World News
ട്രംപ് താരിഫ് വര്‍ധിപ്പിച്ചാലും ഞങ്ങളുടെ മുന്നില്‍ മറ്റ് ശക്തമായ വഴികളുണ്ട്: യൂറോപ്യന്‍ കമ്മീഷന്‍ മേധാവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
4 days ago
Wednesday, 2nd April 2025, 3:14 pm

പാരിസ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യു.എസിലേക്കുള്ള ഉത്പന്നങ്ങളുടെ താരിഫ് വര്‍ധിപ്പിക്കുമെന്ന ആശങ്കകള്‍ക്കിടയില്‍ പ്രതികരണവുമായി യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍. ട്രംപ് യുറോപ്യന്‍ ഉത്പന്നങ്ങള്‍ക്കുള്ള താരിഫ് ഉയര്‍ത്തിയാലും അതിനെ പ്രതിരോധിക്കാനുള്ള ശക്തമായ പദ്ധതികള്‍ യൂറോപ്യന്‍ യൂണിയന്റെ പക്കലുണ്ടെന്ന് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പ്രതികരിച്ചു.

എന്നാല്‍ നിലവിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ സംസാരിച്ച് തീര്‍ക്കാന്‍ സാധിക്കുമെങ്കില്‍ അതിനാണ് തങ്ങള്‍ മുന്‍ഗണന കൊടുക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ചര്‍ച്ചയിലൂടെയുള്ള ഒരു പരിഹാരമാണ് ഞങ്ങളുടെ ലക്ഷ്യം. പക്ഷേ ഞങ്ങള്‍ തീര്‍ച്ചയായും ഞങ്ങളുടെ താത്പര്യങ്ങളെയും, ജനങ്ങളെയും, കമ്പനികളെയും സംരക്ഷിക്കും. ഞങ്ങള്‍ക്ക് പ്രതികാരം ചെയ്യണമെന്നില്ല. പക്ഷേ അത്യാവശ്യമാണെങ്കില്‍, തിരിച്ചടിക്കാന്‍ ശക്തമായ ഒരു പദ്ധതി ഞങ്ങള്‍ക്കുണ്ട്. ഞങ്ങള്‍ അത് ഉപയോഗിക്കും,’ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിലെ പ്രസംഗത്തില്‍ വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു.

ആഗോള വ്യാപാര നിയമങ്ങള്‍ മറ്റുള്ളവര്‍ മുതലെടുത്തിട്ടുണ്ടെന്ന യു.എസ് വാദം തനിക്ക് മനസിലായെന്ന് പറഞ്ഞ ഉര്‍സുല, യൂറോപ്യന്‍ യൂണിയനെയും ഈ പ്രശ്‌നം ബാധിച്ചിട്ടുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ യൂണിയനെപ്പോലെ തന്നെ അമേരിക്കയും വ്യവസായവത്ക്കരണം പുനക്രമീകരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് തനിക്ക് മനസിലായെന്നും അവര്‍ പറഞ്ഞു.

എന്നിരുന്നാലും, താരിഫുകള്‍ അതിന്റെ ഉപഭോക്താക്കളുടെ മേല്‍ നികുതികളാണെന്നും അവ പണപ്പെരുപ്പം വര്‍ധിപ്പിക്കുമെന്നും അമേരിക്കന്‍ ഫാക്ടറികള്‍ക്ക് ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ പണം നല്‍കേണ്ടിവരുമെന്നും അതുവഴി ജോലികള്‍ നഷ്ടപ്പെടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഡൊണാള്‍ഡ് ട്രംപ് യു.എസ് ഉത്പ്പന്നങ്ങള്‍ക്കുള്ള താരിഫ് കുറയ്ക്കാന്‍ ലോകരാജ്യങ്ങള്‍ക്ക് അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കുകയാണ്. ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും ഇതുവരെ തങ്ങളുടെ താരിഫില്‍ മാറ്റം വരുത്തിയിട്ടില്ല. ഇന്ത്യ അമേരിക്കന്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് 100 ശതമാനം നികുതിയാണ് ചുമത്തുന്നതെന്ന് ഇന്നലെ വൈറ്റ് ഹൗസ് സെക്രട്ടറി കരോലിന ലെവിറ്റ് പറഞ്ഞിരുന്നു.

അതേസമയമം അമേരിക്കയുടെ സഖ്യകക്ഷിയായ ഇസ്രഈല്‍ യു.എസ് ഉത്പന്നങ്ങള്‍ക്ക് ചുമത്തിയിരുന്ന തീരുവകള്‍ പിന്‍വലിച്ചിട്ടുണ്ട്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ചുമത്തുന്ന മുഴുവന്‍ തീരുവകളും പിന്‍വലിച്ചതായി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

Content Highlight: Even if Trump increases tariffs, we have other strong options ahead of us: EU President