Film News
ഞാൻ നജീബിക്കയെ കണ്ടപ്പോൾ ചോദിച്ച ഒന്ന് രണ്ട് ചോദ്യങ്ങളുണ്ട്: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 13, 04:06 pm
Wednesday, 13th March 2024, 9:36 pm

യഥാർത്ഥ നജീബിനെ ആദ്യമായി കണ്ടപ്പോൾ ചോദിച്ച ചോദ്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നടൻ പൃഥ്വിരാജ്. സിനിമയുടെ ലാസ്റ്റ് ഷോട്ട് എടുത്തതിന് ശേഷമാണ് താൻ നജീബിനെ ആദ്യമായി കണ്ടതും സംസാരിക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.

നജീബിനെ ആദ്യമായി കണ്ടപ്പോൾ യഥാർത്ഥത്തിൽ സംഭവിച്ചതും സിനിമയിൽ ഉള്ളതും ഒരുപോലെയാണോ എന്നറിയാൻ വേണ്ടി താൻ ചോദിച്ച ചോദ്യങ്ങൾക്ക് അതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയൊന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ നടത്തിയ പ്രസ് മീറ്റിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ആടുജീവിതത്തിന്റെ ഏറ്റവും ലാസ്റ്റ് ഷോട്ട് എടുത്ത്, ഫിലിം പാക്കപ്പ് എന്ന് പറഞ്ഞതിനുശേഷമാണ് റിയൽ നജീബും റീൽ നജീബും ആദ്യമായി സംസാരിക്കുന്നത്. ആ സംസാരം ഞങ്ങൾ ഷൂട്ട് ചെയ്തിട്ടുണ്ട്. അത് ഉടനെ റിലീസ് ചെയ്യുന്നുണ്ട്. എനിക്ക് ഏറ്റവും സന്തോഷം തോന്നിയ കാര്യങ്ങൾ നിങ്ങൾ കാണാത്ത കാര്യങ്ങൾ ഞങ്ങൾ പേഴ്സണൽ സംസാരിക്കുമല്ലോ അതിലെ ഒരു കാര്യമാണ്.

ഞാൻ നജീബിക്കയെ കണ്ടപ്പോൾ ചോദിച്ച ഒന്ന് രണ്ട് ചോദ്യങ്ങളുണ്ട്. ആ സമയത്ത് ഞാൻ ഇങ്ങനെ ആയിരുന്നു ചെയ്തത് ശരിക്കും അതായിരുന്നോ എന്ന് ചോദിച്ചു. അങ്ങനെയാണ് അത് കറക്റ്റ് എന്നാണ് എന്നോട് പറഞ്ഞത്. എനിക്ക് നല്ല സന്തോഷം തോന്നിയ കാര്യമാണ്. അത് എന്റെ ക്രെഡിറ്റ് അല്ല. ബ്ലെസി ചേട്ടൻ ഇമാജിൻ ചെയ്തതും നജീബും എന്ന വ്യക്തി ആ സമയത്ത് അനുഭവിച്ച യാതനകളും സിമിലർ ആയത് ഫിലിം മേക്കറുടെ ക്രെഡിറ്റാണ്,’ പൃഥ്വിരാജ് പറഞ്ഞു.

10 വര്‍ഷത്തോളമെടുത്ത് സ്‌ക്രിപ്റ്റ് എഴുതുകയും ഏഴ് വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടിങിനുമൊടുവില്‍ ആടുജീവിതം റിലീസിന് തയാറെടുക്കുകയാണ്. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. സിനിമക്ക് വേണ്ടി പൃഥ്വി 30 കിലോയോളം കുറച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റഴിക്കപ്പെട്ട നോവലുകളില്‍ ഒന്നായ ആടുജീവിതം സിനിമാരൂപത്തില്‍ വരുന്നത് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

Content Highlight: Prithviraj about the questions asked to najeeb