മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാനിലെ പുതിയ ചിത്രം പുറത്ത്. പൃഥ്വിരാജ് തന്നെയാണ് ചിത്രം ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
കണ്ണില്‍ തീക്ഷ്ണഭാവത്തോടെ നില്‍ക്കുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
‘നിങ്ങള്‍ അത്യുന്നതങ്ങളിലായിരിക്കുന്ന നിമിഷങ്ങളില്‍ എപ്പോഴും സൂക്ഷിക്കുക, അപ്പോഴാണ് ചെകുത്താന്‍ നിങ്ങളെ തേടിയെത്തുന്നത് (At your highest moment…be careful. That’s when the devil comes for you) എന്ന ഹോളിവുഡ് താരം ഡാന്‍സല്‍ വാഷിംഗ്ടണ്ണിന്റെ വാക്കുകള്‍ക്കൊപ്പമാണ് പൃഥ്വി ചിത്രം പങ്കുവെച്ചത്.
“At your highest moment…be careful. That’s when the DEVIL comes for you!” – Denzel Washington.#L2pic.twitter.com/epWLxWI1ax
— Prithviraj Sukumaran (@PrithviOfficial) March 28, 2022
ഹോളിവുഡിലെ ഏറ്റവും പ്രഗത്ഭനായ അഭിനേതാവും ക്ലാസിക് സ്റ്റാര്‍ഡം എന്ന വാക്കിന്റെ മിറര്‍ ഇമേജുമായ വാഷിംഗ്ടണ്ണിന്റെ വാക്കുകള്‍ക്കൊപ്പം പോസ്റ്റ് പങ്കുവെച്ചതോടെ അണിയറയില്‍ ഒരുങ്ങുന്നത് ഒരൊന്നൊന്നര ഐറ്റം തന്നെയാണെന്ന സൂചനയാണ് പൃഥ്വി നല്‍കുന്നത്.
അതേസമയം, ആരാധകര്‍ ഏറെ ആവേശത്തോടെയാണ് എമ്പുരാന് വേണ്ടി കാത്തിരിക്കുന്നത്. ലൂസിഫറിന്റെ ഗംഭീര വിജയവും മാസ് റോളിലുള്ള ലാലേട്ടന്റെ നിറഞ്ഞാട്ടവും വീണ്ടും ആവര്‍ത്തിക്കുമെന്നുതന്നെയാണ് ആരാധകര്‍ കണക്കുകൂട്ടുന്നത്.
മഞ്ജു വാര്യര്‍, ബോളിവുഡ് താരം വിവേക് ഒബ്റോയി, ടൊവിനോ തോമസ്, സായ് കുമാര്‍, നൈല ഉഷ, ഇന്ദ്രജിത് തകുടങ്ങിയ വന്‍ താരനിരയായിരുന്നു ലൂസിഫറിന്റെ ഭാഗമായുണ്ടായിരുന്നത്. ഒന്നാം ഭാഗത്തിലെ മിക്ക താരങ്ങളും എമ്പുരാനിലും ഉണ്ടാവും എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് എമ്പുരാന്‍. ചിത്രത്തിന്റെ ആദ്യഭാഗമായ ലൂസിഫറിലൂടെയായിരുന്നു താരം സംവിധാന രംഗത്തേക്ക് കാലെടുത്ത് വെച്ചത്. പൃഥ്വിയുടെ രണ്ടാമത് ചിത്രമായ ബ്രോ ഡാഡിയിലും മോഹന്‍ലാല്‍ തന്നെയായിരുന്നു നായകന്‍.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്.