മലയാളികൾക്ക് പ്രിയങ്കരനായ ചലച്ചിത്രനടനും സംവിധായകനും നിർമാതാവുമാണ് പൃഥ്വിരാജ് സുകുമാരൻ.
സിനിമയുടെ പ്രധാനപ്പെട്ട എല്ലാ മേഖലയിലും ആഴത്തിൽ അവഗാഹമുള്ള താരം സിനിമയിൽ തനിക്ക് നേരിടേണ്ടി വന്ന വിമർശനങ്ങളെ ക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.
സിനിമയിൽ നിന്നും തനിക്ക് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും എന്നാൽ അതേ സമയത്ത് തന്നെ തന്റെ സിനിമകൾക്ക് അത്യാവശ്യം സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്നും കൊള്ളാവുന്നവ വിജയിച്ചിട്ടുണ്ടെന്നുമാണ് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്.
കൂടാതെ മമ്മൂട്ടിക്കും മോഹൻ ലാലിനുമെതിരെ വിമർശനങ്ങൾ ഉയരാമെങ്കിൽ തനിക്കും അത് ബാധകമാണെന്ന് പൃഥിരാജ് കൂട്ടിച്ചേർത്തു.
എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം തനിക്കെതിരെ ഉയർന്ന് വരുന്ന വിമർശനങ്ങളെക്കുറിച്ച് സംസാരിച്ചത്.
“ഞാൻ വിമർശനങ്ങളും നിരുത്സാഹപ്പെടുത്തലുകളും ഏറ്റുവാങ്ങിയിട്ടുണ്ട്. എങ്കിലും എന്റെ സിനിമകൾ പരാജയപ്പെട്ടിരുന്ന സമയത്തും എനിക്ക് പുതിയ സിനിമകൾ ലഭിച്ചിരുന്നു. എന്റെ സിനിമകൾ ആദ്യ ദിവസം തിയേറ്ററിൽ കാണാൻ ആളുകൾ വന്നിരുന്നു.
അത് നല്ല സിനിമകളാണെങ്കിൽ അവ വിജയിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോൾ അന്നും എന്നിൽ പ്രതീക്ഷയർപ്പിച്ചിരുന്നവർ ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ. അല്ലെങ്കിൽ ഇത്രയും നിരുത്സാഹപ്പെടുത്തലുകൾ കേട്ടിട്ടും എന്നെ ഇന്റർവ്യൂവിന് വിളിക്കില്ലല്ലോ,’ പൃഥ്വിരാജ് പറഞ്ഞു.
“ഞാൻ സിനിമയിൽ എത്തിപ്പെടാൻ വലിയ രീതിയിൽ കഷ്ടപ്പെട്ടിട്ടുള്ള ആളല്ല. എന്റെ പരീക്ഷണങ്ങൾ എന്നത് എനിക്ക് നേരിടേണ്ടി വന്ന വിമർശനങ്ങളാണ് അത് ഒരിക്കലും അവസാനിക്കുമെന്ന് ഞാൻ വിചാരിക്കുന്നില്ല.