Entertainment news
'റീമേക്കുകളുടെ കാലം കഴിഞ്ഞു'. ഇതായിരിക്കും ഇനി ഇന്ത്യന്‍ സിനിമയുടെ ഭാവി: പൃഥ്വിരാജ്
എന്‍ ആര്‍ ഐ ഡെസ്ക്
2022 Jun 30, 04:58 am
Thursday, 30th June 2022, 10:28 am

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് കടുവ. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ ചിത്രത്തിന്റെ റിലീസിനുവേണ്ടി കാത്തിരിക്കുകയാണ്. നീണ്ട ഇടവേളക്ക് ശേഷം ഷാജി കൈലാസ് സിനിമാരംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്.

ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട്
സിനിമ എക്‌സ്പ്രസ് എന്ന യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യന്‍ സിനിമയില്‍ ഭാവിയില്‍ സംഭവിക്കാന്‍ സാധ്യതയുള്ള മാറ്റങ്ങളെ പറ്റി പറയുകയാണ് പൃഥ്വിരാജ്.

ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ നിര്‍മാണ കമ്പനികള്‍ സിനിമകള്‍ നിര്‍മിക്കുന്ന കാലത്തേക്ക് എത്തുമെന്നും അത് ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിക്ക് മൊത്തത്തില്‍ വലിയ വളര്‍ച്ച സമ്മാനിക്കുമെന്നുമാണ് പൃഥി പറയുന്നത്.

‘റീമേക്കുകളുടെ കാലം കഴിഞ്ഞു ഇനി ഏതൊരു ഭാഷയില്‍ ഇറങ്ങുന്ന സിനിമയ്ക്കും ഭാഷക്കപ്പുറം കാഴ്ചക്കാരുണ്ടാകും, ഞാന്‍ കെ.ജി.എഫ് രണ്ടാം ഭാഗവുമായി സഹകരിച്ചത് കൊണ്ടാണ് അവര്‍ ഒരു മലയാള സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നത്. അതുപോലെതന്നെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനും എല്ലാ ഭാഷയിലും ചിത്രങ്ങള്‍ ചെയ്യാന്‍ കഴിയും. വിക്രം നിര്‍മിച്ച രാജ് കമല്‍ ഇന്റര്‍നാഷണല്‍ മലയാള സിനിമകള്‍ ചെയ്യണമെന്നും എനിക്ക് ആഗ്രഹമുണ്ട്. ഇത്തരത്തില്‍ ഭാഷക്ക് അപ്പുറമുള്ള സഹകരണമാണ് ഇന്ത്യന്‍ സിനിമയെ വളര്‍ത്തുക. ഇത് തന്നെയാണ് ഭാവി എന്നാണ് ഞാന്‍ കരുതുന്നത്,’ പൃഥി പറയുന്നു.

മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് കടുവ നിര്‍മിക്കുന്നത്. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് വില്ലന്‍ വേഷത്തില്‍ എത്തുന്ന മലയാള ചിത്രം കൂടിയാണ് കടുവ. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. ജൂണ്‍ 30ന് റിലീസ് ചെയ്യാനിരുന്ന ചിത്രം പിന്നീട് ജൂലൈ ഏഴിലേക്ക് മാറ്റിവെക്കുകയായിരുന്നു. ‘ചില അപ്രതീക്ഷിത കാരണങ്ങള്‍ കൊണ്ടാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീട്ടുന്നതെന്നും സിനിമ ഇനി ജൂലൈ ഏഴിന് റിലീസ് ചെയ്യുമെന്നും’ പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.

ആദം ജോണിന്റെ സംവിധായകനും ‘ലണ്ടന്‍ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്സ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് ‘കടുവ’യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജേക്ക്സ് ബിജോയ്യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

Content Highlight : Prithviraj opens up about the future of Indian cinema