ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കുമെന്ന് ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍. കഴിഞ്ഞ തവണ 40+ ഗോളുകള്‍ നേടിയിട്ടും ടീം ട്രോഫികള്‍ നേടാന്‍ സാധിക്കാതെ പോയതാണ് തനിക്ക് തിരിച്ചടിയായതെന്നും താരം പറഞ്ഞു.
പ്രീമിയര്‍ ലീഗില്‍ നിന്നും ബുണ്ടസ് ലീഗ വമ്പന്‍മാരായ ജര്‍മന്‍ ജയന്റ്‌സ് ബയേണ്‍ മ്യൂണിക്കിലേക്ക് മാറിയതോടെ പുരസ്‌കാരം നേടാനുള്ള സാധ്യതകള്‍ വര്‍ധിച്ചതായും കെയ്ന്‍ അഭിപ്രായപ്പെട്ടു.
വേള്‍ഡ് കപ്പ് ക്വാളിഫയേഴ്‌സില്‍ അല്‍ബേനിയക്കെതിരായ മത്സരത്തിന് മുമ്പ് മാധ്യമങ്ങളെ കാണവെയാണ് ഹാരി കെയ്ന്‍ ബാലണ്‍ ഡി ഓറിനുള്ള തന്റെ സാധ്യതകളെ കുറിച്ച് സംസാരിച്ചത്.
‘നൂറ് ശതമാനവും. കഴിഞ്ഞ സീസണില്‍ പുരസ്‌കാരം നേടാനുള്ള സാധ്യതകളുണ്ടായിരുന്നു. നാല്‍പ്പതിലേറെ ഗോളുകള്‍ ഞാന്‍ സ്വന്തമാക്കി, എങ്കിലും ടീം ട്രോഫികള്‍ സ്വന്തമാക്കാത്തതിനാല്‍ ഞാന്‍ ബാലണ്‍ ഡി ഓര്‍ നേടില്ല എന്ന് എനിക്കുറപ്പായിരുന്നു.
സ്പര്‍സിനൊപ്പമായിരിക്കുമ്പോള്‍ (ടോട്ടന്‍ഹാം ഹോട്‌സ്പര്‍) ബാലണ്‍ ഡി ഓറില്‍ ഞാന്‍ പത്താം സ്ഥാനത്താണ് എത്തിയത്. ആ സീസണില്‍ എനിക്ക് സാധ്യമായ ഉയരത്തിലായിരുന്നു അത്,’ കെയ്ന്‍ പറഞ്ഞു.
അതേസമയം, ബുണ്ടസ് ലീഗയില്‍ കിരീടത്തിലേക്കുള്ള കുതിപ്പിലാണ് ബയേണ്‍ മ്യൂണിക്. എട്ട് മത്സരം ശേഷിക്കെ രണ്ടാമതുള്ള ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍, ബയേര്‍ ലെവര്‍കൂസനെക്കാള്‍ ആറ് പോയിന്റിന്റെ ലീഡാണ് ബയേണിനുള്ളത്.
ബയേണ്‍ മ്യൂണിക്കിനെ സംബന്ധിച്ച് നഷ്ടപ്പെട്ട കരീടം തിരിച്ചുപിടിക്കലാണെങ്കില്‍ കരിയറിലെ ആദ്യ കിരീമാണ് ഹാരി കെയ്ന്‍ ലക്ഷ്യമിടുന്നത്.
26 മത്സരത്തില്‍ നിന്നും 19 ജയവും അഞ്ച് സമനിലയും രണ്ട് ജയവുമായി 62 പോയിന്റാണ് ബയേണിനുള്ളത്. 21 ഗോളുകളുമായി ഗോള്‍വേട്ടക്കാരില്‍ ഒന്നാമനാണ് ഹാരി കെയ്ന്‍. രണ്ടാമതുള്ള ലെവര്‍കൂസന്റെ പാട്രിക് ഷിക്കിനേക്കാള്‍ നാല് ഗോളുകളാണ് കെയ്‌നിന് അധികമുള്ളത്.
മാര്‍ച്ച് 29നാണ് ബുണ്ടസ് ലീഗയില്‍ ബയേണ്‍ അടുത്ത മത്സരത്തിനിറങ്ങുന്നത്. സ്വന്തം തട്ടകമായ അലയന്‍സ് അരീനയില്‍ എഫ്.സി. സെന്റ് പോളിയെയാണ് ടീമിന് നേരിടാനുള്ളത്.
നാളെ പുലര്‍ച്ചെയാണ് ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഹാരി കെയ്‌നിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ട് അല്‍ബേനിയക്കെതിരെ ആദ്യ മത്സരത്തിനിറങ്ങുന്നത്. വെംബ്ലി സ്‌റ്റേഡിയമാണ് വേദി.
അല്‍ബേനിയക്ക് പുറമെ അന്‍ഡോറ, ലാവിറ്റ, സെര്‍ബിയ ടീമുകളാണ് ഇംഗ്ലണ്ടിനൊപ്പം ഗ്രൂപ്പ് കെ-യിലുള്ളത്.
Content Highlight: England captain Harry Kane about winning Ballon d’Or