Entertainment
എമ്പുരാനിലെ ആ ഒരു ഷോട്ട് പൃഥ്വിക്ക് അത്രയും പ്രധാനപ്പെട്ടതായിരുന്നു, ഞാന്‍ വൗ എന്ന് പറഞ്ഞ ഏക ഷോട്ടും അതാണ് : സുജിത് വാസുദേവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 02, 09:02 am
Wednesday, 2nd April 2025, 2:32 pm

എമ്പുരാന്‍ സിനിമയിലെ വളരെ പ്രധാനപ്പെട്ട ഒരു ഷോട്ടിനെ കുറിച്ചും അത് ചിത്രീകരിച്ച രീതിയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സിനിമാറ്റോഗ്രാഫര്‍ സുജിത് വാസുദേവ്.

തുടക്കം മുതല്‍ തന്നെ പൃഥ്വിരാജ് ഏറെ പ്രതീക്ഷ വെച്ച ഒരു ഷോട്ടായിരുന്നു അതെന്നും ആ ഷോട്ട് എടുത്തു കഴിഞ്ഞ്, തങ്ങള്‍ വിചാരിച്ച ടൈമിങ്ങില്‍ അത് കിട്ടിയപ്പോള്‍ ഏറെ സന്തോഷം തോന്നിയെന്നും സുജിത് പറയുന്നു.

ഇതുവരെ ചെയ്ത ഒരു സിനിമയിലും ഒരു ഷോട്ട് കഴിഞ്ഞ ശേഷം താന്‍ അത്രും അര്‍മാദിച്ചിട്ടില്ലെന്നും എന്നാല്‍ പൃഥ്വി മനസില്‍ കണ്ട പോലെ ആ ഷോട്ട് എടുക്കാന്‍ പറ്റിയപ്പോള്‍ കാര്യങ്ങള്‍ തന്റെ കൈവിട്ടുപോയെന്നും സുജിത് പറയുന്നു.

ഇറാഖിലെ പള്ളിയില്‍ വെച്ച് കാണിക്കുന്ന ബ്ലാസ്റ്റിങ് രംഗത്തെ കുറിച്ചായിരുന്നു സുജിത് സംസാരിച്ചത്.

‘ നമ്മള്‍ കാണുന്ന എല്ലാ സിനിമകളും ഇങ്ങനെയുള്ള ഹ്യൂജ് പരിപാടികള്‍ സെറ്റിനകത്താണ് സംഭവിക്കുക. ചിലര്‍ പകുതി സെറ്റിട്ടിട്ട് ബാക്കി വി.എഫ്.എക്‌സ് ചെയ്യുകയാണ് ചെയ്യുക.

ഞങ്ങള്‍ ഇത് ഫുള്‍ സെറ്റിട്ടു. കാരണം അവിടെ നമുക്ക് കുറേയധികം ആവശ്യമുണ്ടായിരുന്നു. ആ കാണുന്ന ഹൈറ്റില്‍ തന്നെയായിരുന്നു സെറ്റിട്ടത്.

പൃഥ്വിരാജ് എന്ന സംവിധായകന്റെ കണ്‍വിക്ഷനാണ് പള്ളിയുടെ ഉള്ളില്‍ റേ ലൈറ്റാണ് വേണ്ടതെന്നും അധികം ബ്രൈറ്റ് ആകരുത് എന്നതും.

ഇങ്ങനെ ഒരു വലിയ സിനിമയ്ക്ക് അകത്ത് ചെറിയ കാര്യങ്ങള്‍ ചെയ്തിട്ട് കാര്യമില്ല.

വലിയ സെറ്റാണ്. ആറോ ഏഴോ വലിയ ക്രെയിനുകള്‍ അതിന്റെ പിറകില്‍ കൊണ്ടുവെച്ചിട്ട് ലൈറ്റ് കയറ്റി. അതല്ലാതെ തന്നെ കുറേ പണിയെടുത്തിട്ടുണ്ട്.

ഒടുവില്‍ ആ ചര്‍ച്ച് പൊട്ടിച്ചുകളയുകയാണ്. മാത്രമല്ല അതൊരു സിംഗിള്‍ ഷോട്ടേ പറ്റൂ. അത് കഴിഞ്ഞാല്‍ പിന്നെ അതില്ല. അതായിരുന്നു ഏറ്റവും വലിയ ചലഞ്ച്.

സ്‌പെഷ്യല്‍ എഫക്ട്‌സ് ടീമൊക്കെ ആദ്യമേ വന്ന് പ്രിപ്പയര്‍ ആയിരുന്നു. മൊത്തത്തില്‍ പ്ലാനിങ് ഉണ്ടായിരുന്നു. അതുകൊണ്ടാണ് അങ്ങനെ ഒരു വിഷ്വല്‍ പ്രേക്ഷകന് കിട്ടിയത്.

രാജു ഈ സിനിമ ഫസ്റ്റ് നരേറ്റ് ചെയ്യുന്ന അന്ന് മുതല്‍ പറഞ്ഞ ഒരു ഷോട്ടാണ് അത്. എല്ലാ ഷോട്ട്‌സും ആദ്യ നരേഷന്‍ പറയുന്നത് മുതല്‍ ഉള്ളതാണ്. ഒരു ചേഞ്ചും ഉണ്ടായിരുന്നില്ല.

ഈ ഷോട്ടെന്ന് പറയുന്നത് ആദ്യം മുതല്‍ നമ്മളോട് കമ്യൂണിക്കേറ്റ് ചെയ്തുകൊണ്ടിരിക്കുന്നതാണ്. ഞാന്‍ ഇതുവരെ വര്‍ക്ക് ചെയ്ത ഒരു സിനിമയിലും ഒരു ഷോട്ട് നന്നായി എടുത്തു കഴിഞ്ഞാല്‍ വൗ വൗ എന്ന് പറഞ്ഞ് അര്‍മാദിച്ചിട്ടില്ല.

എന്നാല്‍ ഈ ഷോട്ട് സംവിധായകന്‍ എന്ന നിലയില്‍ പുള്ളി മനസില്‍ കണ്ട ഷോട്ട് അതുപോലെ നമുക്ക് കൃത്യമായി എക്‌സിക്യൂട്ട് ചെയ്യാന്‍ പറ്റിയപ്പോള്‍ എന്റെ കൈവിട്ടുപോയി.

ഇതൊരു ചെറിയ സാധനമല്ല. അത്രയും ആള്‍ക്കാരെ കോഡിനേറ്റ് ചെയ്യണം. ഒന്ന് രണ്ട് ദിവസം ആ മൂവ്‌മെന്റ്‌സ് അവര്‍ പ്രാക്ടീസ് ചെയ്തുകൊണ്ടേയിരുന്നു. അങ്ങനെ ചെയ്തില്ലെങ്കില്‍ അത് കിട്ടില്ല. 20 തവണയെങ്കിലും അവര്‍ റിഹേഴ്‌സല്‍ ചെയ്തു. അതിന് ശേഷമാണ് അതെടുക്കുന്നത്,’ സുജിത് പറയുന്നു.

Content Highlight: That one shot in Empuraan was so important to Prithvi, it was the only shot I said wow: Sujith Vasudev