Entertainment
മറ്റൊരു നടനും ചെയ്യാത്ത കാര്യം മുരളിച്ചേട്ടന്‍ ചെയ്തു; ആ ധൈര്യത്തില്‍ ഞാന്‍ അഭിനയിച്ചു: ലാല്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ലാല്‍. മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ അദ്ദേഹം സംവിധായകന്‍ സിദ്ദീഖിനൊപ്പവും മലയാളത്തിന് നിരവധി സിനിമകള്‍ സമ്മാനിച്ചിരുന്നു. ഒപ്പം ഒരുപാട് സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

1997ല്‍ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തില്‍ പനിയന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു ലാല്‍ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് സംവിധാനം നിര്‍ത്തി അദ്ദേഹം അഭിനയവുമായി മുന്നോട്ട് പോകുകയായിരുന്നു.

ഇപ്പോള്‍ നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ കളിയാട്ടത്തില്‍ അഭിനയിച്ചതിനെ കുറിച്ച് പറയുകയാണ് ലാല്‍. ആ സിനിമയില്‍ അഭിനയിക്കാന്‍ തന്നെ വിളിച്ചപ്പോള്‍ ശരിയാകില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞതാണെന്നാണ് അദ്ദേഹം പറയുന്നത്.

അവസാനം കംഫര്‍ട്ടബിളാകുകയാണെങ്കില്‍ മാത്രമേ കണ്ടിന്യു ചെയ്യൂവെന്ന് പറഞ്ഞുവെന്നും തനിക്ക് പകരം ഒരാളെ കണ്ടുവെയ്ക്കണമെന്ന് പ്രത്യേകം ആവശ്യപ്പെട്ടുവെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു. അതോടെ സംവിധായകന്‍ നടന്‍ മുരളിയെ സമീപിച്ചുവെന്നും അദ്ദേഹം പറയുന്നു.

‘ഫാസില്‍ സാറിന്റെ കൂടെ എത്രയോ പടങ്ങളില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. സ്വന്തമായി സംവിധാനം ചെയ്തു. അപ്പോഴൊന്നും അഭിനയിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലായിരുന്നു എന്നതാണ് സത്യം.

ജയരാജിന്റെ കളിയാട്ടത്തില്‍ അഭിനയിക്കാന്‍ എന്നെ വിളിച്ചപ്പോള്‍ ശരിയാകില്ലെന്ന് പറഞ്ഞ് ഞാന്‍ ഒഴിഞ്ഞതാണ്. അതിനുള്ള കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നില്ല. എന്നാലും അവസാനം ചെയ്യാമെന്നൊരു തീരുമാനത്തിലെത്തിയിരുന്നു.

രണ്ടുദിവസം വന്നുനോക്കാം, കംഫര്‍ട്ടബിളാകുകയാണെങ്കില്‍ മാത്രമേ കണ്ടിന്യു ചെയ്യൂ. എനിക്ക് പകരം ഒരാളെ കണ്ടുവെയ്ക്കണമെന്ന് ഞാന്‍ പ്രത്യേകം പറഞ്ഞു. ജയരാജ് നടന്‍ മുരളിച്ചേട്ടനെ കണ്ട് വിവരം പറഞ്ഞു.

പുതിയൊരാളെ വെച്ച് ചെയ്യുകയാണ്. അയാള് ശരിയായില്ലെങ്കില്‍ വന്നു ചെയ്തു തരണമെന്ന് പറയുമ്പോള്‍ ഒരാളും സമ്മതിച്ചുതരുന്ന കാര്യമല്ല. മുരളിച്ചേട്ടന്‍ വലിയ മനസുള്ള ആളായതുകൊണ്ട് സമ്മതിച്ചു.

നിങ്ങള്‍ ധൈര്യമായിട്ട് പൊയ്‌ക്കോ. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ എന്നെ വിളിച്ചോ. ഞാന്‍ വന്നോളാമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഞാന്‍ ആ പടത്തില്‍ അഭിനയിക്കാന്‍ പോകുന്നത്. ആദ്യത്തെ രണ്ടുദിവസം ഒന്നും ശരിയായില്ല. മൂന്നാമത്തെ ദിവസം കുറച്ച് ബെറ്ററായി. അങ്ങനെ ഞാന്‍ കണ്ടിന്യൂ ചെയ്യാമെന്ന് പറഞ്ഞു,’ ലാല്‍ പറഞ്ഞു.

Content Highlight: Actor Lal Talks About Murali And His First Film Kaliyattam