സ്‌കൂളില്‍ പഠിക്കുന്ന സമയത്തേ ഷാജിയേട്ടന്റെ സിനിമകള്‍ക്ക് കയ്യടിച്ചിരുന്നെന്ന് ഷാജോണ്‍; തിരുത്തുമായി പൃഥ്വിരാജ്
Movie Day
സ്‌കൂളില്‍ പഠിക്കുന്ന സമയത്തേ ഷാജിയേട്ടന്റെ സിനിമകള്‍ക്ക് കയ്യടിച്ചിരുന്നെന്ന് ഷാജോണ്‍; തിരുത്തുമായി പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 5th July 2022, 1:32 pm

ഷാജി കൈലാസിനൊപ്പം ഒരു സിനിമ ചെയ്യുകയെന്നത് തന്റെ സ്വപ്‌നമായിരുന്നെന്നും കടുവ പോലൊരു വിലിയ ചിത്രത്തില്‍ തന്നെ തനിക്ക് ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും നടന്‍ കലാഭവന്‍ ഷാജോണ്‍. കടുവ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പൃഥ്വിയും ഷാജോണും സംയുക്തയും വിവേക് ഒബ്രോയ്‌യുമടക്കമുള്ള താരങ്ങള്‍.

സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ ഷാജി കൈലാസിന്റെ സിനിമകള്‍ക്ക് കയ്യടിച്ച സ്‌കൂള്‍ കാലമാണ് തനിക്കുള്ളതെന്ന് ഷാജോണ്‍ പറഞ്ഞതോടെ അത് തിരുത്തി പൃഥ്വിരാജ് രംഗത്തെത്തുകയായിരുന്നു.

‘എങ്ങനെ, നിങ്ങളോ., ഞാന്‍ സ്‌കൂളില്‍ പഠിച്ച കാലമാണെന്നായിരുന്നു’ ചിരിച്ചുകൊണ്ടുള്ള പൃഥ്വിയുടെ കമന്റ്. ഇതോടെ ആണല്ലേ അപ്പോള്‍ ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലം എന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുകയായിരുന്നു ഷാജോണ്‍.

‘ഈ സിനിമയിലും ഞാന്‍ പൊലീസാണ്. കടുവയുടെ ഭാഗമാകാന്‍ പറ്റിയെന്ന സന്തോഷം വലുതാണ്. നമ്മള്‍ സ്‌കൂളിലും കോളേജിലും പഠിക്കുമ്പോള്‍ തിയേറ്ററില്‍ പോയി കണ്ട് കയ്യടിച്ച് നമ്മള്‍ അതുപോലെ സ്‌കൂളിലോ കോളേജിലോ പോകാന്‍ ആഗ്രഹിച്ച് എന്ന് ഷാജോണ്‍ പറഞ്ഞപ്പോള്‍ ഷാജോണിനെ തിരുത്തിക്കൊണ്ട് അതേ, ഞാന്‍ സ്‌കൂളില്‍ പഠിച്ച സമയം എന്ന് പറഞ്ഞ് പൃഥ്വി രംഗത്തെത്തി.

ഓ..ശരിയാ അപ്പോള്‍ ഞാന്‍ കോളേജ് കഴിഞ്ഞ സമയം അല്ലേ എന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുകയായിരുന്നു ഷാജോണ്‍. ഷാജി സാറിന്റെ സിനിമയില്‍ ഭാഗമാകുകയെന്നാല്‍ രസമാണ്. അടിപ്പടം എന്ന് പറഞ്ഞാല്‍ ഒരാറടിയാണ്. ആറടിയില്‍ ഒരെണ്ണത്തില്‍ ആദ്യ അവസാനം എനിക്ക് പങ്കെടുക്കേണ്ടി വന്നു. അതിന്റെ ഒരു ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല എന്നതാണ് സത്യം.

ഈ സിനിമ തിയേറ്ററില്‍ കാണാന്‍ കാത്തിരിക്കുകയാണ്. വലിയ സ്വപ്‌നമായിരുന്നു ഷാജി സാറിനൊപ്പം ഒരു സിനിമ. അത് ഇപ്പോഴാണ് സാധ്യമായത്. പിന്നെ ലാലേട്ടനും രാജുവിനുമെല്ലാമൊപ്പം ഫൈറ്റ് ചെയ്യുമ്പോള്‍ നമുക്ക് ധൈര്യമാണ്. അടി അങ്ങനെയൊന്നും നമ്മുടെ ദേഹത്ത് കൊള്ളില്ല. രാജു ഇങ്ങനെ ചെയ്യുമോ എന്ന് ചോദിച്ചാല്‍ നമുക്ക് ധൈര്യമായിട്ട് അതിന് സമ്മതം പറയാം. കാരണം നമുക്കറിയാം നമുക്കൊന്നും പറ്റില്ല എന്ന്.

പിന്നെ എയറിലായിരുന്നു ഞാന്‍. കയറിയില്‍ക്കെട്ടി തൂക്കിയിട്ടിരിക്കുകയായിരുന്നു മാസ്റ്റര്‍. എനിക്കാണെങ്കില്‍ പേടിയായിരുന്നു. രാജു പറയും ഒന്നും പറ്റില്ല ചേട്ടാ ഇങ്ങനെ നിന്നോ ആ ദൂരത്ത് നിന്നോ എന്നൊക്കെ. അങ്ങനെ ചെയ്താല്‍ നമുക്ക് സേഫ് ആയി വീട്ടില്‍ പോകാം. തിയേറ്ററില്‍ ഇരുന്ന് വിസിലടിച്ച് കാണാന്‍ പറ്റുന്ന പക്കാ അടിപ്പടം തന്നെയാണ് ഇത്. ധൈര്യമായിട്ട് തിയേറ്ററിലേക്ക് പോകാം, ഷാജോണ്‍ പറഞ്ഞു.

വലിയ രീതിയിലുള്ള പ്രൊമോഷനാണ് കടുവക്കായി നടക്കുന്നത്. വിദേശ രാജ്യങ്ങളിലേതുള്‍പ്പെടെയുള്ള നഗരങ്ങളില്‍ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ നടന്നിരുന്നു.

Content highlight: Prithviraj and shajon comment about shaji kailas goes viral kaduva promotion