ഇപ്പോള്‍ മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. 2019ല്‍ മോഹന്‍ലാല്‍ – പൃഥ്വിരാജ് സുകുമാരന്‍ കൂട്ടുകെട്ടില്‍ എത്തിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ഇത്.
പൃഥ്വിരാജിന്റെ ആദ്യ സംവിധാന ചിത്രമായിരുന്നു ലൂസിഫര്‍. മുരളി ഗോപി തിരക്കഥ ഒരുക്കിയ ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോക നായകനായുമാണ് മോഹന്‍ലാല്‍ എത്തിയത്.
ട്രെയ്‌ലറും ടീസറുമൊക്കെ ഇറങ്ങിയപ്പോള്‍ മിക്കവരും എമ്പുരാന്റെ മ്യൂസിക്കിനെ കുറിച്ചും സംസാരിച്ചിരുന്നു. ഹോളിവുഡ് ലെവല്‍ മ്യൂസിക് എന്നാണ് പലരും വിശേഷിപ്പിച്ചിരുന്നത്.
ദീപക് ദേവായിരുന്നു എമ്പുരാന്റെ മ്യൂസിക് ചെയ്തിരുന്നത്. ഇപ്പോള്‍ ദീപക് ദേവിനെ കുറിച്ച് പറയുകയാണ് പൃഥ്വിരാജ് സുകുമാരന്‍. തന്നോട് ചോദിച്ചാല്‍ രാജ്യത്തെ മികച്ച സംഗീതജ്ഞരില്‍ ഒരാളാണ് ദീപക് എന്നാകും താന്‍ പറയുകയെന്നാണ് പൃഥ്വി പറയുന്നത്.
‘എമ്പുരാന്റെ മ്യൂസിക്കിന് പിന്നില്‍ ആരാണെന്ന് ചോദിച്ചാല്‍ ദീപക് ദേവിന്റെ പേരാണ് പറയാനുള്ളത്. എന്നോട് ചോദിച്ചാല്‍ നമ്മുടെ രാജ്യത്തെ മികച്ച സംഗീതജ്ഞരില്‍ ഒരാളാണ് ദീപക് എന്നാകും ഞാന്‍ പറയുക.
മെയിന്‍ സ്ട്രീം കൊമേഴ്ഷ്യല്‍ മാസ് സിനിമകളുടെ പേരിലൊന്നും ദീപകിന്റെ പേര് പറയുന്നത് നമ്മള്‍ കേട്ടിട്ടില്ല. പക്ഷെ എനിക്ക് അദ്ദേഹത്തെ ഒരുപാട് വിശ്വാസമുണ്ട്.
ഞാന്‍ ആദ്യമായി ഒരു സിനിമ പ്രൊഡ്യൂസ് ചെയ്തത് ഉറുമിയായിരുന്നു. എനിക്ക് അതില്‍ മ്യൂസിക് ചെയ്യാന്‍ ലഭിച്ചത് ദീപക് ദേവിനെ ആയിരുന്നു. എന്റെ സംവിധാനത്തില്‍ എത്തിയ മൂന്ന് സിനിമകളിലും ദീപക് തന്നെയായിരുന്നു മ്യൂസിക് ചെയ്തത്.
എനിക്ക് ദീപക്കില്‍ ഏറ്റവും ഇഷ്ടമുള്ള കാര്യം, അയാള്‍ ഒരു പ്യുവര്‍ മ്യുസിഷനാണ്. ഒരു കീബോര്‍ഡ് പ്ലേ ചെയ്ത്, മ്യൂസിക് കമ്പോസ് ചെയ്യുന്ന ആളാണ്. അദ്ദേഹം വരികള്‍ എഴുതും.
ഒരു ജീനിയസായ സൗണ്ട് പ്രോഗ്രാമര്‍ കൂടിയാണ് ദീപക്. ഞാനും ദീപക്കും ഒരുപാട് തവണ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ എമ്പുരാനില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ അതിന്റേതായ സ്വാതന്ത്ര്യം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു,’ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.
Content Highlight: Prithviraj Sukumaran Talks About Deepak Dev