നടന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നിങ്ങനെ കൈവെച്ച മേഖലകളിലെല്ലാം തന്റെ കൈയൊപ്പ് പതിപ്പിച്ച താരമാണ് പൃഥ്വിരാജ് സുകുമാരന്‍ . കരിയറിന്റെ തുടക്കകാലത്ത് നേരിട്ട സൈബര്‍ ബുള്ളിയിങ്ങിനെ നേരിട്ട് ഇന്‍ഡസ്ട്രിയിലെ മുന്‍നിര നടന്മാരില്‍ ഒരാളായി മാറാന്‍ പൃഥ്വിക്ക് സാധിച്ചു. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും താരം അഭിനയിച്ചു. ഏഴ് വര്‍ഷത്തോളം നീണ്ടു നിന്ന ആടുജീവിതമാണ് താരത്തിന്റെ പുതിയ ചിത്രം. ചിത്രത്തിന് വേണ്ടി പൃഥ്വി നടത്തിയ ട്രാന്‍സ്‌ഫോര്‍മേഷന്‍ വലിയ ചര്‍ച്ചയായിരുന്നു.
സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ വിജയങ്ങളെയും പരാജയങ്ങളെയും ഒരുപോലെയാണ് കാണുന്നതെന്ന് വെളിപ്പെടുത്തി. ഇങ്ങനെയൊരു ചിന്ത തനിക്ക് വന്നത് ക്ലാസ്‌മേറ്റ്‌സ് എന്ന സിനിമയുടെ വിജയത്തിന്റെ സമയത്താണെന്നും പൃഥ്വി കൂട്ടിചേര്‍ത്തു. സിനിമയുടെ വിജയവും പരാജയവും പൃഥ്വിയെ ബാധിക്കാറുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്.
‘സിനിമയുടെ വിജയവും പരാജയവും എന്നെ ബാധിക്കാറില്ല. അങ്ങനെയൊരു ചിന്ത എന്റയുള്ളില്‍ വന്നത് ക്ലാസ്‌മേറ്റ്‌സ് എന്ന സിനിമ ഇറങ്ങിയപ്പോഴായിരുന്നു. ആ സിനിമയിറങ്ങി വലിയ വിജയമായി. എല്ലാവര്‍ക്കും സന്തോഷമായി. അങ്ങനെയിരിക്കുമ്പോള്‍ സിനിമയുടെ 50ാം ദിവസം ഇവിടെ വെച്ച് ആഘോഷിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ദുബായിലെ ഒരു ടീം വിളിച്ച് അവിടെ വെച്ച് ഒരു സക്‌സസ് സെലിബ്രേഷന്‍ നടത്താന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. ഞങ്ങളെല്ലാവരും രണ്ട് ദിവസം ദുബായില്‍ പോയി അടിച്ചുപൊളിച്ച് സക്‌സസ് സെലിബ്രേഷനില്‍ പങ്കെടുത്തു.
വീണ്ടും ഒരു മാസം കഴിഞ്ഞപ്പോള്‍ അമേരിക്കയില്‍ നിന്ന് ഒരു ടീം വിളിച്ചിട്ട് അവരുടെ അസോസിയേഷന്‍ ക്ലാസ്‌മേറ്റ്‌സിന്റെ സക്‌സസ് സെലിബ്രേഷന്‍ നടത്താന്‍ പ്ലാനുണ്ടെന്ന്. ഞാന്‍ ആ സമയത്ത് ആലോചിച്ചു, സിനിമ ഇറങ്ങിയിട്ട് മൂന്ന് മാസമായി. ഇതുവരെ ഇതിന്റെ സക്‌സസ് സെലിബ്രേഷന്‍ തീര്‍ന്നില്ലേ എന്ന്. അന്ന് ഞാന്‍ മനസിലാക്കിയ കാര്യമുണ്ട്. സക്‌സസ് ആയിക്കഴിഞ്ഞാല്‍ നമുക്ക് എത്രനാള്‍ വേണമെങ്കിലും അതിന്റെയുള്ളില്‍ തന്നെ നില്‍ക്കാം. അതിന് ശേഷമാണ് വിജയവും പരാജയവും എന്നെ ബാധിക്കാതെയായത്,’ പൃഥ്വി പറഞ്ഞു.
Content Highlight: Prithviraj shares about the lesson that he learnt from Classmates movie success