മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ച നടനാണ് പൃഥ്വിരാജ് സുകുമാരന്‍. 22 വര്‍ഷത്തെ കരിയറില്‍ 100ലധികം ചിത്രങ്ങളില്‍ പൃഥ്വി ഭാഗമായിട്ടുണ്ട്. അഭിനയത്തിന് പുറമെ സംവിധാനം, നിര്‍മാണം, ഗായകന്‍ എന്നീ മേഖലകളില്‍ തന്റെ സാന്നിധ്യമറിയിക്കാന്‍ പൃഥ്വിക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായ സലാറില്‍ നായകതുല്യമായ വേഷം ചെയ്ത് പൃഥ്വി എല്ലാവരെയും ഞെട്ടിച്ചിരുന്നു.
കന്നഡ ചിത്രമായ കെ.ജി.എഫിനെക്കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍. കെ.ജി.എഫ് 2വിനെക്കാള്‍ തനിക്ക് കൂടുതലായി ഇഷ്ടപ്പെട്ടത് ഒന്നാം ഭാഗമാണെന്ന് പൃഥ്വിരാജ് പറഞ്ഞു. സലാറിന്റെ ഷൂട്ടിനിടയില്‍ താന്‍ ഇക്കാര്യം പ്രശാന്ത് നീലിനോട് സംസാരിച്ചിരുന്നെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. തനിക്ക് മാത്രമല്ല, ഒരുപാട് ഫിലിംമേക്കേഴ്‌സിനെ സ്വാധീനിക്കാന്‍ കെ.ജി.എഫിന്റെ ഒന്നാം ഭാഗത്തിന് സാധിച്ചിട്ടുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.
മലയാളസിനിമയെ ബിഗ് ബി എന്ന ചിത്രം മാറ്റിമറിച്ചതുപോലെ കന്നഡ ഇന്‍ഡസ്ട്രിയെ മാറ്റിമറിക്കാന്‍ കെ.ജി.എഫ് 1ന് സാധിച്ചെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. അതുവരെ കണ്ടുവന്നിരുന്നു മേക്കിങ് രീതികളെ അപ്പാടെ മാറ്റിമറിച്ച സിനിമയാണ് കെ.ജി.എഫ് എന്നും ആ സിനിമയുടെ സ്റ്റൈലും യഷിന്റെ പെര്‍ഫോമന്‍സും തന്നെ അത്ഭുതപ്പെടുത്തിയെന്നും പൃഥ്വിരാജ് പറഞ്ഞു. ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.
‘കെ.ജി.എഫ് 1 എനിക്ക് ഒരുപാട് ഇഷ്ടമുള്ള സിനിമയാണ്. ഇന്നും എനിക്ക് രണ്ടാം ഭാഗത്തെക്കാള്‍ ഇഷ്ടം ഒന്നാം ഭാഗമാണ്. സലാറിന്റെ ഷൂട്ടിനിടയില്‍ ഞാന്‍ ഇക്കാര്യം പ്രശാന്തിനോട് പറഞ്ഞിട്ടുണ്ട്. ആ സിനിമയുടെ കഥയെക്കാളുപരി അതിന്റെ ഏസ്‌തെറ്റിക്‌സും സ്റ്റൈലും യഷിന്റെ പെര്‍ഫോമന്‍സും കണ്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയിട്ടുണ്ട്. എന്നെ മാത്രമല്ല, ഒരുപാട് ഫിലിംമേക്കേഴ്‌സിനെ സ്വാധീനിക്കാന്‍ ആ സിനിമക്ക് സാധിച്ചു.
മലയാളസിനിമക്ക് ബിഗ് ബി എങ്ങനെയാണോ, അതുപോലെയാണ് കന്നഡ ഇന്‍ഡസ്ട്രിക്ക് കെ.ജി.എഫ്. കാരണം, അതുവരെ നമ്മള്‍ പഠിച്ചുവെച്ച സകല രീതികളില്‍ നിന്നും മാറി ഒരു സിനിമാ എക്‌സ്പീരിയന്‍സ് തന്ന ഒന്നായിരുന്നു ബിഗ് ബി. നമ്മള്‍ ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങളാണ് ഈ രണ്ട് സിനിമയില്‍ നിന്നും കിട്ടിയത്. രണ്ട് സിനിമകളെയും മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ഒന്നാണ്,’ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.
Content Highlight: Prithviraj says KGF part 1 influenced Kannada industry very deeply