ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരമാണ് നടക്കാനിരിക്കുന്നത്. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.
രണ്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവുമായാണ് ബെംഗളൂരു സീസണിലെ ആദ്യ ഹോം മത്സരത്തിനിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും സതേണ്‍ ഡെര്‍ബിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും തോല്‍പ്പിച്ചിരുന്നു. തുടര്‍ച്ചയായ മൂന്നാം വിജയവും പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയുമാണ് റോയല്‍ ചലഞ്ചേഴ്‌സിന്റെ ലക്ഷ്യം.
അതേസമയം, തോറ്റ് തുടങ്ങിയ ഗുജറാത്ത് ടൈറ്റന്‍സും തുടര്‍ച്ചയായ വിജയം തന്നെയാണ് നോട്ടമിടുന്നത്. ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്സിനോട് ടൈറ്റന്‍സ് തോല്‍വി വഴങ്ങിയിരുന്നു. രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 36 റണ്‍സിന്റെ വിജയം ഗില്ലും സംഘവും കരസ്ഥമാക്കിയിരുന്നു.
ഇപ്പോള്‍ ഈ മത്സരത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ബെംഗളൂരു പരിശീലകനുമായിരുന്ന സഞ്ജയ് ബാംഗര്‍. റോയല്‍ ചലഞ്ചേഴ്സ് ആഴത്തില്‍ ബാറ്റ് ചെയ്യുന്നെന്നും അവരുടെ ബാറ്റിങ് യൂണിറ്റ് ശക്തമാണെന്നും ബാംഗര്‍ പറഞ്ഞു. ബെംഗളൂരുവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ബൗളിങ് മികച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാല്‍ ബെംഗളൂരുവില്‍ ആര്‍.സി.ബി ബാറ്റിങ്ങും ജി.ടി ബൗളിങ്ങും തമ്മിലായിരിക്കും മത്സരമെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു സഞ്ജയ് ബാംഗര്‍.
‘റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ആഴത്തില്‍ ബാറ്റ് ചെയ്യുന്നു. അവരുടെ ബാറ്റിങ് യൂണിറ്റ് ശക്തമാണ്. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ അവര്‍ മികച്ച പ്രകടനം കാഴ്ച വെച്ചു. അവര്‍ക്കെതിരെ 190 റണ്‍സ് മറികടന്നു.
മറുവശത്ത്, ആര്‍.സി.ബിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ബൗളിങ് ശക്തമാണ്. ബെംഗളൂരുവില്‍ ആര്‍.സി.ബി ബാറ്റിങ്ങും ജി.ടി ബൗളിങ്ങും തമ്മിലായിരിക്കും മത്സരം,’ ബാംഗര്‍ പറഞ്ഞു.
Content Highlight: IPL 2025: RCB vs GT: Former Indian Cricketer Sanjay Bangar Opines About Most Awaited Match