ലേ ഞാൻ: പൃഥ്വിരാജ്
Cinema
വിലക്ക് നേരിട്ടുണ്ട്; പാർവതിക്ക് മുമ്പേ നിങ്ങൾക്ക് മുന്നിലുള്ള ഉദാഹരണമല്ലേ ഞാൻ: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 26th August 2024, 5:40 pm

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമാരംഗത്തെ വിവാദങ്ങൾ കനക്കുന്നു. 296 പേജുള്ള റിപ്പോര്‍ട്ടിന്റെ 233 പേജുകളിലെ ഉള്ളടക്കമായിരുന്നു പുറത്തുവിട്ടത്. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ചുണ്ടെന്നും സിനിമാ രംഗത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പ്രതികരണവുമായി നിരവധിയാളുകള്‍ മുന്നോട്ട് വന്നിരുന്നു.

ഇപ്പോള്‍ ആരോപണങ്ങളില്‍ പഴുതടച്ചുള്ള അന്വേഷണം ഉണ്ടാകണമെന്ന് പറയുകയാണ് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. ചൂഷണങ്ങള്‍ക്കെതിരെ കൃത്യമായ അന്വേഷണവും ശിക്ഷയും വേണമെന്നും പൃഥ്വിരാജ് പറയുന്നു. തന്റെ ഉടമസ്ഥതയിലുള്ള ഫുട്‌ബോള്‍ ക്ലബിന്റെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘ആരോപണങ്ങളില്‍ പഴുതടച്ചുള്ള അന്വേഷണം ഉണ്ടാകണം. അന്വേഷണത്തിന് ഒടുവില്‍ കുറ്റകൃത്യങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ മാതൃകാപരമായ ശിക്ഷാനടപടികള്‍ ഉണ്ടാകണം. അങ്ങനെ മാത്രമേ ഇതിനൊരു അവസാനം ഉണ്ടാകുകയുള്ളു. അന്വേഷണത്തിന് ഒടുവില്‍ ഈ ആരോപണങ്ങള്‍ കള്ളമാണെന്ന് തെളിയിക്കപ്പെട്ടാല്‍ മറിച്ചും മാതൃകാപരമായ ശിക്ഷാനടപടികള്‍ ഉണ്ടാകണം.

നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥിതി അനുസരിച്ച് ഇരകളുടെ പേരുകള്‍ സംരക്ഷിക്കപ്പെടണം. ആരോപണ വിധേയരുടെ പേരുകള്‍ സംരക്ഷിക്കപ്പെടണമെന്ന് നിയമവ്യവസ്ഥിതിയില്‍ ഇല്ലാത്തിടത്തോളം കാലം അവരുടെ പേരുകള്‍ പുറത്തുവിടുന്നതില്‍ നിയമ തടസങ്ങളൊന്നുമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. പിന്നെ ഹേമ കമ്മിറ്റിയിലെ ആളുകളുടെ പേരുകള്‍ പുറത്തുവിടണോ വേണ്ടയോ എന്നത് തീരുമാനിക്കണ്ടത് ഞാനോ നിങ്ങളോയല്ല,’ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.

അമ്മയ്ക്ക് വീഴ്ച സംഭവിച്ചുവെന്നതില്‍ സംശയമില്ല. പവര്‍ ഗ്രൂപ്പ് ഇല്ല എന്ന് എനിക്ക് അവകാശപ്പെടാനാകില്ല. താന്‍ അനുഭവിച്ചിട്ടില്ല എന്നതുകൊണ്ട് അങ്ങനെയൊരു ഗ്രൂപ്പ് ഇല്ലെന്ന് പറയാനാകില്ല. സംഘടിതമായി തൊഴിലവസരം നിഷേധിക്കുന്നുണ്ടെങ്കില്‍ അത് പാടില്ല. അതിനെയാണ് പവര്‍ ഗ്രൂപ്പ് എന്ന് വിളിക്കുന്നതെങ്കില്‍ അത് ഇല്ലാതാകണമെന്നും പൃഥ്വിരാജ് പറഞ്ഞു.

സിനിമാ വിലക്ക് നേരിട്ടുണ്ട്, പാര്‍വതിക്ക് മുമ്പേ നിങ്ങള്‍ക്ക് മുന്നിലുള്ള ഉദാഹരണമാണ് താന്‍. തന്റെ നിയന്ത്രണത്തിലുള്ള തൊഴിലിടം സുരക്ഷിതമാണെന്ന് പറയുന്നതില്‍ തീരുന്നില്ല ഒരാളുടെയും ഉത്തരവാദിത്തം. എല്ലാ സംഘടനകളുടെയും തലപ്പത്ത് വനിതാ പ്രാതിനിധ്യം വേണമെന്നും പൃഥ്വിരാജ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം ആരോപണങ്ങള്‍ക്ക് പിന്നാലെ ‘അമ്മ’ ജനറല്‍ സെക്രട്ടറി സിദ്ദിഖിനും ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ രഞ്ജിത്തിനും രാജിവെക്കേണ്ടി വന്നിരുന്നു. ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ആരോപണവിധേയര്‍ മാറിനില്‍ക്കുക തന്നെ വേണമെന്നാണ് നടന്‍ പ്രതികരിച്ചത്.

Content Highlight: Prithviraj Sukumaran Talks About Hema Committee Report And AMMA