Entertainment
അതുവരെ പരിചയമില്ലാതിരുന്ന സംവിധായകനാണ് എനിക്ക് രണ്ട് ഹിറ്റ് വേഷങ്ങള്‍ തന്നത്: കലാഭവന്‍ ഷാജോണ്‍

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് കലാഭവന്‍ ഷാജോണ്‍. മിമിക്രിയിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് എത്തിയത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തിയ അദ്ദേഹം മുമ്പ് കൂടുതലും നര്‍മം നിറഞ്ഞ വേഷങ്ങളായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ ദൃശ്യം സിനിമയിലെ സഹദേവന്‍ എന്ന കഥാപാത്രത്തിലൂടെയാണ് തനിക്ക് സീരിയസ് റോളുകളും ചെയ്യാന്‍ കഴിയുമെന്ന് ഷാജോണ്‍ തെളിയിച്ചത്.

പിന്നീട് മികച്ച നിരവധി സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇപ്പോള്‍ സംവിധായകന്‍ ജീത്തു ജോസഫിനെ കുറിച്ച് പറയുകയാണ് കലാഭവന്‍ ഷാജോണ്‍. ദൃശ്യം സിനിമയിലെ സഹദേവനും മൈ ബോസ് എന്ന ചിത്രത്തിലെ അലിയുമാണ് തന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയ രണ്ട് കഥാപാത്രങ്ങള്‍ എന്നാണ് അദ്ദേഹം പറയുന്നത്.

ഈ രണ്ട് കഥാപാത്രങ്ങളെയും തനിക്ക് സമ്മാനിച്ചത് അതുവരെ പരിചയമില്ലാതിരുന്ന ജീത്തു ജോസഫ് ആണെന്നും ഷാജോണ്‍ പറഞ്ഞു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ ജീവിതത്തില്‍ നടന്നിട്ടുള്ള എല്ലാ നല്ല കാര്യങ്ങളും വളരെ പെട്ടെന്ന് സംഭവിച്ചതാണ്. മിമിക്രിയില്‍ നിന്ന് തുടങ്ങി ഒടുവില്‍ കലാഭവനില്‍ ചേര്‍ന്നു. അവിടുന്ന് ചെറിയ ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തുകയും മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനാകുകയും ചെയ്തു. പിന്നീട് വളരെ തിരക്കുള്ള ഒരു സിനിമാജീവിതത്തിലേക്ക് വഴിമാറി.

അതൊന്നും സത്യത്തില്‍ ഞാന്‍ പ്ലാന്‍ ചെയ്ത കാര്യങ്ങളേയായിരുന്നില്ല. അതെല്ലാം സംഭവിക്കുകയായിരുന്നു. എന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയ രണ്ട് കഥാപാത്രങ്ങള്‍ ഏതാണെന്ന് ചോദിച്ചാല്‍, അത് ദൃശ്യത്തിലെ സഹദേവനും മൈ ബോസിലെ അലിയുമാണ്. ആ രണ്ട് കഥാപാത്രങ്ങളെയും എനിക്ക് സമ്മാനിച്ചത് അതുവരെ പരിചയമില്ലാതിരുന്ന ജീത്തു ജോസഫ് സാറാണ്.

നിരന്തരമുള്ള ഫോണ്‍വിളികള്‍ക്കോ സോപ്പിടീലുകള്‍ക്കോ ഒന്നും സിനിമയില്‍ സ്ഥാനമില്ലെന്നാണ് എന്റെ കാഴ്ചപാട്. ചുരുക്കത്തില്‍ എന്റെ ജീവിതം എന്നെ പഠിപ്പിച്ചത് ഇതാണ്. ദൈവം ഒന്ന് നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ അത് എത്ര പ്രതിബന്ധങ്ങളെ നേരിട്ടാലും നമ്മളിലേക്ക് തന്നെ വന്നുചേരും. ഇനി അഥവാ ദൈവം വിലക്കുന്നത് ആരെക്കൊണ്ടും തരാനും ആവില്ല,’ കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.

Content Highlight: Actor Kalabhavan Shajon Talks About His 2 Hit Characters In Jeethu Joseph Movies